Saturday, 4 April 2026

Agriculture for Sustainable Development of Kerala - കാർഷിക കേരളം പിന്നിട്ട ആറു പതിറ്റാണ്ടുകൾ

The book is an effort by Abbas, my good friend and coworker in the field of (promoting) organic farming. While I did not do much of organic farming - he as a free retired person did that, while mine was more of a supportive role with our organisation, Organic Kerala. That too was his brainchild - and I am afraid, the moment he withdraws from it, it might collapse - as of now, it is not a sustainable venture. 

However, Abbas cannot be stopped - like the song by Sia, illness, lack of funds, lack of support... Abbas has been unstoppable. He traces his interest in the field from his studies of the records as a government servant involved in the dream participatory planning and development which came as an outcome of 73rd amendment of the constitution. It was a great boost to local development based on local production and participatory planning. Though the process and framework lasts on paper, the spirit is gone. It has become an appendix of the mainstream politics and local development has become secondary in the agenda. 

However, the spirit awakened by the process has left Abbas with dreams that would make him lose his sleep (as would be defined by Dr Kalam) literally. That has made him start his model biodiversity-rich (almost 50 food yielding plants) organic farm at Kanthalloor - which would fetch him 20 times the value he had paid for purchase; however, he is totally disinterested in such deals.  Rather than generating income it is a drain on his pension to travel all the way to Kanthalloor and monitor its upkeep. Perhaps that is his recreation. 

The book is mission-driven, and meant to be sharing of angst about the way in which Keralam with great development potential has taken a development turn! He feels it is not sustainable - and the regret is that it has great potential to develop as a model for sustainable development - but the political leadership in all sorts of combinations appears to be lacking; and perhaps, a lone exception he has found in this lot was Mr. P.T. Thomas, a man with a development (read, sustainable) perspective. 

Personally for me, the interest is still alive, though I don't hope or really wish to live in the God's own country any more. I would love to have the dream realised in at least one Panchayat or a locality under a local self-government (rural or urban), perhaps, under the leadership of the CMIs. But I trust that too is a dream far-stretched. 

I am glad to make this note on an Easter day, when we Christians remember the promise of Jesus of 'Life and life in abundance'. May that be true, and may we be proclaimers of that good news!

കാർഷിക കേരളം പിന്നിട്ട ആറു പതിറ്റാണ്ടുകൾ 

ആരോഗ്യം എന്ന വാക്ക് വിന്യസിപ്പിക്കുന്ന അർത്ഥം 'രോഗമില്ലാത്ത അവസ്ഥയെക്കാൾ' ഉപരിയായ ഒന്നാണ് എന്ന് തത്വത്തിൽ അംഗീകരിക്കപ്പെടുമ്പോഴും, മിക്കവാറും രോഗ നിവാരണത്തിൽ ആണ് ശ്രദ്ധയും വിഭവങ്ങളും ചെലവഴിക്കപ്പെടുന്നത്. ഈ സത്യം സാധാരണ ഗതിയിൽ അവഗണിക്കപ്പെടുന്നു. സുസ്ഥിരവികസന സംസ്കാരം ഒരു അധരവ്യായാമായിട്ടെങ്കിലും ലോകരാഷ്ട്രങ്ങൾ (ഇന്നത്തെ കാളക്കൂറ്റൻ - bully  - അമേരിക്കൻ ഐക്യനാടുകൾ ഒഴികെ) അംഗീകരിച്ചിരിക്കുന്ന ഈ കാലത്ത്, ആരോഗ്യമേഖലയെ സംബന്ധിച്ച് ഇത് സത്യമാകുന്നത് ചികിത്സാകേന്ദ്രങ്ങളും, കിടക്കകളും, പരിശീലിതരായ ചികിത്സകരും പര്യാപ്‌ത സംഖ്യയിൽ സംലഭ്യരാകുമ്പോഴല്ല, മറിച്ച്, ആരോഗ്യദായകമായ ഭക്ഷണം പര്യാപ്‌തമായ മാത്രയിൽ എല്ലാവര്ക്കും സംലഭ്യമാകുമ്പോഴാണ് (availability of safe, nutritious, affordable food for all). ഈ തിരിച്ചറിവാണ് കാക്കനാട് സഹകരണ ആശുപത്രിയുടെ പ്രവർത്തകരെ 20 വര്ഷം മുൻപ് ജൈവകേരള ഉപവിട്രസ്റ്റ് (Organic Kerala Charitable Trust) സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്. അന്ന് മുന്നോട്ടു വച്ച അപ്രായോഗികം എന്ന്  തോന്നിയ പല ആശയങ്ങളും ഇന്ന് ഭരണകൂടവും പൊതുസമൂഹവും ഉൾക്കൊണ്ടിട്ടുണ്ട് എന്നതാണ് ഇതിൻറെ പ്രവർത്തകരെ സംബന്ധിച്ച് പരിമിതമായ നേട്ടങ്ങളിൽ ഒന്ന്. 

അതിലെ ആദ്യ പടിയായി കണ്ടെത്തിയ കാര്യം സുരക്ഷിതമായ പൗഷ്ടിക ഭക്ഷണം സംലഭ്യമാക്കുക എന്നതായിരുന്നു, അതിന്നു നടപ്പുള്ള ഏക  മാർഗ്ഗം ജൈവകൃഷിയും. ഫലമായി, രണ്ടു പതിറ്റാണ്ട് നീണ്ടു നിന്ന പരിശ്രമങ്ങൾ  - പൊതുജനങ്ങളിൽ ഈ തിരിച്ചറിവ് ഉണ്ടാക്കുന്ന  ഉദ്യമങ്ങൾ - പ്രത്യേകിച്ച്, വാർഷിക പ്രദർശിനികൾ, ചർച്ചാ വേദികൾ,  കർഷക കൂട്ടായ്മകൾ, മാതൃകാ കൃഷിയിടങ്ങൾ, വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിക്കാനുള്ള പരിശ്രമങ്ങൾ, കലാലയങ്ങളെ പങ്കാളികളാക്കിയുള്ള പരിശ്രമങ്ങൾ, ആശയപ്രചാരണത്തിനായി വെബ്സൈറ്റ്, പ്രസിദ്ധീകരണങ്ങൾ എന്നിവ ഈ കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായി. പത്തോളം വരുന്ന പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഈ ഉദ്യമം - ആധുനിക മലയാള നാടിൻറെ - കേരളത്തിൻറെ - സംസ്ഥാന രൂപവത്കരണത്തിന് ശേഷം ഉള്ള ഭക്ഷ്യോത്പാദന മേഖലയിലെ വളർച്ചയും അനുഭവങ്ങളും ആണ് ഈ കൃതിയിലെ പ്രതിപാദ്യം. 

പക്ഷെ, ഈ വായന ലക്‌ഷ്യം വയ്ക്കുന്നത് ഈ മേഖലയിലെ വിജ്ഞാന കേരളത്തിൻറെ ദാരിദ്ര്യവും, കേരളം മാറിമാറി ഭരിക്കുന്ന കൂട്ടുകക്ഷികളുടെ കാപട്യവും പൊള്ളത്തരവും അവയെക്കുറിച്ച് പ്രസാധകർക്കുള്ള നൈരാശ്യവും നിസ്സഹായതയും പങ്കു വയ്ക്കുകയാണ്  എന്ന്  പറയേണ്ടിയിരിക്കുന്നു. 

ജൈവവൈവിധ്യം, അതിൻറെ പ്രാധാന്യം പൊതുവായും, ഭാരതത്തിൻറെയും കേരളത്തിൻറെയും തനത് ജൈവവൈവിധ്യങ്ങൾ  പ്രത്യേകമായും, അവതരിപ്പിക്കുന്ന ജോർജ് തോമസിൻറെ ലേഖനം ഭക്ഷ്യ സുരക്ഷയുമായി വൈവിധ്യത്തിനുള്ള ബന്ധം വ്യക്തമാക്കുന്നു.  80 ലക്ഷത്തിലധികം ജീവജാലങ്ങൾ ഉള്ളതാണ് നമ്മുടെ ഭൂമി എന്നതും അതിൽ കേവലം 20 ലക്ഷത്തോളം മാത്രമേ മനുഷ്യരാൽ രേഖപെടുത്തപ്പെട്ടിട്ടുള്ളുവെന്നും, അവയിൽ തന്നെ ഏകദേശം ഒന്നര ലക്ഷത്തോളം ജീവികൾ ഭാരതം ഭാവനമാക്കിയിട്ടുണ്ടെന്നും ഉള്ള വിവരം തന്നിൽ തന്നെ അതിവിപുലവും അത്ഭുതാവഹവും ആണ്. 

നമ്മുടെ ആഹാര ശീലങ്ങൾ കേവലം അരിയിലും ഗോതമ്പിലും കപ്പയിലും ഉരുളക്കിഴങ്ങിലും ഏതാനും പച്ചക്കറികളിലും പഴങ്ങളിലും ഒതുക്കുമ്പോൾ പ്രകൃതി ലഭ്യമാക്കുന്ന മറ്റ് ഭക്ഷ്യസാധനങ്ങളും, അവയിലൂടെ താരമാകുന്ന പോഷണങ്ങളും നഷ്ടമാവുകയാണെന്നും; ചുരുങ്ങിയ വിളയിനങ്ങളെ ആശ്രയിക്കുമ്പോൾ, അവയ്ക്കുണ്ടാകാവുന്ന ആഘാതങ്ങൾ ഭക്ഷ്യ സുരക്ഷയെ ബാധിക്കാമെന്നുമുള്ള കാര്യം ലേഖനം വ്യക്തമാക്കുന്നു. 'സംരക്ഷക കർഷകർ' എന്ന ചുരുക്കം സുമനസുകളുടെ ഉത്തരവാദിത്തമായി ഇത് പരിമിതപ്പെട്ടു കൂടാ. 

ചെറുധാന്യങ്ങൾ, നാടൻ വിളയിനങ്ങൾ എന്നിവ കണ്ടെത്തുക, അറിയുക, ഉപയോഗിക്കുക, ഭാവിക്കായി സുരക്ഷിതമാക്കുക ഇന്നത്തെ പൗരധർമ്മമായി മാറണം 

കർഷക   പ്രശ്നങ്ങൾ ഒരു വികസനപരിപ്രേക്ഷ്യത്തിൽ പരിഗണിക്കുമ്പോൾ ആദ്യം ശ്രദ്ധയാകർഷിക്കപ്പെടുന്നത് കർഷക ആത്മഹത്യയിലേക്കാണ്. 1995 മുതൽ പെരുകി കാണപ്പെടുന്ന കാർഷിക മേഖലയിലെ ആത്മഹത്യാ പ്രവണത പൊതുവിൽ ഉള്ള ആത്മഹത്യാ നിരക്കുകളുമായി ഒത്തു പോകുന്നതായി സ്ഥിതിവിവര കണക്കുകൾ അടിസ്ഥാനപ്പെടുത്തി ഡോ. മാർട്ടിൻ നിരീക്ഷിക്കുന്നു. കടബാദ്ധ്യതയാണ് ഇതിലേക്ക് നയിക്കുന്നത് - പക്ഷെ അതിനു പിന്നിൽ മുഖ്യമായും നയവൈകല്യങ്ങൾ ആണ് എന്ന സത്യം അദ്ദേഹം വിശദമാക്കുന്നു. ഇന്നും കൃഷിയും കർഷകരും 'നയപരമായി' മുൻഗണനയിൽ ഇല്ല.  രാഷ്ട്രം അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാകുമ്പോൾ,  ഏറ്റവും അധികം ശിക്ഷിപ്പെടുന്നത്  കർഷകർ ആണ്.  കാലാവസ്ഥാവ്യതിയാനവും ഇതിന് വഴിയൊരുക്കുന്നു എന്നത് പലപ്പോഴും മറന്നു പോകുന്ന കാര്യമാണ്. വിള നാശം, വിലയിടിവ് - ഇവ രണ്ടും മൂലം കർഷകർ അനുഭവിക്കുന്ന കെടുതികൾ നയങ്ങളുമായി ചേർന്ന് നില്കുന്നു.  താങ്ങുവില, ഇൻഷുറൻസ്, കടാശ്വാസം എന്നീ പരിഹാരമാർഗ്ഗങ്ങൾ നിലനിൽക്കുന്നുവെങ്കിലും, അവ സാക്ഷരകേരളത്തിലും ഫലപ്രദമാകുന്നില്ല എന്ന കാര്യം കൂടുതൽ പേരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കാൻ ഇട വരൂത്തുന്നു. 

കര്ഷകരുമായുള്ള ചെറിയ ഇടപെടലുകളിൽ നിന്നും മനസ്സിൽ വരുന്ന കാര്യങ്ങൾ - (1) കർഷകർ, പ്രത്യേകിച്ചും ഭക്ഷ്യോത്പാദന മേഖലയിൽ ഉള്ളവർ, സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നവർ ആയി തീരുന്ന ഒരു സംസ്കാരം വളരേണ്ടതുണ്ട് (2) വിളവെടുപ്പ് സമയങ്ങളിൽ വിളവ് ശേഖരിച്ച് സൂക്ഷിക്കാൻ ഉള്ള പ്രാദേശിക ക്രമീകരണങ്ങൾ ലഭ്യമാകണം (3) പരസ്പരാശ്രയ പ്രാദേശിക സംഘങ്ങൾ വഴി ആവശ്യാനുസാരം കടം ലഭ്യമാകുന്ന അവസ്ഥ. (4) അടിസ്ഥാന വിദ്യാഭ്യാസത്തിൽ കൃഷിയുടെ പ്രാധാന്യത്തിലൂന്നുന്ന കൃഷി പാഠങ്ങൾ. 

കാർഷിക സർവകലാശാല പച്ചക്കറി വിഭാഗം മുൻ മേധാവി ഡോ പ്രദീപ് കുമാർ, ശുഭപ്രതീക്ഷയ്ക്ക് വക നല്കുന്ന വിവരങ്ങൾ നിരത്തുന്നു - കഴിഞ്ഞ ഒരു ദശകത്തിൽ പച്ചക്കറി ഉത്പാദനം പര്യാപ്തമല്ലെങ്കിലും ഏറിയിട്ടുണ്ട്; ഇതിൽ ആധുനിക ഗവേഷണത്തിൻറെ   ഫലങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട് എന്നിങ്ങനെ. ഒരു വ്യക്തിക്ക് പ്രതിദിനം 300 ഗ്രാം എന്ന തോതിൽ 37.6 ലക്ഷം ടൺ ഉത്പാദനം വേണ്ടിടത്ത് 19 ലക്ഷം ടൺ  ഉത്പാദിപ്പിക്കപ്പെടുന്നു.  

വിത്തിനങ്ങളുടെ പോഷണവും സംരക്ഷണവും ആണ് ഇക്കാര്യത്തിൽ ഒരു വലിയ വെല്ലുവിളിയായി ഞാൻ കാണുന്നത് .  അതോടൊപ്പം മണ്ണ് സംരക്ഷണം - മണ്ണ് പരിശോധിച്ച് പുളിപ്പുരസം അടക്കം ഗുണമേന്മ മനസ്സിലാക്കി അത് പുഷ്ടിപ്പെടുത്തുന്ന ശൈലി ഇനിയും കേരളാ കർഷകർ സ്വന്തമാക്കിയിട്ടില്ല. കൃത്യത കൃഷി മെച്ചപ്പെട്ട ഉത്പാദനത്തോടൊപ്പം കൂലിചെലവും ഇതര ചേരുവകകളുടെ ചെലവും കുറക്കാൻ സഹായിക്കുന്നു. 

ലേഖകൻ പറയുന്നതുപോലെ കൃത്യത കൃഷി, സംയോജിത കീടനിയന്ത്രണം, അധികോത്പാദനശേഷിയുള്ള വിത്തുകൾ എന്നിവയുടെ അഭാവം മൂലം  സാദ്ധ്യതയുടെ അമ്പതു ശതമാനം പോലും കേരളത്തിലെ വ്യാവസായിക കൃഷിക്കാർ ഉത്പാദിപ്പിക്കുന്നില്ല. 

വെള്ളരിയിലും പാവലിലും അതുത്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ കാർഷിക സർവകലാശാലയ്ക്ക് സാധിച്ചു എന്നത് ശുഭോദർക്കമാണെങ്കിലും, അപര്യാപ്തതകളുടെ ദുരവസ്ഥ ഉയർത്തുന്ന ചോദ്യം - ഓരോ ഗ്രാമപഞ്ചായത്തിലെ ഉള്ള നമ്മുടെ കൃഷി (ഭവനങ്ങളും) വിഭാഗവും, അനേകം പതിറ്റാണ്ടുകളായി കൃഷി അഭ്യസിപ്പിക്കുന്ന നമ്മുടെ കാർഷിക സർവകലാശാലയും എന്തെടുക്കുന്നു എന്നത് തന്നെയാണ്. തദ്ദേശീയമായ ഉത്തമ ഉത്പാദന ശേഷിയുള്ള വിത്തിനങ്ങൾ ഉത്പാദിപ്പിക്കാൻ എന്തുകൊണ്ട് വിദ്യാഭ്യാസ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന ഈ സംസ്ഥാനത്തിന് സാദ്ധ്യമല്ല? അവ തന്നെയും അന്തക വിത്തുകൾ ആകാത്ത ഒരു സാങ്കേതിക വിദ്യ സാദ്ധ്യമല്ലേ? 

ഓരോ പ്രദേശവും കേന്ദ്രീകരിച്ചുള്ള പച്ചക്കറിവിളകളുടെ ജനിതക ശേഖരം ഉണ്ടാക്കി അവയുടെ കൃഷി വ്യാപിപ്പിയ്ക്കാനുള്ള നിർദ്ദേശം ഉത്തമമായിരിക്കെ, അവ എന്തൊകൊണ്ട് ഇതുവരെ നടന്നില്ല എന്ന ചോദ്യം നിലനിൽക്കുന്നു, ഒപ്പം, ശേഖരണത്തോടൊപ്പം സമ്പുഷ്‌ടീകരണത്തിനായുള്ള സുസ്ഥിര ശ്രമങ്ങളുടെ പ്രാധാന്യവും. 

കുട്ടനാട്ടിലെ നെല്ലും പതിരും - സ്മിത ബാലൻ 

കേരളത്തിന്റെ നെല്ലറയായ കുട്ടനാട് എന്ന മണ്ണും വെള്ളവും മനുഷ്യരും, ഇതരജീവജാലങ്ങളും ചേർന്നൊരുക്കിയ അനന്യ ഭൗമ പൈതൃകം - അതിനിട വരുത്തുന്ന പ്രാകൃതികവും രാസായനികവുമായ കാരണങ്ങൾ ചിട്ടയായി അവതരിപ്പിച്ചുകൊണ്ടാണ് ആഗോള പ്രാമുഖ്യമുള്ള ഈ കാർഷിക പൈതൃക മേഖലയുടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്തെ മുരടിപ്പിൻറെ ചിത്രം സ്മിത ബാലൻ വരച്ചു കാട്ടുന്നത്. നിരന്തരം അപകടകരമാംവിധം കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗർഭജല സ്രോതസ്സുകളെ ആശ്രയിക്കുന്ന ഭാരതത്തിൻറെ ഇതര നെല്ലുത്പാദന കേന്ദ്രങ്ങളെ അപേക്ഷിച്ച് ഉപരിജലലഭ്യതയുടെ സമ്പത്ത് ഈ നെല്ലറയുടെ ഭാവി പ്രാധാന്യം വ്യക്തമാക്കുന്നു.  മനുഷ്യന്റെ താത്കാലിക ലാഭം ലാക്കാക്കിയുള്ള സമഗ്രമായ  അറിവിൻറെ  അഭാവത്തിലെ ഇടപെടൽ  വരുത്തിവച്ചിരിക്കുന്ന നാശം മാറ്റിയെടുക്കുക, ലഘൂകരിക്കുക നിസ്സാരകാര്യമല്ല.  മുളവനക്കാരിയിലെ 33.3 ഹെക്ടറിലെ വിജയകരമായ കാൽ നൂറ്റാണ്ട് പിന്നിട്ട 53 കർഷകരുടെ പാടശേഖരം ലാഭകരമായ സുസ്ഥിര കൃഷിയുടെ സാദ്ധ്യത തെളിച്ചു കാണിക്കുന്നു - ഇത് വലിയ ഒരു സാന്ത്വനം തന്നെ. കേവലം ഒന്നോ രണ്ടോ വിളകളുടെ ഉത്പാദനത്തിനത്തിനും പുറമെ, തണ്ണീർത്തട ആവാസവ്യവസ്ഥയിലെ  കൃഷിയുടെ മറ്റ് നിരവധിയായ ധർമ്മങ്ങൾ പരിഗണിച്ചുള്ള ഒരു വികസന പ്രക്രിയയിലേക്കുള്ള ലേഖികയുടെ ക്ഷണം സ്വാഗതാർഹം തന്നെ. എങ്കിലും, നയപരമായ സുസ്ഥിര സമീപനങ്ങൾ, ഏകവിളകൾ ഒഴിവാക്കിയുള്ള സംയോജിത കൃഷി രീതികൾ, ക്രമബദ്ധമായ വീണ്ടെടുപ്പ് ശ്രമങ്ങൾ, പ്രകൃതിയുമായി - മണ്ണ്, നീരൊഴുക്ക് - ചേർന്നുപോകുന്ന  ഇടപെടലുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടിപ്പിലാക്കുക, കൃഷിയിൽനിന്നും മണ്ണിൽനിന്നും ദിനംതോറും അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളിക്ക് അപ്രാപ്യം എന്ന് തന്നെ പറയേണ്ടി  വരും.

എൻെറ രണ്ട് സഹപ്രവർത്തക സുഹൃത്തുക്കൾ ചേർന്ന തയ്യാർ ചെയ്ത 'കാർഷിക കേരളം പിന്നിട്ട ആറു പതിറ്റാണ്ടുക'ളുടെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നത് കിടപ്പിലാകുംവിധം ഉള്ള കിതപ്പാണ്. ലേഖനം ചരിത്രാതീത ശിലായുഗ കാലഘട്ടം തുടങ്ങി, സുവർണ്ണ സംഘകാലത്തിലൂടെ ഓടിയും, പിന്നെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് ചാടിയും, മൈസൂർ-ബ്രിട്ടീഷ് ഭരണത്തിന്റെ ഫലങ്ങൾ കണ്ണോടിച്ചും, കേരളപ്പിറവിക്ക്‌ ശേഷം സംഭവിച്ച കൃഷി മേഖലയുടെ വളർച്ച, മുരടിപ്പ്, തളർച്ച, തകർച്ച നമ്മുടെ മുന്നിൽ നിരത്തുന്നു. 

ഇതിൽ മുഖ്യമായി നാം എത്തി ചേരുന്ന ഒരു വിഘ്നം സ്ഥലപരിമിതിയും ഉയർന്ന ജനസംഖ്യയും ചേരുന്നതാണ്.  അതോടൊപ്പം ഉത്പാദന ചെലവിനോട്  കിടപിടിക്കാത്ത വരുമാനം, വിപണിയിലെ ചാഞ്ചാട്ടങ്ങൾ, തൊഴിൽ മേഖലയിലെ പരിമിതികൾ - വരുമാനത്തോട് കിടപിടിക്കാത്ത വേതനനിലവാരം, യന്ത്രവത്കരണത്തിലെ പിന്നാക്കാവസ്ഥ, ഖണ്ഡിതമായ ഭൂമി എന്നിവ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. 

ഇന്ന് ലോകം മുഴുവനും ആയിരക്കണക്കിന് കിലോമീറ്റർ ദൂരെ, സ്വയം പങ്കാളിത്തം ഇല്ലാത്ത യുദ്ധത്തിൻറെ കെടുതികൾ അനുഭവിക്കുമ്പോൾ, ഊർജ്ജ സുരക്ഷ, ഭക്ഷ്യ സുരക്ഷ എന്നിവ അപകടത്തിൽ ആയിത്തിത്തീർന്നിരിക്കുന്ന ഒരു അവസ്ഥയിൽ നിന്ന് ചിന്തിക്കുമ്പോൾ, മറ്റൊരു ജീവിതശൈലിയുടെ - വികസന ശൈലിയുടെ ആവശ്യകതയും സാദ്ധ്യതയും കൂടി ആരായുകയും നിരത്തുകയുമാണ് ഈ പുസ്തകം വഴി ഇതിന്റെ പ്രണേതാക്കൾ ആഗ്രഹിക്കുന്നത്. 

മുൻപ് സൂചിപ്പിച്ച കാപട്യത്തിൻറെ കണക്കു പുസ്തകം ആകാൻ ഇതിന് സാധിക്കുന്നുണ്ടോ എന്നറിയില്ല. എന്നിരുന്നാലും, സ്വാതന്ത്ര്യാനന്തരം ഉണ്ടായിരുന്ന സ്ഥിതിയിൽ നിന്നും അടിസ്ഥാന ധാന്യ വിളകളുടെ കാര്യത്തിൽ വിസ്തീർണത്തിൽ അപായകരമായ കുറവും, മേൽത്തരം വിത്തിനങ്ങളുടെയും, സാങ്കേതികവിദ്യയുടെയും സഹായം ഉണ്ടായിട്ടും മൊത്തം ആവശ്യത്തിൻറെ 20 ശതമാനം പോലും ഉത്പാദിപ്പിക്കാനാവാത്ത സ്ഥിതിയും നിലനിൽക്കുന്ന  ഒരു പരാശ്രയ സമൂഹമായി കേരളസമൂഹം മാറിയിരിക്കുന്നു. 

1995ൽ തുടങ്ങിവച്ച ജനകീയാസൂത്രണം സ്വപ്നം കണ്ട പ്രാദേശിക തലങ്ങളിലേ അടിസ്ഥാന ഉത്പാദനത്തിന് വഴി തെളിക്കേണ്ട ധനവിനിയോഗം കാറ്റിൽ പറത്തിയ രണ്ടു മുന്നണികളാണ് ഇന്നും കേരളത്തെ നയിക്കുന്നത് (ഇത് പറയുമ്പോൾ പൊതുവെ മുന്നോട്ടു വയ്ക്കുന്ന ഒരു വാദം, ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനത്തേക്കാൾ എല്ലാ കാര്യത്തിലും നാം മുന്നിൽ ആണ് എന്നതാണ്. ഇത് കണ്ണടച്ച് ഇരുട്ടാക്കൽ തന്നെ. നമ്മുടെ വികസന സാധ്യതകളും, ലക്ഷ്യങ്ങളും ആയിരിക്കണം നമ്മുടെ വികസനത്തിൻറെയും വിഭവങ്ങളുടെ സദുപയോഗത്തിന്റെയും അളവ് കോൽ.) ശരാശരി 80 ലക്ഷം ക. പദ്ധതി വിഹിതമായി ലഭിക്കുന്ന കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിൽ, അതിന്റെ 40% എങ്കിലും അടിസ്ഥാന തല വികസനത്തിനാകണം എന്ന ആദ്യകാല ചിന്തയെല്ലാം എപ്പോഴേ ഇരു മുന്നണികളും മറന്നു. വോട്ടു ലക്ഷ്യമാക്കിയുള്ള പ്രീണന ക്ഷേമ പദ്ധതികളിൽ നാടിൻറെ സമ്പത്ത് ചെലവിട്ട 30 വർഷങ്ങൾ നമുക്ക് നഷ്ടപ്പെടുത്തിയത് സഹകരണത്തിലും  പരസ്പരാശ്രയത്തത്തിലും അടിസ്ഥാനപ്പെടുത്തിയ,  പ്രാദേശിക ഉത്പാദനത്തിലൂന്നിയ  സുസ്ഥിര വികസനമാണ് .

ഭരണകൂടത്തിന്റെ കീഴിൽ കാർഷിക മേഖല വികസനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 31 ഏജൻസികൾ പ്രവർത്തിക്കുന്ന എന്ന് കേൾക്കുമ്പോൾ ഒരു സാധാരാണ പൗരന് ആശ്ചര്യം തോന്നാം. (തോന്നുന്നില്ലെങ്കിലും അദ്‌ഭുതപ്പെടാനില്ല. കാരണം, കേരളത്തിലെ പ്രകൃതിവിഭവങ്ങളുടെ - മണ്ണ്, വെള്ളം, സഹ്യപർവ്വതമേഖല, കായൽ-നദീ സമ്പത്ത് - നഷ്ടവും ശോഷണവും കണ്ടിട്ടും മനസ്സിലാക്കാതെ,  മദ്ധ്യവർഗ്ഗക്കാരുടേതെന്ന് വിശേഷിപ്പിക്കാവുന്ന ഉപഭോഗത്തിലൂന്നിയ നിസ്സംഗതയുടെ ഒരു സംസ്കാരം ആണ്, കഴിഞ്ഞ നാലോ അഞ്ചോ പതിറ്റാണ്ടു കൊണ്ട് വികസിതം എന്ന് സ്വയം അഭിമാനിക്കുന്ന വിജ്ഞാന കേരളം പടുത്തുയർത്തിയത്.) ഈ 31 ഏജൻസികൾക്ക് പുറമെ കാർഷിക വികസനത്തിനായി ഓരോ ഗ്രാം പഞ്ചായത്തിലും നാല് ഉദ്യോഗസ്ഥരെങ്കിലും ഉള്ള  ഒരു കൃഷിഭവൻ, അവയെ സംയോജിപ്പിക്കാൻ ബ്ലോക്ക് തലത്തിൽ മറ്റൊരു കാര്യാലയം. അവയെ വിജ്ഞാന സാങ്കേതിക തലങ്ങളിൽ നയിക്കുവാൻ ആയിരക്കണക്കിന് ഏക്കർ കൈവശമുള്ള ഒരു സർക്കാർ കാർഷിക  സർവകലാശാല. ഇത്ര വലിയ, പ്രദേശമാസകാലം എത്തി നിൽക്കുന്ന, ഒരു സ്ഥിര സംവിധാനം ഉണ്ടായിട്ടും സുസ്ഥിര ഭക്ഷ്യോത്പാദനം അളക്കാവുന്ന രീതിയിൽ  സമയ ബദ്ധമായി  മെച്ച്ചപ്പെടുത്താൻ നമുക്കെന്തുകൊണ്ട് കഴിയുന്നില്ല എന്നത് ഒരു ആശ്ചര്യകരമായ ഒരു പ്രശ്നമായി നിലനിൽക്കുന്നു. 

വിടർത്താനാവാത്തവിധം പരസ്പര ബന്ധിതമായ ഒരു ലോകത്തിൽ നാം ആഗ്രഹിക്കയും ഉൾപ്പെടുകയും ചെയ്യാത്ത ഒരു യുദ്ധം പ്രതിസന്ധിയായി നമ്മുടെ മുൻപിൽ അവതരിക്കുമ്പോൾ, പ്രാദേശികമായ ഉത്പാദനത്തിലൂന്നുന്ന ഒരു പ്ലാൻ ബി നമുക്ക് എപ്പോഴും ഉണ്ടാകേണ്ടതല്ലേ എന്ന പൊതു ധാരണയാണ്  ഈ വായന ലക്‌ഷ്യം വയ്ക്കുന്ന ഒരു ഫലം എന്ന് തോന്നുന്നു. 

2017-21 കാലഘട്ടത്തിൽ ഖത്തർ എന്ന മരുപ്രദേശത്തെ അതിസമ്പന്നമായ ചെറു രാജ്യം സാമ്പത്തിക ഉപരോധത്തിലൂടെ ഭക്ഷ്യ സുരക്ഷ ഭീഷണി നേരിട്ടപ്പോൾ, ശക്തമായ ആസൂത്രണത്തിലൂടെ പല മേഖലകളിലും സ്വയം പര്യാപ്തതയും മറ്റു ചില മേഖലകളിൽ അതിജീവനശേഷിയും കൈവരിച്ചത് വർത്തമാനകാല അനുഭവമാണ്.  കേരളത്തിൻറെ പകുതിയോളം വരുന്ന ഭൂവിസ്താരം, എന്നാൽ തികച്ചും കൃഷിക്ക് പ്രതികൂലമായ  മണ്ണും കാലാവസ്ഥയും, കൈമുതലായുള്ള ഇസ്രായേൽ, 1950കൾക്ക് ശേഷം നേടിയ കാർഷിക ഉത്പാദനക്ഷമത വിജ്ഞാനകേരളത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ജല ദൗർലഭ്യം പരിഹരിക്കുന്ന രീതി, സാങ്കേതിക മികവിലൂടെയുള്ള അത്യുത്‌ പാദന ക്ഷമത, ഉയർന്ന വിദ്യാഭ്യാസവും പരിശീലനവും സിദ്ധിച്ച കർഷകർ, സമൂഹത്തിൽ കർഷകർക്കുള്ള മാന്യത എന്നിവ സാക്ഷര കേരളം മാതൃകയാക്കേണ്ട പാഠങ്ങളാണ്. 

പച്ചക്കറി മേഖലയിൽ കേരളം കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കൈവരിച്ച മുന്നേറ്റം നമ്മുടെ സാദ്ധ്യതയും ക്ഷമതയും വിളിച്ചോതുന്നു. 

ഖേദകരം എന്നേ പറയാൻ പറ്റൂ - AI സഹായത്തോടെ നടത്തിയ പ്രകടനപത്രികകളുടെ വിശകലനത്തിൽ നിന്നും,  സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നു മുന്നണികളും ഭക്ഷ്യ സുരക്ഷ, സാമൂഹ്യ ആരോഗ്യത്തിന് സുരക്ഷിത ഭക്ഷണം, സുസ്ഥിര വികസനം, അടിസ്ഥാന ഭക്ഷ്യോത്പാദനം, ഇവയ്‌ക്കെല്ലാം താങ്ങായി നിൽക്കുന്ന പശ്ചിമഘട്ടം, നമ്മുടെ നദീ-കായൽ ജലസമ്പത്ത് - ഇവയെല്ലാം  സംബന്ധിച്ച കാര്യങ്ങളിൽ കാര്യമായ ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല എന്ന് വേണം പറയാൻ. ഇത് നമ്മുടെ സംസ്കാരത്തെയും, വികസനനിലവാരത്തെയും കുറിച്ചുള്ള അന്ധമായ ദുരഭിമാനത്തിൻറെ ഫലം ആണെന്ന് വേണം കരുതാൻ. 

ഇസ്രായേൽ കൈവരിച്ച കാർഷിക മുന്നേറ്റം അതിലും അനായാസകരമായി, അനേകമടങ്ങ് നേടാനുള്ള ഭൂമിയും, കാലാവസ്ഥയും ഇന്നും നമുക്കുണ്ട്; വേണ്ടത് - രാഷ്ട്രീയ ഇച്‌ഛാശക്‌തിയാണ്. 

ഈ വായന എന്നിൽ ഉണർത്തുന്ന ഏതാനും ചിന്തകൾ പങ്കുവയ്ക്കുന്നു: 

  • കാർഷിക പാഠങ്ങൾ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാറ്റുക 
  • കാർഷിക വൃത്തി ബഹുമാനിക്കപ്പെടുന്ന, വിലമതിക്കപ്പെടുന്ന ഒരു നവ സംസ്കാര നിർമാണം - അതിന് ഉപോല്ബലകമായി, കർഷകരെ പിന്തുണക്കുന്ന നയങ്ങൾ - മൂലധന ലഭ്യത, സാങ്കേതിക വിദ്യ, ന്യൂനതമ വരുമാന സുരക്ഷ, വിളപരിരക്ഷാ നയങ്ങൾ 
  • കൃഷി വകുപ്പിനുള്ള പദ്ധതികളിൽ  പൊതുസമൂഹ/സന്നദ്ധ മേഖല പങ്കാളിത്തത്തിനുള്ള വഴികൾ
  • സഹകരണകൃഷി പുനര്ജീവിപ്പിക്കാനുള്ള പരിശ്രമങ്ങൾ (ഇസ്രായേൽ മാതൃകയിൽ നിന്നുള്ള പാഠങ്ങൾ).  

ഈ ശേഖരം വായനക്ക് വയ്ക്കുന്ന 'മയ്യിൽ കാർഷിക' അനുഭവം ഒരു രജതരേഖയാണ്.  പ്രാദേശിക പരിശ്രമങ്ങൾ സുസ്ഥിരതയിലേക്ക് നയിക്കാം എന്ന ഉറപ്പ്.  അതോടൊപ്പം പ്രബുദ്ധ കേരളം തത്വത്തിൽ  അംഗീകരിക്കുകയും  ദൂരക്കാഴ്ചയോടെ തയ്യാർ  ചെയ്ത എന്നാൽ നടപ്പിൽ വരുത്താത്തതുമായ 1)   ജൈവവകൃഷി നയം (2009), 2) ഭൂവിനിയോഗ നിയമം 3) തണ്ണീർ തട നിയമം എന്നിവ പ്രബുദ്ധ വായനക്കാരുടെ റഫറൻസിനായി  ചേർത്തിരിക്കുന്നു.

സുസ്ഥിര വികസിത കേരളം എന്ന സ്വപ്നം ദർശനമായും, അതിനായി ഭൂമിയുടെ സദുപയോഗവും, പ്രാദേശികതലത്തിൽ ഉള്ള ഉത്പാദനപ്രക്രിയകൾ ദൗത്യമായും കണ്ട് തയ്യാർ ചെയ്തിരിക്കുന്ന ഈ സങ്കലനം ഇതിന് മുതിരുന്നവരുടെ സുമനസ്സിനു അഭിവാദനം അർപ്പിച്ചുകൊണ്ട്,  വിജ്ഞാന കേരളത്തിന് മുന്നിൽ, അതിൻറെ വികസനസംസ്കാരത്തെ കുറിച്ച്  വലിയ ഖിന്നതയോടെ, സന്ദേഹത്തോടെ,  അവതരിപ്പിക്കുന്നു.

പ്രശാന്ത് സിഎംഐ