ജെട്ടി മേനക വഴി കലൂർ - കൊച്ചി 1974-77
ഞാൻ ജനിച്ചപ്പോൾ കൊച്ചി മഹാനഗരം ആയിട്ടില്ല. പക്ഷെ, എൻറെ പള്ളിക്കൂട പ്രവേശനത്തിന് മുൻപ് തന്നെ, 1967ൽ ആ സ്ഥിതി നിലവിൽ വന്നു.
കൊച്ചി പട്ടണത്തിലെ പെരുമാനൂർ പ്രദേശത്ത് സെൻറ് തോമസ് ഗേൾസ് സ്‌കൂളിൽ, കിൻഡർ ഗാർട്ടൻ മുതൽ നാലാം തരം വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ എന്നെ, എൻറെ 'അമ്മ കലൂർ ഉള്ള സെൻറ് അഗസ്റ്റിൻസ് സ്‌കൂളിൽ അഞ്ചാം തരത്തിൽ പ്രവേശിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ഒരു ലോകം - മഠം വക സ്‌കൂളിലെ ചട്ടവട്ടങ്ങൾ ഒന്നും തന്നെയില്ലാതെ, മീശ വച്ച വലിയ ചേട്ടന്മാർ നയിക്കുന്ന സമരങ്ങളാൽ നിറഞ്ഞ സ്‌കൂൾ. രാജഗിരിയിൽ പഠിച്ചിരുന്ന എൻറെ വരേണ്യ സുഹൃത്തുക്കളോട് എനിക്ക് ഒട്ടും തന്നെ അസൂയ തോന്നിയില്ല. സമരങ്ങൾ, തെറി പറയാനുള്ള പാങ്ങ്, നിർബന്ധമായും യൂണിഫോം വസ്ത്രം ധരിക്കേണ്ടാത്ത സ്ഥിതി - ഇതെല്ലാം, എനിക്ക് അഭിമാനകരമായ കാര്യമായിരുന്നു.
പെരുമാനൂർ നിന്ന് നോർത്ത് അല്ലെങ്കിൽ ലിസി എന്ന ലക്ഷ്യ സ്ഥാനങ്ങളിലേക്കും തിരിച്ചും ഉള്ള യാത്രകൾ അന്നത്തെ കൊച്ചു കൊച്ചിയും, അതിന്റെ എറണാകുളം പട്ടണവും എന്നെ പരിചിതനാക്കി.
ബസിലാണ് പോവുക. ക്ലാസ്സിൽ ഏറ്റവും ദൂരെ നിന്ന് വരുന്ന വിദ്യാർത്ഥികളിൽ പെടുന്നവരായിരുന്നു, ഞാനും, എൻറെ അയല്പക്കകാരനുമായ ഹെന്രി ഓസ്റ്റിൻ. ഞങ്ങൾ ഒരുമിച്ച് അതി രാവിലെ യാത്രയാകും. അവിടെ പഠിച്ച മൂന്നു വർഷങ്ങൾ - ഒരു ദിവസം പോലും വൈകി എത്തിയിട്ടില്ല. മിക്കവാറും, ആദ്യം എത്തുന്ന ആളുകളിൽ പെട്ടിരുന്നു, ഞങ്ങൾ.
ചാക്കോള കവല (ഇത് നിശ്ചയമായും പയ്യപ്പിള്ളി അല്ലെങ്കിൽ പാലക്കാപ്പിള്ളി കവല ആകേണ്ടതായിരുന്ന. അതിനു ചുറ്റുപാടുമുള്ള എല്ലാ കുടുംബങ്ങളും, പറമ്പുകളും തന്നെ ഞങ്ങളുടെ കുടുംബക്കാരുടെ ആയിരുന്നു. കുറെയേറെ പറമ്പുകൾ ശങ്കു അരയൻറെതും അദ്ദേഹത്തിൻറെ ബന്ധു നീലകണ്ഠൻറെതും ആയ പയ്യപ്പിള്ളി പറമ്പായിരുന്നുവെന്ന് രേഖകൾ കാണിക്കുന്നു. 1950നോടടടുത്ത് അവിടെ വിസ്താരത്തിൽ സ്ഥലം വാങ്ങി, വീടുകൾ വച്ച് പാർത്ത ചാക്കോള ജോസഫ് ചേട്ടൻറെ പേരിൽ അത് ചാക്കോള 'കോളനി' ആയി മാറി. അന്നൊന്നും 'കോളനി'ക്ക് മലയാളത്തിൽ ഇന്നത്തെ അർത്ഥമോ, കോളനിവത്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അർത്ഥമോ കൈവന്നിട്ടില്ല.) യിൽ നിന്നും അഞ്ചാമത്തെ വീടാണ് ഞങ്ങളുടേത് (എല്ലാം പാലക്കാപ്പിള്ളികൾ തന്നെ). പക്ഷെ, ഞാൻ ഒരു കുറുക്കു വഴി കടന്ന് ഹെന്രി താമസിക്കുന്ന ഡിക്സൻ കോളനി (അത്തരം പേര് എങ്ങനെ വന്നു എന്ന് ഒരിക്കലും ആലോചിച്ചിട്ടില്ല. പിന്നീട് അത് പ്രശസ്തനായ ബാലകലാകാരൻ ക്ലിന്റിൻറെ പേരിൽ ക്ലിൻറ് റോഡ് ആയി) എത്തി, ഹെന്രിയെയും കൂട്ടി, പെരുമാനൂർ കവല വരെ നടക്കും. കഷ്ടി 500 മീറ്റർ. (i. കുറുക്കു വഴി, മതിൽ കേട്ടതുള്ള മൂന്നു വീട്ടുപറമ്പുകൾ കടന്നാണ് പോകുന്നത്. അന്നത്തെ കൊച്ചിയിൽ ഇത്രമാത്രം മതിലുകളും തിരിവുകളും ഇല്ലായിരുന്നു. ഈ. എന്റെ ഈ ബാല്യകാല സുഹൃത്ത് പിന്നീട് വലിയ വാദ്യ വിദഗ്ദ്ധനാവുകയും, യേശുദാസിൻറെ സംഘത്തിൽ അംഗമാവുകയും ചെയ്തു. പിന്നീട് അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കി. ഇന്ന് സുവിശേഷവേലയിൽ മുഴുകി കുടുംബ സമേതം ഡെൻവറിൽ ജീവിക്കുന്നു.)
പിന്നെ, ബസിൽ കയറി പറ്റാനുള്ള കസർത്താണ്. ഇന്നത്തെക്കാൾ തിരക്കാണ് ബസുകളിൽ. ഒരു ബസിനും തന്നെ അടയ്‌ക്കാവുന്ന വാതിൽ ഇല്ല. പടിയിൽ നിൽക്കുക, വാതിലിൽ തൂങ്ങി നിൽക്കുക - ഇതൊക്കെ സാധാരണം, എന്നെ പോലുള്ളവർക്ക് വീരസ്യം! സീറ്റ് കിട്ടാറില്ല; കിട്ടാത്തതിൽ പരിഭവവും ഇല്ല. എങ്ങനെയങ്കിലും, വശങ്ങളിവിടയെങ്കിലും നിൽക്കാനാണ് താല്പര്യം - കാഴ്ചകൾ കാണാൻ. സീറ്റിൽ ഇരുന്നാൽ അത് പറ്റില്ല - അത്ര ചെറിയ പിള്ളേര് ആണ്. അന്നത്തെ കാരണവന്മാർക്ക് ഇതിൽ കാര്യമായ ഒരു ആകുലതയും തോന്നിയില്ല എന്നത് ഇന്ന് എന്നെ ആശ്ചര്യപെടുത്തുന്നു. ഞങ്ങൾക്കും ഒരു ആകുലതയും തോന്നിയിരുന്നില്ല. പ്രവേശനസംബന്ധമായി ഒരു തവണ അമ്മ കൂടെ കൊണ്ട് പോയതല്ലാതെ, ഈ സ്ഥലത്ത് പിന്നെ ഇപ്പോഴും തനിയെയാണ് പോയത്. ഒരു തവണ പോലും ഒരു അദ്ധ്യാപക-രക്ഷാകർതൃയോഗം നടന്നിട്ടില്ല.
ബസ്സിൽ 1974ൽ ഒക്കെ ആറു പൈസ ടിക്കറ്റ് ആണ് വിദ്യാർത്ഥികൾക്ക്. അത് എത്ര ദൂരം വരേക്ക് എന്നൊന്നും ഇല്ല എന്ന് തോന്നുന്നു. പഴയ ഒരണ ആയിരിക്കണം 6 പൈസ ആയി മാറിയത്. അന്നും അഞ്ചും പിന്നെ ഒന്നും കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അപ്പോൾ അത് ചിലപ്പോൾ അഞ്ചായി കുറയും, അല്ലെങ്കിൽ കുറയ്ക്കാൻ ശ്രമിക്കും. പക്ഷെ അപ്പോൾ തന്നെ 10 പൈസ ടിക്കറ്റർ നിലവിൽ വന്നു - അപ്പോഴും ചില ബസ്സുകളിൽ ഈ ആറിൻറെ ആനുകൂല്യം കിട്ടിയിരുന്നു. ഒരു ദിവസത്തെ ചിലവ് തുക 20 പൈസ ആണ്. മറ്റു ചെലവുകൾ ഉണ്ടാകാം എന്ന് അമ്മയ്‌ക്കോ എനിക്കോ തോന്നിയിട്ടില്ല. ബസ്സിൽ ടിക്കറ്റ് എടുക്കാതെ പോകാൻ കഴിഞ്ഞാൽ അത് വീമ്പ് പറയത്തക്ക വലിയ ഒരു നേട്ടമായി കണക്കാക്കിയിരുന്നു.
ചിറ്റൂർ ബസുകൾ കച്ചേരിപ്പടിയിൽ നിന്നും തിരിഞ്ഞു പോകും. മറ്റേതു ബസിലും അന്ന് കലൂർക്ക് പോകാം. തൃപ്പൂണിത്തുറ ബസുകൾ പോലും അന്ന് പാലാരിവട്ടം ചുറ്റി തമ്മനം വഴിയാണ് പോവുക (ഇന്നത്തെ കടവന്ത്ര പാലം അന്നില്ല). കലൂർ വരെയുള്ള ബസുകളിൽ കയറാൻ ഞങ്ങൾക്ക് താല്പര്യമില്ല. കാരണം, അവയ്ക്ക് വേഗം കുറവാണ് എന്നായിരുന്നു ഒരു അനുഭവം. ഞങ്ങൾ, ആലുവ, കാക്കനാട് എന്നിവിടങ്ങലിക്കുള്ള ബസുകളിലാണ് കയറാൻ ശ്രമിച്ചിരുന്നത്. അവ വലിയ മാത്സര്യത്തോടെ പാഞ്ഞു പോകുമായിരുന്നു. എന്നാൽ ഇന്നത്തെ അത്ര അപകടങ്ങൾ ഉണ്ടായിരുന്നതായി തോന്നുന്നില്ല. ഈ മത്സരങ്ങൾ ഞങ്ങൾ വളരെ ആസ്വദിച്ചിരുന്നു. ലെയ്‌ലാൻഡ്, ടാറ്റ ബസുകൾക്കും ഞങ്ങൾ ഫാർഗോ, ബെഡ്ഫോർഡ് എന്നിവയെക്കാൾ മുൻഗണന കൊടുത്തിരുന്നു. സംശയമെന്യേ ഡ്രൈവർമാർ അന്നത്തെ ഞങ്ങളുടെ വീര പുരുഷന്മാർ ആയിരുന്നു. (സ്ത്രീകൾ ഏതെങ്കിലും വാഹനം ഓടിക്കുക അന്ന് അത്യപൂർവ്വം ആയിരുന്നു - മൊത്തം എറണാകുളത്ത് രണ്ടോ മൂന്നോ പേർ ഉണ്ടെങ്കിൽ ആയി - അതുകൊണ്ട് ബസുകളിൽ സ്ത്രീ ചാലകർ ചിന്തനീയമേ അല്ലായിരുന്നു). ബസുകളിലെ 2 കിളികൾ (ഡോർ ചെക്കർ), അവരുടെ ശൈലികൾ എന്നിവ മറ്റൊരു
ബസിലെ യാത്ര വളരെ ആസ്വദിച്ചിരുന്നു. എറണാകുളത്ത് രണ്ട് വഴികളേ ഉള്ളൂ - എംജി റോഡേ നേരേ പോകുന്ന പത്മ വഴി - വാഹനങ്ങൾ കുറവ് - കുറച്ച് നേരത്തെ എത്താം. കറങ്ങി തിരിഞ്ഞു ദർബാർ ഹാൾ, സുഭാഷ് പാർക്ക്, കലക്ടറേറ്,ബോട്ട് ജെട്ടി, മേനക തീയേറ്റർ (സിനിമ ഹാൾ, ചിത്രശാല എന്നൊന്നും ആരും പറയില്ല), ഹൈ കോർട്ട്, മാർക്കറ്റ്, ആൽബർട്സ് കോളേജ് കോളേജ് എന്നിവ കാട്ടി മാധവ ഫാർമസി ജംഗ്ഷനിൽ എത്തിച്ചേർന്ന് പത്മ വഴിവരുന്നവരുമായി ചേർന്ന് കലൂർ ദിശയിലേക്ക് പോകുന്ന 'മേനക' വഴി. അന്നത്തെ രണ്ട് മുഖ്യസിനിമാശാലകളുടെ പേരിൽ അവ ഇന്നും അറിയപ്പെടുന്നു. അന്നും, മേനക വഴിയിൽ ശ്രീധർ, പത്മ വഴിയിൽ കവിത, ഷേണായീസ് എന്നീ തീയേറ്ററുകൾ ഉണ്ടെങ്കിലും, ഈ പേരുകളിലാണ് അവ അറിയപ്പെട്ടിരുന്നത്. ഒരു പക്ഷെ, ആദ്യം വന്നവ അവ ആയിരിക്കാം. ഇന്ന് മേനകയുടെ സ്ഥാനത്ത് പെൻറ്റ മേനക ഷോപ്പിംഗ് കോംപ്ലക്സ് ആണ്.
മേനക വഴിയാണ് ഞങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. കൂടുതൽ നേരം ബസിൽ സവാരി ചെയ്യാം, തണൽ മരങ്ങൾ നിറഞ്ഞ കലക്ട്രറേറ്റ്-ജെട്ടി, സുഭാഷ് പാർക്ക് വഴി, അറബിക്കടൽ വരെ തുറന്നു കിടക്കുന്ന മനോഹരമായ വേമ്പനാട് കായൽ എന്നിവ കണ്ട് പോകാം. ഏറ്റവും രസകരമായ അനുഭവം ഹൈക്കോടതി വളവിൽനിന്നു വേഗം കൂട്ടി, മാർക്കറ്റിലേക്ക് പോകുന്ന തോടിനു കുറുകെയുള്ള പാലം കടക്കുമ്പോൾ, അടിവയറ്റിലേക്ക് എന്തോ ഇറങ്ങുന്ന പോലുള്ള അനുഭവം ആയിരുന്നു.
മേനക വഴിയിൽ ആണ് അന്നത്തെ കേരളത്തിലെ ഏറ്റവും ഉയർന്ന കെട്ടിടം - 7 നിലകളുള്ള സീലോഡ് (അത് Sea Lord ആയിരുന്നോ എന്ന് ഞാൻ ഇപ്പോൾ സംശയിക്കുന്നു. മനസ്സിൽ രേഖപ്പെടുത്തപ്പെട്ട അക്ഷരങ്ങളിൽ 'C' ആണ് ഉള്ളത്). അവിടെ cabera നൃത്തം ഉണ്ട് എന്നതായിരുന്നു അതിനെക്കുറിച്ചുള്ള മറ്റൊരു ഓർമ്മ. ഉയരത്തിന്റെ കാര്യത്തിൽ അത് ഇന്നൊരു സാധാരണകെട്ടിടം ആയി മാറിയെങ്കിലും, നല്ല ഭക്ഷണത്തിൻറെ കാര്യത്തിൽ അതിനിന്നും നല്ല പേര് തന്നെ എന്ന് കരുതുന്നു. ഒരേ ഒരു പ്രാവശ്യം കഴിച്ച ഭക്ഷണത്തിൻറെ രുചി ഇന്നും നാവിൽ നിൽക്കുന്നു.
അന്ന് മേനക വഴിയുടെ കിഴക്കു ഭാഗം മാത്രമേ ഉള്ളൂ. ഇന്നത്തെ മറൈൻ ഡ്രൈവ് ഇല്ല. വഴിയോട് ചേർന്ന് രണ്ട് അടിയോളം വീതിയിൽ കൽകെട്ട് . ബെഞ്ച് പോലെ ഉപയോഗിക്കാം. ഉയരവും 3-4 അടിയേ ഉള്ളൂ. അവിടെ കയറിയിരുന്ന് തൊട്ടടുത്ത് വന്നടിക്കുന്ന കായൽ തിരകൾ, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത കായൽ വെള്ളം. എൻറെ മൂന്നു വർഷത്തെ ബസ് യാത്രക്കിടെ അതിൻറെ നഷ്ടമോ നാശമോ ആരംഭിച്ചു. ആദ്യം കുറ്റികൾ, പിന്നെ മതിൽ കെട്ടൽ, പിന്നെ ഫില്ലിംഗ്, പിന്നെ ഫയലിംഗ്...അങ്ങനെ, വിശാലമായ ജലാശയ സമ്പത്ത് സർക്കാർ നേതൃത്വത്തിൽ കവർന്നെടുക്കപ്പെട്ട് ഇന്നത്തെ പ്രസിദ്ധമായ മറൈൻ ഡ്രൈവ് കെട്ടിട സാമുച്ചയങ്ങളും മൈദാനവുമെല്ലാം പിറന്നു. അവയുടെ ഗുണഗണങ്ങളും, ഇന്നത്തെ ആധുനിക മഴവിൽ പാലവും, അനേകർ ഉപകാരപ്പെടുത്തുന്ന നടപ്പാതയും എല്ലാം കാണുമ്പോഴും എനിക്ക് നഷ്ടബോധമാണ് - നമുക്ക് മറ്റ് വഴികൾ ആകാമായിരുന്നില്ലേ?
(ഇതേ കാലയളവിൽ 1975ൽ അടിയന്തരാവസ്ഥ നിലവിൽ വന്നു. ഞങ്ങൾ അഭിമാനം കൊണ്ടിരുന്ന എപ്പോൾ വേണമെങ്കിലും പഠിപ്പ് മുടക്കുമായിരുന്ന സ്‌കൂൾ എന്ന (കു)ഖ്യാതി അവസാനിച്ചതായിരുന്നു ഞങ്ങളെപ്പോലുള്ള അരാഷ്ട്രീയരായ (വാദി-പ്രതി ഒന്നും ഇല്ലാതെ) ചെറുപ്പക്കാരുടെ ആദ്യ അനുഭവം. ഇതിൽ ഒന്നും ഉൾപ്പെടാതെ കടന്നുപോന്ന ഒരു ബാല്യത്തിൽ അന്ന് മെച്ചപ്പെട്ട മരാമത്ത് (മർമത്ത് - ഉർദുവിൽ കേടുപാട് പോക്ക്), വ്യാപാരസ്ഥാപനങ്ങളും ഭക്ഷണശാലകളിലും കൃത്യമായ വിലവിവര പട്ടിക എന്നിവയിൽ അത് കാണപ്പെട്ടു. പക്ഷെ 1977ൽ പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോല്കണം എന്ന് ഞാനും ആഗ്രഹിച്ചു.)
കഴിഞ്ഞ വര്ഷങ്ങളിലെ തദ്ദേശീയ ഭരണം തുടങ്ങിവച്ച നഗര സൂചികരണവും, കൊച്ചിയുടെ ധരോഹരമായ ജലാശയങ്ങളും തോടുകളും വീണ്ടെടുക്കുന്ന പ്രയത്‌നവും കൊച്ചിയെ ആധുനികവും, സ്വച്ഛവും, പരമ്പരാഗത ജലസമൃദ്ധിയുടെ സൗന്ദര്യവും ഒത്തതാക്കും എന്ന് പ്രത്യാശിക്കുന്നു - അറബിക്കടലിൻറെ റാണി എന്ന അപരാഭിധാനം അന്വർത്ഥമാക്കും വിധം.
Nostalgic sweet memories ♥️
ReplyDeleteNostalgic sweet memories ♥️
ReplyDeleteSuper…👌🏼. Takes us half a century back on timeline… ☺️ Hope you will include our cycling expeditions and KCSL camps also… in the next! 😇
ReplyDeleteAdding some popular bus names - JMS (janichal marikkum satyam), Shihab (the fastest one on Thevara roads), St George, Lalmon, Onslaught ( yes !!!..we knew what it meant only later!).....
ReplyDeleteBeautiful narration, took me back the memory lane, more than half a century. Thank you dear. Alphonsa Xavier
ReplyDelete