പിന്നീട് കുഞ്ചായൻ കടന്നു പോയി. കഴിഞ്ഞ വർഷം ഇച്ചായനും.
രണ്ടു പേരും അവരുടെ പരിമിതമായ വൃത്തങ്ങളിൽ തങ്ങളുടെ തനിമയാർന്ന ജീവിതത്തിൻറെ മുദ്ര പതിപ്പിച്ചു കടന്നു പോയി എന്നാണ് എൻറെ നിരീക്ഷണം. എഴുതപ്പെടുകയും, ആഘോഷിക്കപെടുകയും ചെയ്യാതെ പോകുന്ന അനേകം നന്മയുടെ - തനിമയുടെ സാന്നിധ്യങ്ങൾ പോലെ. പ്രകാശം പൊലിപ്പിച്ചു സ്വയം ഇല്ലാതായി തീരുന്ന കൊള്ളിമീനുകൾ!
ചിലപ്പോൾ അപ്പനെ കുറിച്ച് കുഞ്ചായനു തോന്നിയതും ഇതാവാം. ആ ഓർമ്മ നിലനില്ക്കണം എന്ന ആഗ്രഹമാകാം അപ്രകാരം ഒന്നെഴുതാൻ കുഞ്ചായനെ തോന്നിപ്പിച്ചത്.
കുഞ്ചായൻ വളരെ വ്യത്യസ്തനായ ഒരുവനായിരുന്നു. തനി സാധാരണക്കാരനെ പോലെ നടന്ന ഒരു അസാധരണക്കാരൻ. വേഷവും വാഹനവും ഒന്നുമല്ല. ചിന്താഗതി - പ്രവൃത്തി ഗതി!
തികച്ചും ന്യായമായി കിട്ടാമായിരുന്ന പൈതൃക സ്വത്ത് (വലുതായൊന്നുമില്ലെങ്കിലും) തൻറെ ജ്യേഷ്ഠനു കൂടുത്തൽ ആവശ്യങ്ങൾ ഉണ്ട് എന്ന് കണ്ടറിഞ്ഞ് വേണ്ടായെന്നു വയ്ക്കാൻ ഉള്ള വലിയ മനസ്സ്! അതിലും അപ്പുറത്ത് തൻറെ സഹോദരിക്ക് ഒരു വീട് വയ്ക്കാൻ സ്വമേധയാ മുന്നോട്ടു വന്ന് അത് ചെയ്ത് തീർക്കുന്ന വലിയ സന്മനസ്സ് - 'സഹോദരരുടെ കാവൽക്കാരാകാൻ ഉള്ള ദൈവ വിളി തിരിച്ചറിഞ്ഞ് കടന്നു പോയ ചെറിയ ഇടങ്ങളിലെ ഒരു 'തഥാഗതൻ'!.
തന്റെ അനന്തരവർക്കെല്ലാം ഒരു മെൻറെർ! അവർ ഓരോരുത്തരുടെയും, വളർച്ചയിൽ പിന്തുണയും, പ്രോത്സാഹനവും, മാർഗദർശനവും!
സർക്കാർ ഉദ്യൊഗസ്ഥനായിരിക്കെ സർഗരചനയിലും സന്തോഷം കണ്ടെത്തി. കൈക്കൂലിയെ ക്കുറിച്ചും കുഞ്ചായനു തനതായ കാഴ്ചപ്പാടായിരുന്നു. ആളുകളെ ദണ്ഡിച്ച് ഒന്നും മേടിക്കരുത് എന്നും, എന്നാൽ കിട്ടിയാൽ പോരട്ടെയെന്നും. കിട്ടിയതൊന്നും കൂട്ടിവയ്ക്കാനുള്ളതല്ലെന്നും - സന്തോഷിക്കാനും, നന്മയിലൂടെ സന്തോഷിപ്പിക്കാനും ഉള്ളതാണെന്നും!
ഇച്ചായനും കുഞ്ചായനും ആയി വളരെ പ്രത്യേകതയുള്ള ഒരു പാരസ്പര്യം ഉണ്ടായിരുന്നു.
ഇച്ചായന് കുറച്ചൊക്കെ ഇൻവെസ്റ്റ്‌മെൻറ്റ് പ്ലാൻ പറഞ്ഞു കൊടുത്തെങ്കിലും, ഇച്ചായന് അത്തരം സ്ഥായിയായ പ്ലാനുകൾ ഒന്നും നിൽക്കില്ലായിരുന്നു എന്ന് തോന്നുന്നു. തൈക്കട്ടുസ്സേരിയിലും, തുതിയൂരും കാക്കനാടും ഉണ്ടാക്കിയ ചെറിയ സമ്പാദ്യങ്ങൾക്ക് സംഭവിച്ചത് ആ നിലപാട് ആയിരുന്നിരിക്കാം.
അവർ തമ്മില്ലും ചില അകൽചകൾ ചിലപ്പോൾ എങ്കിലും ഉണ്ടായിട്ടുണ്ട് - ഒരിക്കൽ അത്തരം ഒരു സാഹചര്യത്തിൽ, കുഞ്ചായാൻ ഒരു നീണ്ട കത്ത് എഴുതുകയാണ് ചെയ്തത് - കുഞ്ചായാൻ എന്നോട് പറഞ്ഞു : ചിലപ്പോൾ ചില കാര്യങ്ങൾ നേരിട്ട് പറയുന്നതിലും നല്ലത് എഴുതുന്നതാണ് എന്ന്. ആ എഴുത്തിന് എന്ത് പറ്റി എന്ന് എനിക്കറിയില്ല.
ഇച്ചായനോ അങ്ങനെ ഒരു എഴുത്തുകാരൻ ആയിരുന്നില്ല. എഴുത്തൊക്കെ അമ്മച്ചി ആണ് എഴുതിയിരുന്നത് - ഇച്ചായൻ ഒരു വരി എഴുതിയിട്ടുണ്ടെങ്കിൽ ആയി. പക്ഷെ, എന്നോ ഒരിക്കൽ, ഇച്ചായൻ ഒരു എഴുത്ത് എഴുതി എന്നാണ് എൻറെ ഓർമ്മ. വളരെ പ്രത്യേകത ഉള്ള ഒന്നായിരുന്നു എന്നെനിക്ക് തോന്നുന്നില്ല.
പ്രവാസി - സ്ഥിരവാസി
ഇച്ചായനുമായി ഓർമ്മിക്കുന്ന ആദ്യത്തെ 'എൻകൗണ്ടെർ' വല്ലപ്പോഴും പ്രത്യക്ഷനാകുന്ന ഒരു അപരിചിതനായ അധികാരിയുടെതായിരുന്നു, ഒളിച്ചും പാത്തും ഓക്കുന്നതാണെൻറെ ഓർമ്മ. അടുത്ത ഘട്ടം, ഒട്ടൊക്കെ കളിപ്പിക്കുന്ന ഇച്ചായൻ ആണ്. അതിന് ഉപായം - സിസ്സർ സിഗരറ്റിൻറെ കൂട്. അതുപയോഗിച്ചുള്ള നിർദ്ദോഷമായ പടക്കം. പിന്നെ, ഈസ്റ്റർ - ക്രിസ്മസ് അവസരങ്ങളിലെ പടക്കം പൊട്ടിക്കലും, നക്ഷത്രം കെട്ടലും. നക്ഷത്രം,
അധികം വൈകാതെ ഞങ്ങളുടെ ഉത്തരവാദിത്തമായി. പക്ഷെ പടക്കത്തിൻറെ കണ്ട്രോൾ ഇച്ചായൻറെ പക്കൽ തന്നെയായിരുന്നു
കോഴഞ്ചേരിയിലെ വള്ളക്കാലി ആയിരുന്നു ഇച്ചായൻറെ 'ബോസ്സ്'. - അവിടെ നിന്നും പയ്യെ ഇച്ചായൻറെ സാന്നിദ്ധ്യം സ്ഥിരമായി വന്നത് ഞാൻ ഒരു 5-6 ക്ലാസുകളിൽ പഠി ക്കുമ്പോൾ ആയിരുന്നു.
അതിനിടക്ക്, ഞങ്ങളെ, രാജേട്ടനെയും എന്നെയും തന്റെ പണിസ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപൊയ്യതോർക്കുന്നു. കോന്നിയിൽ ആന കൊട്ടിലിനു സമീപം, അച്ചൻകോവിലാറിന് കുറുകെ നിര്മിക്കുന്ന പാലത്തിന്റെ മേൽനോട്ടം ഇച്ചായനായിരുന്നെന്നു തോന്നുന്നു. ഇചായാൻ ശട്ടം കേട്ടിയതനുസരിച്ച് സേവ്യർ ചേട്ടനാണ് എന്നെയും, രാജേട്ടനെയും കൊണ്ടുപോയത്. മൂന്നാം ക്ലാസ്സിൽ ആയിരിക്കണം. അത്ര മനോഹരമായ പുഴ, ചായക്കടിയിൽ ബ്രേക്ഫാസ്റ്റ്. ഉച്ചക്ക് നല്ല പച്ചക്കറി ഊണ് തൂക്കു പാത്രത്തിൽ എത്തും. പണി സ്ഥലത്തെ വിവിധ ജോലികൾ കാണുക. ഇന്നോ അന്നോ വിലമതിക്കാനവാത്ത ഒരു 'ട്രിപ്പ് ആണ് കരഗതമായത്. അതിൻറെ ഒരു സന്തോഷം എന്തുകൊണ്ട് ഞാൻ മറന്നു പോയി എന്നെനിക്കറിയില്ല.
അടുത്തത് ഒരു 'കോമ്പൻസേറ്ററി ഔട്ടിങ്ങ്' ആയിരുന്നെന്നു തോന്നുന്നു. ഓർമയില്ല . ഞാൻ മാത്രം - സേവ്യർ ചേട്ടൻറെ 'ഗയിഡൻസിൽ' തന്നെ. നെല്ലിമല അക്വഡക്റ്റ് നിർമ്മാണ സ്ഥലത്ത് ഒരാഴ്ച. പുഴ ഏതെന്ന് ഓർക്കുന്നില്ല. പക്ഷെ, ആ പണി സ്ഥലത്ത് നിന്നിരുന്ന ആഞ്ഞിലി ചക്കയും, അവയുടെ ചുളയുടെ വലുപ്പവും ഓർക്കൂന്നു. ഒരു നാലെണ്ണം പൊതിഞ്ഞെടുത്തു വീട്ടിൽ എത്തിച്ചതും. ആ സ്ഥലത്ത് ഇച്ചായൻ വന്നതായി തന്നെ ഓര്ക്കുന്നില്ല. ഉണ്ടെങ്കിൽ ഒരു പ്രാവശ്യം മാത്രം. രണ്ടെടുത്തും, ഞങ്ങൾ വല്യ ലോഹ്യം ഒന്നും കാട്ടിയില്ല. തോന്നിയുമില്ല.
എന്നും എന്ന പോലെ കാണുന്ന തീവണ്ടിക്കകത്ത് ആദ്യമായി കയറിയതും, ഗുഹയിലൂടെ തീവണ്ടി പോകുമ്പോഴുള്ള ആ പ്രത്യേക അനുഭവവും എല്ലാം - അന്നത്തെക്കാലത്ത് ഒരു പയ്യന് കിട്ടാവുന്ന വലിയ നേട്ടമാണെന്ന് ഇന്ന് തോന്നുന്നു. അതൊന്നും ഒരു വലിയ കാര്യമായി ഇച്ചായാൻ പറയുകയോ, അതിൻറെ ഒരു അടുപ്പം കാട്ടുകയോ ചെയ്തില്ല.
വീട്ടിൽ ഇച്ചായൻ സ്ഥിരമായതൊടെ, പ്രാർത്ഥനയുടെ കൺട്രോൾ ഒരു ചൂരലിൻറെ സഹായത്തോടെ ഇച്ചായാൻ ഏറ്റെടുത്തു - പക്ഷെ അതിൻറെ പ്രയോഗം ഭീഷണി ക്കപ്പുറം ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല എന്ന് പറയുമ്പോൾ, മിക്കവാറും എൻറെ സഹോദരങ്ങൾ അതൊരു വെടി പറച്ചിലാണെന്നേ വിചാരിക്കൂ. പക്ഷേ സത്യം അത് തന്നെ. എന്നെ ശിക്ഷിച്ച ഒരേ ഒരു അവസരമേ എൻറെ ഓർമയിലുള്ളൂ. - എന്തോ ചെറിയ ധിക്കാരം പറഞ്ഞതിന് കൈ കൊണ്ട് ചുമലിനോ മറ്റോ ഒരു അടി. ഞാൻ അത് തമാശാക്കി - 'തണുപ്പത്ത് നല്ല ചൂടായി' എന്ന് കോമഡി പറഞ്ഞു. ശകാരം അത്യാവശ്യത്തിനു കിട്ടിയിരിക്കുന്നു - കിഴക്ക് അറിയാത്തതിന്, ചന്തയിൽ കേട്ട വർത്തമാനം വലിയ ഗമയിൽ പറഞ്ഞതിന്, സിസ്റ്റർ ഡൊനാൾഡിനോട് വഴക്കിട്ടതിന്, മോണോ ആക്ടിന് സമ്മാനം കിട്ടിയപ്പോൾ, 'ഈ കോപ്രായത്തിനേ സമ്മാനമുള്ളൊ' എന്ന് ചോദിച്ചതും. അത്രയേ ഉള്ളൂ.
ഇച്ചായൻ ദിവസേന കുർബാനയിൽ പങ്കെടുത്തിരുന്നു. പക്ഷെ, എല്ലാ ദിവസവും, കുർബ്ബാന സ്വീകരണത്തിന് സമാപനം കുറിച്ച് പപ്പൻറെ ചായക്കടയിൽ പോയി 'കമ്പനി'ക്കാരുമൊത്ത് ഒരു ചായ കുടിക്കുമായിരുന്നു. പക്ഷെ പില്ക്കാലത്ത് ആ രീതി മാറുകയും, മുഴുവൻ കുർബ്ബാനയിലും പങ്കെടുക്കുകയും കുർബ്ബാന സ്വീകരിക്കുക്കയും ചെയ്തിരുന്നു.
ഇച്ചായാൻറെ ഫാഷൻ - കുഞ്ഞ് സ്റ്റൈൽ ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഇച്ചായൻറെ തനതു ഫാഷനെക്കുറി ച്ച് മതിപ്പ് തോന്നുന്നു. ഇച്ചായൻ പുറത്തിറങ്ങിയിരുന്നത് വളരെ വൃത്തിയായി തന്നെയായിരുന്നു. അതൊരു പ്രത്യേക സ്റ്റൈൽ ആയിരുന്നു. കോളർ ഉള്ള ഷർട്ട്, അതിൻറെ കീഴ് ഭാഗം ഒരു ജുബ്ബയുടെ കട്ട്; സൈഡ് പോക്കറ്റുകൾ ജുബ്ബ മോഡൽ; പ്ലേയിൻ ലൈറ്റ് കളർ - മിക്കവാറും ചാര, ഇളം നീല തുടങ്ങിയ കളറുകൾ. അത് അലക്കിക്കഴിഞ്ഞ് തേച്ചിരുന്നതു കടയിൽ ആയിരുന്നു. തയിച്ചിരുന്നത് മിനർവെ ടൈലേർസ് ആയിരുന്നു. കോളർ മുഷിയാതിരിക്കാൻ ആദ്യ കാലങ്ങളിൽ ഒരു തുവാല ഭംഗിയായി മടക്കി കോളറിൻറെ ഉള്ളിൽ വച്ചിരുന്നു. പിന്നെ പിന്നെ അതില്ലാതായി. ഒരു റേബാൻ ഗ്ലാസ്സും.
പക്ഷേ, ഇച്ചായൻറെ തിരിച്ച് വരവിനു ശേഷം, ചേച്ചിമാർ നിർബന്ധിച്ച് പയ്യെ കളർ ഷർട്ടുകൾ, ടെറി കോട്ടൻ ഷർട്ട് ധരിപ്പിച്ച് ഇച്ചായനെ മെയിൻ സ്ട്രീം ചെയ്യിപ്പിച്ചു. ഇച്ചായൻ അതിനൊക്കെ നിന്ന് കൊടുത്തു എന്ന് ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. ഒരു റിഗ്രെറ്റ് - ആ റേബാൻ ഗ്ലാസ്സിലും ആ ഫാഷൻ ഷർട്ടിലും ഇച്ചായൻറെ ഒരു ഫോട്ടൊ ഓർമക്കില്ല എന്നത്.
അന്നൊക്കെ ചൂടു വെള്ളത്തിൽ കുളിക്കുക ഒരു രസവും ആഡംബരവും ആയിരുന്നു. ഇച്ചായന് ചൂട് വെള്ളം ഉണ്ടാക്കിയിരുന്നു.അതിൻറെ ബാക്കി അല്ലെങ്കിൽ പുട്ടു ചുടുകയാണെങ്കിൽ അതിൻറെ വെള്ളം. ഇതായിരുന്നു നമ്മുടെ ആശ്രയം. സെമിനരി പരിശീലനം കൊണ്ട് ഞാൻ നേടിയ വലിയ സിദ്ധി ഇതൊന്നുമില്ലാതെ വളരെ എക്സ്ട്രീം സാഹചര്യങ്ങളിൽ സാധാരണ സൗകര്യങ്ങളോടെ സുഖമായി ജീവിക്കുക എന്നതാണ്.
ഇച്ചായൻ അക്കാലങ്ങളിൽ ഒരു ഇലെക്ട്രിക് ഷേവിങ്ങ് സെറ്റ് ഉപയോഗിച്ചിരുന്നു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒരേ ഒരു സുഗന്ധ ദ്രവ്യം - ഹെയർ ഓയിൽ - ഒരു ചുവന്ന ദ്രാവകം - അത് കുളി കഴിഞ്ഞ് ആണ് പ്രയോഗിക്കുക.
ആദ്യ കാലങ്ങളിൽ ഒരു ലെദെർ ചെരിപ്പ് ആയിരുന്നു - പില്ക്കാലത്ത് ഒരു ബാറ്റ പ്ലാസ്റ്റിക് ചെരുപ്പ് - ദീർഘ കാലം ഒരേ ഒരു ബ്രാൻഡ് തന്നെ ഉപയോഗിച്ചിരുന്നു. ചിലത് പഴകിയപ്പോൾ ഞാനും ഉപയോഗിച്ചിട്ടുണ്ട് - പാകം അല്ലാതിരുന്നിട്ടു കൂടി - കാലിൽ ആണി ഉണ്ടായേക്കാം എന്നാ പേടി ഉണ്ടായിരിക്കെ തന്നെ.
ഇച്ചായന് ആണിയുടെ പ്രശ്നം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. (എനിക്ക് അതുണ്ടാവുകയും, പിന്നെ ഒരിക്കൽ കാലൊടിഞ്ഞ് ദീർഘകാലം പ്ലാസ്റ്ററിൽ കാലിട്ട് തുറന്നുവന്നപ്പോൾ അത് പോവുകയും ചെയ്തു.)
ഇച്ചായനുണ്ടായ രണ്ടു കെടുതികൾ:
1) ഒരിക്കൽ നടു മിന്നി. അത് വലിയൊരു സംഭവം ആയിരുന്നു. കിടപ്പ് തന്നെ. പിന്നെ മുരിങ്ങത്തൊലി ഒക്കെ അരച്ച് വലിയ ചികിത്സയായിരുന്നു. (പില്ക്കാലത്ത് ആദ്യ മിന്ന് മിന്നിയപ്പോൾ എനിക്ക് അത് ഏകദേശം പിടി കിട്ടി. അങ്ങനെ ആരും നോക്കാനില്ലാതിരുന്നതിനാൽ പയ്യെ പയ്യെ അത് പരിചയമായി. പിന്നെ യോഗയും ഒക്കെയായി രക്ഷപെട്ടു പോരുന്നു). പിൽക്കാലത്ത് അധികം ആ അസ്കിത ഉണ്ടായതായി കേട്ടിട്ടില്ല.
2) ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പൊഴാണു ഒരു രാത്രിയിൽ ഇച്ചായാൻ വീണ് ആശുപത്രിയിൽ അഡ്മിറ്റഡാണെന്ന് അറിയിപ്പ് വന്നത്. ചെറിയ മഴയുണ്ടായിരുന്നു. എനിക്ക് അത് തീരെ ഇഷ്ടപെട്ടില്ല. ഇച്ചായൻ കുടിച്ച് വീണതാണെന്ന് ന്യായമായും ഞാൻ ഊഹിച്ചു. വലിയ അപകടം ഒന്നും ഇല്ല എന്നറിഞ്ഞതിനാൽ വലിയ സിമ്പതിയും എനിക്ക് തോന്നിയില്ല. (ആ നാളുകളിൽ ഇച്ചായൻ കുറച്ച് കുടിച്ചിരിന്നു എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ, അതിന് അമ്മചിയുടെ റിയാക്ഷൻ കാരണം കുറച്ച് പ്രശ്നമായോ എന്ന് സംശയം. ചില ദിവസങ്ങളിൽ ഞാനും കുറച്ച് വര്ക്ക്ഡ് അപ് ആയി പോയിട്ടുണ്ട്. എനിക്ക് തോന്നുന്നു, ഇത്തരം കാര്യങ്ങളിൽ കുറച്ച് കൂടി സംയമനം പ്രശ്നങ്ങൾ വഷളാക്കാതെ നോക്കും എന്ന്). പക്ഷെ, രാജേട്ടൻ ഉടനെ പുറപ്പെടാൻ ഒരുങ്ങി. എന്നാൽ ഞാനും കൂടെ എന്ന് പറഞ്ഞ് ഞങ്ങൾ ഒരുമിച്ച് കുടുക്ക പൊട്ടിച്ച് മേടിച്ച എ-വ്വൺ സൈക്കിളിൽ പുളിക്കന്റെ (Medical Trust ) ആശുപത്രിയിൽ ആദ്യമായി ചെന്നു. കൊച്ചു വര്ക്കി ച്ചായാൻ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. അവിടെ നിന്നിട്ട് കാര്യമില്ല എന്ന് അറിഞ്ഞ് ഞാൻ തിരിച്ച് പോന്നു. രാജേട്ടൻ അവിടെ നിന്നു എന്നാണെനിക്ക് തോന്നുന്നത്. അധികംവൈകാതെ ഇച്ചായൻ തിരികെ എത്തി. - ഒരു മുട്ടു ചിരട്ട ഇല്ലാതെ. അന്ന് ഒരു സിറ്റിംഗ് കമ്മോഡ് മേടിക്കാൻ ആവാത്ത കൊണ്ടോ, അതോ വേണ്ടെന്ന് വച്ചിട്ടൊ - അറിയില്ല. ഇച്ച്ചായാൻ ഒരു 'ഇമ്പ്രൊവൈസേഷൻ' നടത്തി. ഒരു സ്റ്റൂൾ ഉണ്ടാക്കി, അതിൽ ഒരു വൃത്തം മുറിച്ചെടുത്ത് അത് ഒരു മേയ്ക്ക് ഷിഫ്റ്റ് സിറ്റിംഗ് കമ്മോഡ് ആക്കി.
ഇവ വിട്ടാൽ ഇച്ചായൻ ഒരു സാമാന്യം ആരോഗ്യ പ്രദമായ ജീവിതം നയിച്ചിരുന്നു എന്ന് വേണം പറയാൻ. അവസാന വർഷങ്ങളിലെ ഓർമ്മ ക്കുറവു ( dementia) ഒഴിച്ചാൽ.
വലിയ തന്റേടിയും ബലം പിടുത്തക്കാരനും ആണെന്നായിരുന്നു എന്റെ ഒരു ധാരണ. പക്ഷെ, ആ ധാരണയ്ക്ക് മാറ്റം വന്നത് അപ്പൻ മരിച്ചപ്പോഴാണ്. ശവമഞ്ചവുമെടുത്ത് പൊട്ടിക്കരയുന്ന ഇച്ചായൻ ഒരു പുതിയ മുഖമായിരുന്നു. പിന്നീട് ഞാൻ അച്ചനാകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ആദ്യത്തെ പ്രതികരണം - പോകുന്നതു കൊള്ളാം. തിരിച്ച് വന്നാൽ മുട്ടു കാൽ തല്ലിയൊടിക്കും. പക്ഷെ എൻറെ തീരുമാനമനുസരിച്ച് CMI സഭയിൽ ചേർന്ന് ബിജ്നോർ പോകാൻ തീവണ്ടി കയറുമ്പോൾ വിതുമ്പുന്ന ഒരു സാധാരണ കാണാത്ത ഇച്ചായനെ ഞാൻ കണ്ടു. പിന്നെ ഞങ്ങൾ തമ്മിൽ അധികം കാണാൻ ഇട വന്നിട്ടില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം കഷ്ടി ഒരു മാസം വെക്കേഷന് വന്നപ്പോൾ കഴിഞ്ഞ നാളുകൾ - ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾ
പക്ഷെ, സത്യം മുഖം നോക്കാതെ പറയുന്ന ഒരാൾ, അനാവശ്യമായി ആരുടെയും വശം പിടിക്കില്ല എന്ന ഒരു മതിപ്പ് - ഇതൊക്കെ ഇച്ചായനെക്കുരിച്ചുള്ള പൊതു ധാരണയാണ്. അതിന്റെ മറു വശം ആയി പറയുന്നത് തന്റേടി , ആരെയും വക വെയ്ക്കാത്തവൻ എന്നിങ്ങനെയുള്ള ധാരണകളുമാണു. ചെറിയാൻ മാഷ് എന്ന പ്രബലനായ ചിറ്റപ്പൻ, സ്വന്തം സുഹൃത്തായ ചാക്കോച്ചൻ എന്നിവർ അത് അനുഭവിച്ചവർ ആണ്.
വീട്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിലും, അങ്ങനെയുള്ള രണ്ടവസരങ്ങളിൽ സാമാന്യ മലയാളികൾ ഉപയോഗിക്കുന്ന തത്ഭവ പ്രയോഗങ്ങൾ ഇച്ചായൻ പ്രയോഗിച്ച് ഞാൻ കേട്ടിരിക്കുന്നു. (അപ്പോഴേക്കും അക്കാര്യത്തിലൊക്കെ, വീട്ടിൽ പരിശീലനം ലഭിക്കാതിരുന്നിട്ടും, സാമാന്യത്തിൽ കവിഞ്ഞ വ്യുത്പത്തി ഞാൻ നേടി കഴിഞ്ഞിരിന്നു.)
എപ്പോഴോ, ഇച്ചായൻ ആരും പറയാതെയോ പ്രെരിപ്പിക്കാതെയൊ (അങ്ങനെ ഒരു അറിവില്ല) തൻറെ പ്രിയ സിസ്സേർസ് (പുക വലി) പൂർണമായും നിർത്തിയിരിന്നു. ഇടക്കൊക്കെ സ്റ്റൈൽ ആക്കാൻ ഉണ്ടായിരുന്ന ചുരുട്ടും പിന്നെ കണ്ടിട്ടില്ല. പിന്നെ ഏകദേശം പത്തു വർഷങ്ങൾക്കുള്ളിൽ, കുടിയും പൂർണ്ണമായി തന്നെ നിന്നു എന്ന് കരുതുന്നു. ഇടക്ക് എനിക്ക് തോന്നിയിട്ടുണ്ട്, ഇച്ചായന് ഒരു കള്ളോ മറ്റോ മേടിച്ചു കൊടുക്കണം എന്ന്. പക്ഷെ കാര്യങ്ങളുടെ യഥാർത്ഥ സ്ഥിതി അറിയാതിരുന്നതിനാൽ അത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഞാൻ തുനിഞ്ഞില്ല.
വലിയ പെരുന്നാളുകൾക്ക് പന്നിക്കറി ഉള്ളപ്പോൾ ഇച്ചായൻ എന്നെ വിട്ട് ഒരു xxx റം മേടിപ്പിക്കും. അതിന് എന്ത് പറ്റിയിരുന്നു എന്ന് എനിക്കറിയില്ല. പക്ഷെ ഞങ്ങൾക്കെല്ലാവർക്കും (ഞാൻ വരെ ഉള്ളവർക്കയിരിക്കാം), അമ്മച്ചിക്കും മേമ്പൊടിക്ക് തരും. ആരും അതിനു എതിർപ്പൊന്നും പറഞ്ഞിരുന്നതായി എനിക്കോർമ്മയില്ല. മറിച്ച് അതൊരു ആരോഗ്യകരമായ പരിപാടി ആയി തോന്നി. Perhaps that served as a healthy introduction for me to the world of wines - to which I still have a healthy attitude, of neither indulgence nor abhorrence.
ഭക്ഷണത്തെക്കുരിച്ചു ഒരു പരാതി ഇച്ചായൻ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. ഒരിക്കൽ അങ്ങനെയെന്തോ കാര്യം ഞാൻ പറയാനിട വന്നപ്പോൾ അമ്മച്ചി ഇച്ചായനെക്കുറിച്ച് വളരെ പുകഴ്ത്തി പറഞ്ഞ ഒരു കാര്യമാണ് ഇത്. ഒരിക്കലും ഒരു വിഭവത്തെക്കുറിച്ച് ഒരു അത്യാഗ്രഹമോ ആർത്തിയോ പുലർത്തിയിരുന്നതായി ഓർക്കുന്നില്ല . വർഷം ഏറും തോറും അക്കാര്യങ്ങളിൽ താല്പര്യം കുറഞ്ഞ വന്നു. വളരെ കുറച്ച് കഴിക്കുക, മറ്റ് സ്ഥലങ്ങളിൽ നിന്ന് കഴിക്കാതിരിക്കുക ഒക്കെ ആയി സ്റ്റൈൽ.
ഞായർ ഷോപ്പിങ്ങ് ഇച്ചായൻറെ ഒരു താല്പര്യ മേഖലയായിരുന്നെന്നു തോന്നുന്നു (മറ്റ് ഷോപ്പിങ്ങ് - പ്രത്യേകിച്ച് വസ്ത്രങ്ങൾ മേടിക്കുന്ന പരിപാടി - ഇച്ചായന് തീരെ താല്പര്യമില്ലാത്ത മേഖല ആയിരുന്നു). ഇറച്ചി, ചിലപ്പോൾ വലിയ കട് ല, കരൾ. ചന്തയിലെ ആളുകൾക്ക് ഇച്ചയനെ അറിയാം. അവർ നല്ല ഭാഗം തരും എന്നൊരു ധാരണയും ഉണ്ടായിരുന്നു.
മറ്റൊരു രസം, ചില പക്കങ്ങളിൽ, ചന്ദ്രൻ ഉദിക്കുന്നത് അനുസരിച്ച് വല കെട്ടിയിരുന്ന മീൻ പിടുത്തക്കരുടെ അടുക്കൽ ചെന്ന് രാത്രി വൈകിയാണെങ്കിലും വളരെ പച്ചയായ പിടക്കുന്ന മീൻ മേടിച്ച് കൊണ്ടുവന്ന് രാതി തന്നെ അത് പാകം ചെയ്ത് - മുള്ളനൊക്കെ തെളപ്പിച്ച്, വലിയ വൈഭവതോടെ അതൊക്കെ തിന്നുന്നതാണ്. Negotiating with the flat silvery മുള്ളൻ (silvery belly) was one such skill. ഏകദേശം രണ്ടു വർഷം ഇത്തരം ക്രയവിക്രയത്തിൻറെയൊക്കെ പിന്തുണ്ടർച്ചാവകാശി ഞാൻ തന്നെയായിരുന്നു.
ഇച്ചായൻറെ പരിശീലനം - on the job
ഇന്നത്തെയും അന്നത്തെയും നിലവാരത്തിന് ഇച്ചായൻ അഭ്യസ്തവിദ്യനായിരുന്നില്ല. പക്ഷെ, നാലാം ക്ലാസ് പഠിപ്പിൽ നിന്ന് അത്യാവശ്യം വ്യക്തതയോടെ തൻറെ ജോലി സംബന്ധമായ ആവശ്യങ്ങൾ തെറ്റുകൂടാതെ അവതരിപ്പിക്കുവാൻ - അപ്രകാരമുള്ള ഒരു കത്ത് തൻറെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ മകനെ കൊണ്ട് ഇംഗ്ലീഷിൽ എഴുതിക്കാൻ മാത്രം വിദ്യ കയ്യിലുണ്ടായിരുന്നു.
ഏഴിലോ എട്ടിലോ പഠി ക്കുമ്പോൾ ആണ് ഇച്ചായൻ തുതിയുർ പറമ്പിൽ കൊണ്ടു പോയതും, വേലനായ ഒരു നായരെയും തേങ്ങ വിലക്കെടുക്കുന്ന ഒരു പൈലി മാപ്പിളയെയും പരിചയപ്പെടുത്തി യതും.
അതിനു മുൻപ് രാജേട്ടനുമായി പോയി കപ്പ ചക്ക എന്നിവ ശേഖരിച്ച് കഷ്ടപെട്ടിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. ഇച്ചായാൻ പയ്യെ അത്തരം ഉത്തരവാദിത്തമൊക്കെ ഞങ്ങളെ തന്നെ ഏൽപിച്ചു . ഒരിക്കൽ ഒരു ബുക്കിൽ കണക്കൊക്കെ എഴുതി വക്കാൻ പറഞ്ഞു. അതെ വലിയൊരു പരിശീലനമായിരുന്നു. വരവ്, ചെലവു, ബാലൻസ് കാരീഡ് ഡൌൻ, എന്നിങ്ങനെയൊക്കെ - തേങ്ങ, ഓല, കൊതുമ്പ്, ചായ എന്നിവയുടെയൊക്കെ കണക്കെഴുതിക്കാൻ പ്രോത്സാഹനം നല്കി. നിർബന്ധത്തെക്കാൾ ഒരു വെല്ലുവിളിയായി അത് നല്കി. ഇന്നും അതൊരു നല്ല ശീലമായി നില്ക്കുന്നു . മാസ്റ്ററച്ചൻ എൻറെ ഈ സിദ്ധി കണ്ട് അഭിനന്ദിക്കയും, ഇങ്ങനെ കണക്കെഴുതണമെന്നു മറ്റ് വൈദിക വിദ്യാർത്ഥികളോട് പറഞ്ഞ് കൊടുക്കുകയും ചെയ്തു.
പക്ഷെ, സ്വന്തം ക്രയവിക്രയങ്ങളിൽ ഇച്ചായൻ അങ്ങനെ വലിയൊരു കണക്കു കൂട്ടലുകാരനായി എനിക്ക് തോന്നിയിട്ടില്ല.സ്വന്തം അദ്ധ്വാനം കൊണ്ടു നേടിയ തൈക്കാട്ടുശ്ശേരി, തുതിയൂർ, കാക്കനാട് എന്നിവിടങ്ങളിലെ ചെറുതും വലുതും ആയ ഭൂസ്വത്തൊക്കെ അതൊന്നും തന്നെ കാണിക്കാതെ കൈ മാറി. പക്ഷെ, ഇക്കാര്യത്തിലൊക്കെ അമ്മച്ചി ഇച്ചായനെ ന്യായീകരിച്ചിരുന്നു. ജോബിന്റെ രീതിയിൽ ''ഇച്ചായൻ ഉണ്ടാക്കി, ഇച്ചായൻ തന്നെ ഇല്ലാതാക്കി!
VIII ൽ പഠിക്കുമ്പോൾ, ഇച്ചായൻ എന്നെയും കൊണ്ട് സൈനിക് സ്കൂൾ ആനിവേർസറിക്ക് പോയി. തിരുവനന്തപുരത്ത്. വല്ല്യേച്ചി അന്ന് തിരുവനന്തപുരം P & T യിൽ. വല്ല്യേചിയും എത്തി. വഴിയിലെ കാഴ്ചകൾ കാട്ടി തരാൻ ഇച്ചായൻ വലിയ ശ്രമം നടത്തി. - പക്ഷെ എൻറെ ഉറക്കം തൂങ്ങൽ കണ്ടു ദേഷ്യം വന്ന ഇചായാൻ പറഞ്ഞു - എന്നാ വീട്ടിൽ കിടന്നുറങ്ങാൻ പാടില്ലായിരുന്നോ? പക്ഷെ, അടുത്ത വർഷം ഒരു ദിവസം ഇച്ചായൻ എന്നെ വിളിച്ചു സജുവിൻറെ ഫീസ് കഴക്കൂട്ടത്ത് കൊണ്ട് കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു. നമ്മൾ ചാടി വീഴുന്നു. പിറ്റേന്ന് ഇച്ചായന് ഒരു സംശയവും ഇല്ല. 1000 രൂപയിൽ താഴെ പണം ഏൽപിക്കുന്നു . ഞാൻ യാതൊരു കലക്കവും ഇല്ലാതെ, എറണാകുളം ബസ് സ്റ്റാന്ഡിൽ ചെന്ന് ഒരു തിരുവനന്തപുരം റിട്ടേൺ ടാക്സി സീറ്റ് സംഘടിപ്പിക്കുന്നു. സൈനിക് സ്കൂളിൽ ചെല്ലും വരെ എല്ലാം ഓക്കേ. പക്ഷെ, അവിടെ വലിയ തർക്കം . ഇത്രയും ചെറിയ പയ്യൻറെ അടുത്ത് പണം കൊടുത്ത് ഇത്ര ദൂരം വിട്ടത് ശരിയല്ല.പിതാവ് വന്നിട്ട് ഫീസ് സ്വീകരിക്കാം - എന്നൊക്കെ. പിന്നെ കാലു പിടിച്ച് ഒരു കണക്കിന് ഫീസ് മേടിപ്പിച്ച് തിരികെ യാത്രയായി.. അത് വലിയൊരു മോറാൽ ബൂസ്ററ് ർ ആയിൽ.
മിടുക്കുകൾ - വിനോദം, കല
ഇച്ചായന് സൈക്കിൾ ഒന്നും ചവിട്ടാൻ അറിയില്ലെന്നായിരുന്നു സങ്കൽപം. ചേട്ടനോ ഞാനോ സൈക്കിൾ പഠിച്ചതിലൊ, ഞങ്ങളുടെ കുടുക്ക പൊട്ടിച്ച് ഒരു സെകണ്ട് ഹാൻഡ് ഏ-വൺ സൈക്കിൾ മേടിച്ചതിലൊ - ഇച്ചായൻ യാതൊരു ഇടപെടലും നടത്തിയില്ല - തടഞ്ഞുമില്ല. പക്ഷെ ഒരിക്കൽ എന്തോ വലിയ വര്ത്തമാനം പറഞ്ഞപ്പോൾ ഇച്ചായൻ പറഞ്ഞത് തൻറെ മെറ്റിൽ തെളിയിക്കുന്നതായിരുന്നു. തൻറെ ചെറുപ്പത്തിൽ വൈക്കം വരെ സൈക്കിളിൽ പോയ കഥ ഇച്ചായൻ വിവരിച്ചത് എനിക്ക് ഒരു ചാലന്ജ് ആയി. ഇന്നും അത് തുടരുന്നു.
ഇച്ചായന് സൈക്കിൾ ഒന്നും ചവിട്ടാൻ അറിയില്ലെന്നായിരുന്നു സങ്കൽപം. ചേട്ടനോ ഞാനോ സൈക്കിൾ പഠിച്ചതിലൊ, ഞങ്ങളുടെ കുടുക്ക പൊട്ടിച്ച് ഒരു സെകണ്ട് ഹാൻഡ് ഏ-വൺ സൈക്കിൾ മേടിച്ചതിലൊ - ഇച്ചായൻ യാതൊരു ഇടപെടലും നടത്തിയില്ല - തടഞ്ഞുമില്ല. പക്ഷെ ഒരിക്കൽ എന്തോ വലിയ വര്ത്തമാനം പറഞ്ഞപ്പോൾ ഇച്ചായൻ പറഞ്ഞത് തൻറെ മെറ്റിൽ തെളിയിക്കുന്നതായിരുന്നു. തൻറെ ചെറുപ്പത്തിൽ വൈക്കം വരെ സൈക്കിളിൽ പോയ കഥ ഇച്ചായൻ വിവരിച്ചത് എനിക്ക് ഒരു ചാലന്ജ് ആയി. ഇന്നും അത് തുടരുന്നു.
ഇച്ചായൻ മുൻ കൈ എടുത്ത് ഞങ്ങളെ സിനിമക്ക് കൊണ്ടു പോയത് കാര്യമായി ഓർക്കുന്നില്ല . ഉണ്ടെങ്കിൽ - മൂന്നു പൂക്കൾ , വേളാങ്കണ്ണി മാതാ, ഇരുട്ടിൻറെ ആത്മാവ് എന്നിവ മാത്രം. പിന്നിട് സിനിമ കാണാൻ അനുവാദം ചോദിച്ചാൽ, ഇച്ചായൻ പറയുന്നത് : വേറെ ആരെങ്കിലും പറഞ്ഞിട്ട് അല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായത്തിൽ കാണണം. ചെറുപ്പത്തിൽ സിനിമ ഒക്കെ ആദ്യ ദിവസം തന്നെ കണ്ടിരുന്നത്രേ. ആ ലോജിക്കിനോടും വലിയ അഭിപ്രായ വ്യത്യാസമില്ല - മറ്റേത് (അഭിപ്രായം കേട്ടും പോകാം എന്നത്) തള്ളിക്കളയാതെ തന്നെ. പക്ഷെ ഇച്ചായൻറെ സ്വതന്ത്ര മനസ്സിൻറെ തെളിവ് തന്നെ ഇതും.
വലിയ നേട്ടം,
ഒൻപത് മക്കൾ ഉണ്ടായിട്ടും ആര്ക്കും അത്യാവശ്യങ്ങളുടെ യാതൊരു കുറവും ഇല്ലാതെ, ഒരു സർക്കാർ ഉദ്യോഗമോ സ്ഥിര വരുമാനമോ ഇല്ലാതെ സാമാന്യം ഭംഗിയായി പഠിപ്പിച്ച് വലുതാക്കി എന്നത് തന്നെ. അതിൽ അമ്മചിയുടെയും ഏട്ടിയുടെയും ഒക്കെ വലുതും ചെറുതുമായ റോൾ ഉണ്ടായിരുന്നു എന്നതിൽ സന്ദേഹം ഒന്നുമില്ല. ഇച്ചായൻറെ പ്രധാന സാമൂഹ്യ സേവന മേഖല വിൻസെൻ ഡി പോൾ സൊസൈറ്റിയും, മരണഫണ്ടും (മരണപ്പണ്ട് എന്ന് ഇച്ചായൻറെ തരക്കാർ തന്മയത്വ പൂർവ്വം വിളിച്ചിരിന്നു) ആയിരുന്നു. ഒരു പ്രാവശ്യം കൈക്കാരനായും ഇച്ചായൻ സേവനം ചെയ്തു എന്ന് തോന്നുന്നു
ഇച്ചായൻ ആയ കാലത്ത് നല്ലൊരു കലാകാരൻ ആയിരുന്ന കാര്യം ഞങ്ങൾ മക്കൾക്ക് അധികം അറിവുണ്ടെന്നു തോന്നുന്നില്ല. സുമുഖനായ ഇച്ചായൻ സ്ത്രീ പാർട്ട് ആണ് അധികവും കെട്ടിയിരുന്നത്. മേനക സേവ്യർ എന്ന ഒരു ഇരട്ട പേരും ഉണ്ടായിരുന്നത്രെ. എൻറെ ഓർമയിൽ ഇച്ചായനിലെ കലാ വാസന ഉണർന്നിരുന്നത് ദു:ഖവെള്ളിയാഴ്ച ദിവസം പാടു പീഡകൾ ഓർത്ത് സാധരണ മലയാളി ക്രിസ്ത്യാനിയെ പോലെ 'ദു:ഖത്തിൻറെ പാന പാത്രം' രുചിചിട്ട് നഗരികാണിക്കൽ കഴിഞ്ഞ് രൂപം മുത്തുന്ന നേരത്താണ്. അമ്മ കന്നി, ഗാഗുല്താ മല തുടങ്ങിയ ഗാനങ്ങൾ പള്ളിയിൽ മൈക്കിൽ പാടാൻ ഇച്ചായൻ ശ്രമിച്ചിരുന്നു. പക്ഷെ, അന്ന് എന്നെ അത്ര ഇമ്പ്രെസ്സ് ചെയ്തിരുന്നില്ല. പില്ക്കാലത്ത് ഇച്ചായന്റെ കഴിവുകളെ കുറിച്ച് ബോധമുണ്ടായപ്പോൾ, കുറച്ച് വൈകി പോയി. 'ബലി മരമേ' എന്ന പാട്ട് ഇച്ചായൻ പാടിയിരുന്നത് ഒരു പരിശീലനം സിദ്ധിച്ച ആളെ പോലെ തന്നെയായിരുന്നു. ഇന്ന് ഇച്ചായൻ ഉണ്ടായിരുന്നു വെങ്കിൽ പണ്ടത്തെ ക്രിസ്ത്യൻ പാട്ട് രീതികളെ ക്കുറിച്ച് നല്ലൊരു പഠനത്തിനു സാദ്ധ്യത ഉണ്ടായിരുന്നേനെ. ഒരിക്കൽ ഞാൻ എൻറെ മൊബൈൽ ഫോണിൽ അത് രേഖപ്പെടുത്തി, കമ്പ്യൂട്ടറിൽ സൂക്ഷിച്ചു. പിന്നീട് എപ്പോഴോ കമ്പ്യൂട്ടർ നന്നാക്കിയപ്പോൾ അത് പോയി എന്ന് തോന്നുന്നു. വലിയ നഷ്ടം.
ചീട്ടു കളിയിൽ മിടുക്കനായിരുന്നു എന്ന് വേണം ഊഹിക്കാൻ.. വീട്ടിലും റമ്മി, സീറോ തുടങ്ങിയ കളികളും ഞങ്ങളോടൊപ്പം കാരം, ചെസ് തുടങ്ങിയവയും ഇച്ചായൻ കളിക്കുമായിരുന്നു. കാരം ബോര്ടിനെ ക്കുറിച്ച് നല്ല ഗ്രാഹ്യ മായിരുന്നു ഇച്ചായന്. വളരെ കണക്കു കൂട്ടി തേർഡ് പോക്കറ്റ് ലക്ഷ്യമാക്കി അടിക്കാൻ ഒക്കെ ഇച്ചായന് അറിയുമായിരുന്നു. പിന്നീട് ഇച്ചായനും അമ്മച്ചിയും ഒറ്റക്ക് ആയപ്പോൾ കളിയിലെ തോൽവി ഇച്ചായന് സഹിക്കാൻ പറ്റാതെ ആയി - അതോടെ അമ്മച്ചിയും കളി നിർത്തിയതായിട്ടാണു റിപ്പോർട്ട്
പരിശീലിച്ച പണിയായ ആശാരി പണിയിൽ ഇച്ചായൻ ഒരു ആശാൻ ആയി - ഏതാനും വിശ്വസ്തരായ ശിഷ്യരും. പക്ഷെ ഞാനൊക്കെ ഓര്മ്മ വയ്ക്കുമ്പോൾ ഇച്ചായൻ അതില്നിന്നൊക്കെ ഗ്രാജുവേറ്റ് ചെയ്ത് മേൽനോട്ടക്കാരനും, പിന്നെ കരാറുകാരനും ആയി തീര്ന്നു. അങ്ങനെ ഒന്ന് രണ്ട് പേരുമായി പരിചയപ്പെടാനും, ഒരാളുടെ കല്യാണ തലേന്ന് ഇച്ചായനോടൊപ്പം പോയി അയാൾ വന്ദിച്ച് ആശിർവാദം വാങ്ങുന്നതും, ഇചായാൻ സമ്മാനമായി ഒരു 'മട്ടം' കൊടുക്കുന്നതും എന്റെ ഓർമയിൽ നില്ക്കുന്നു. ഇച്ചായൻ മരിക്കുന്നതിന് ഏതാനും നാൾ മുൻപ് പച്ചക്കറിക്കാരൻ പൈലി ചേട്ടനെ കണ്ടപ്പോൾ ഒരു ആശാൻ-ശിഷ്യൻ ഓർമ്മ പുറത്തെടുത്തു.
ചുറ്റുവട്ടം വിട്ട് സഞ്ചാരം പീറ്റർ അച്ചൻ ആയിട്ട് ചെയ്ത ഒരു ഉപകാരമാണ് അമ്മച്ചി ഇച്ചായൻ പോലുള്ളവർക്ക് ഗോവ, വേളാങ്കണ്ണി എന്നീ (പുണ്യ) സ്ഥലങ്ങൾ കാണാൻ ഇട വന്നു. പിന്നെ അവർക്കുണ്ടായ ഔട്ടിങ്ങ് - ഒരിക്കൽ കാലോടിഞ്ഞ എന്നെയും, അസുഖമായിരുന്ന സജുവിനെയും കാണാൻ ബെംഗളുരുവിലും ഒരിക്കൽ വാവച്ചായൻറെ മുൻകൈയ്യിൽ ബിജ്നോറിൽ പഠിച്ചിരുന്ന എന്നെ കാണാൻ അവിടെ വന്നതും - ദില്ലി പരിസരം ഒക്കെ ഒന്ന് കണ്ടു പോന്നതും ആണ്. അവർ രണ്ടു പേരെയും ഒരു വിമാനം കയറ്റാനായില്ലെന്നതും ഒരു റിഗ്രെറ്റ് ഇപ്പോഴും ഇരിക്കുന്നു. പക്ഷേ, ഇച്ചായൻ ആയ കാലത്ത് ഭാഗ്യം തേടി കൊളംബിലും, കുടുംബത്തിന് ഉപകാരം ചെയ്യാൻ മേരി ആൻറിയെ മഠത്തിൽ ചേർക്കാൻ ഒറീസയിലും മറ്റും പോയിരിക്കുന്നു. അത്യാവശ്യം ഹിന്ദിയും ഇച്ചായൻ അടിച്ച് വിടുമായിരുന്നു.
സുഹൃത്തുക്കൾ
ഇച്ചായന് ഒരു നല്ല സുഹൃത്ത് വലയം ഉണ്ടായിരുന്നു - അയലക്കം - ബന്ധുത്വം - സഹപ്രവർത്തനം - ഇതൊക്കെ അടിസ് ഥാനം. ബാങ്ക് ജോസഫ് ചേട്ടൻ നല്ല അയല്കാരനായിരുന്നു. കൊച്ചു വര്ക്കി-ചാക്കൊച്ചയന്മാർ ബന്ധുക്കളും സുഹൃത്തുക്കളും. പാപ്പി ചേട്ടൻ - ബേബി ചേട്ടൻ ഞാറക്കാവേലി - സുഹൃത്തുക്കൾ, പ്രത്യേകിച്ച് പാപ്പി ചേട്ടൻ. ബാങ്ക് ജോലിക്കാരൻ എന്ന ജാഡയേ ഇല്ല. മാണിക്കത്തെ ചാക്കോ ചേട്ടൻ - ചിട്ടി കമ്പനി ഉടമസ്ഥൻ. ജീവനക്കാരൻ കൊചുവർക്കി (ച്ചായൻ) സുഹൃത്തും കൂടിയാണ് . ചാക്കോ ചേട്ടന്റെ അനിയൻ കൊചുവർക്കി. കോരമംഗലത്തെ സേവ്യർ ചേട്ടൻ - സഹ പ്രവർത്തകൻ - സുഹൃത്ത്. പൂതുള്ളി സ്കറിയ ചേട്ടൻ. ഇതിൽ സ്കറിയ ചേട്ടൻ ഒഴിച്ച് മറ്റെല്ലാവരും ചീട്ടുകളി സംഘവും, തരക്കേടില്ലാത്ത കള്ള് (ചാരായം or ശീമ ) കുടി സംഘവും. കേന്ദ്രം മാറിക്കൊണ്ടിരുന്നു - ചിട്ടി കമ്പനി ആപ്പീ സ്, കളത്തി വീട്, ഞാറക്കവേലിൽ, അപൂർവ്വമായി ജോസഫ് ചേട്ടൻറെ വീട് - ഇവയായിരുന്നു താവളങ്ങൾ. അവിടെ എവിടെയും സ്വതന്ത്രമായി കേറി ചെല്ലാൻ എനിക്കും സാധിച്ചിരുന്നു.
'അവരിലാരും അവശേഷി'ക്കാതെ വന്നപ്പോൾ ആണ് ഇച്ചായൻ പോയത്. . ആദ്യം, ജോസഫ് ചേട്ടൻ, പിന്നെ കൊച്ചു വർക്കി , പിന്നെ മാണിക്കത്തെ ചാക്കോ ചേട്ടൻ, പിന്നെ കളത്തിവീട്ടിൽ ചാക്കോ ചേട്ടൻ, പിന്നെ പാപ്പീ ചേട്ടൻ, പിന്നെ സ്കറിയ ചേട്ടൻ, ബേബി ചേട്ടൻ, മാണിക്കത്തെ വർക്കി ചേട്ടൻ, സേവ്യർ ചേട്ടൻ... എല്ലാരും! മിക്കവരുടെയും ഭാര്യമാർ ഇന്നും ഇരിക്കുന്നു. അവരിൽ ഏറ്റവും അവശത അമ്മച്ചിക്ക് തന്നെ. ചാക്കോച്ചായന്റെ ഭാര്യ മാത്രം ഭര്ത്താവിനു മുൻപേ പോയി. അയലക്കത്തിൻറെ അടുപ്പം സ്വന്തം എന്ന പോലെ ആക്കിയ ഏലമ്മ ചേടത്തിയും പോയി പാപ്പി ചേട്ടന്റെ ഭാര്യ പോയിട്ട് അധികമായില്ല. - നാലോ അഞ്ചോ വർഷം!
വീട്ടിലേക്ക്
വീട്ടിൽ പോകാൻ: മറവി രോഗം ആയപ്പോൾ ഇച്ചായന്റെ ഒരു പ്രധാന കൺസേൺ 'വീട്ടിൽ പോകേണ്ടെ? എന്തിനാ ഇവിടെ ഇരിക്കുന്നെ എന്നത് ആയിരുന്നു?' എത്രയോ സത്യമായ ചിന്ത - ഇച്ചായൻ വീട്ടിലേക്ക് പോയിരിക്കുന്നു. അമ്മാമ്മ മരിച്ചപ്പോൾ നമ്മൾ ഉദ്ധരിച്ച സങ്കീർത്തനം ഓര്ക്കുന്നു. 'കര്ത്താവിന്റെ ഭവനത്തിലേക്ക് പോകാം എന്ന് അവർ പറഞ്ഞപ്പോൾ എന്റെ ശരീരവും മനസ്സും ആനന്ദിച്ചു! (Ps. 122:1) ഇച്ചായൻ പോയത് വലിയ ആശ്വാസത്തോടെ ആയിരുന്നിരിക്കണം - ബ്രേക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങിയപ്പോൾ അനുഭവിച്ച ബുദ്ധിമുട്ട് അധികം മിനിട്ടുകൾ നീണ്ടില്ല. ദൈവത്തിന് സ്തുതി.
ഇച്ചായാ, വീട്ടിൽ ഇരുന്ന് സന്തോഷിക്കുക!
J. Prasant Palakkappillil CMI Ph. D
Principal
Sacred Heart College, Thevara
91-484-4044418; 94471 55564
Principal
Sacred Heart College, Thevara
91-484-4044418; 94471 55564
A very sincere and open presentation of your love and indebtedness towards your ICHAYAN who was really a HERO to you.I liked the simple,sincere style.
ReplyDelete