വല്ലിച്ചായൻ ഒരു പ്രതിഭാസമാകുന്നത് ...
എൻറെ പ്രിയ സഹോദരി ബിജി, ഇച്ചായാനെക്കുറിച്ച് ഒരു പുസ്തകം രചിക്കുന്നുവെന്നും അതിൽ എൻറെ ഒരേടും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടപ്പോൾ, സന്തോഷം തോന്നി. പല ബന്ധുക്കളും മിത്രങ്ങളും വേർപെടുമ്പോൾ, ഞാൻ സ്വമേധയാ എന്തെങ്കിലും ഒക്കെ അങ്ങനെ കുറിക്കാറുണ്ട്. പക്ഷെ, പ്രിയപ്പെട്ട മറ്റു പലരുടെയും കാര്യത്തിൽ അത് ഉണ്ടായിട്ടില്ല. അമ്മച്ചിയും ഇച്ചായനും പോയിക്കഴിഞ്ഞ് കുറേക്കാലശേഷം ഞാൻ അവരെ ഓർത്തു കുറിപ്പുകൾ എഴുതി.
വല്ലിച്ചായൻ വിടവാങ്ങിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഒരു പ്രദേശത്തോടും അവിടെ ഒരു ഭവനത്തോടും, അത് നിലനിന്നിരുന്ന തൊടിയോടും എല്ലാം ഞങ്ങളെ ഒരുപാടുപേരെ ചേർത്തു നിർത്തിയിരുന്ന രണ്ടു പേർ യാത്രയായി. അത് തുടരാൻ മറ്റാരുമില്ലാത്ത വിധം. അതുകൊണ്ട് ബന്ധങ്ങൾ അറ്റു പോയി എന്നില്ല. ആധുനിക യാത്രാ-ആശയവിനിമയ സങ്കേതങ്ങൾ വഴി അവ ദോഷമില്ലാതെ നിലനിൽക്കുന്നു.
വല്യപ്പച്ചൻ (അപ്പൻ) യാത്രയായപ്പോൾ (1978) കുഞ്ചായൻ വളരെ പ്രതീക്ഷയോടെ എന്നോട് ഒരു കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു. നടക്കാതെ വന്നപ്പോൾ, കുഞ്ചായൻ തന്നെ മുൻകൈ എടുത്ത് ഒരു കേട്ടെഴുത്ത് പോലെ തരക്കേടില്ലാത്ത ഒരു ഓർമ്മക്കുറിപ്പ് എന്നെകൊണ്ട് തയ്യാറാക്കി, കുടുംബദീപത്തിൽ കൊണ്ട് കൊടുത്തു. തിരിഞ്ഞു നോക്കുമ്പോൾ, നിശ്ചമായും പ്രസിദ്ധികരിക്കേണ്ട ഒരു രചന യായിരുന്നു അത് എന്നെനിക്കു തോന്നുന്നു. പക്ഷെ, അതുണ്ടായില്ല.
ഇന്ന്, അപ്പൻറെ മൂത്ത മകൻറെ സ്മരണയിൽ ഒരു കുറിപ്പ് എഴുതാൻ എനിക്ക് അത്രയും ബുദ്ധിമുട്ട് തോന്നുന്നില്ല.
എന്റെ വ്യക്തിഗത സ്മരണകൾ അത്രമേൽ ഉണ്ടാകാൻ ഇതര സഹോദരങ്ങളെ അപേക്ഷിച്ച് സാദ്ധ്യത കുറവാണ്. കാരണം, സ്കൂൾ കാലം കഴിഞ്ഞ്, നാട് തന്നെ വിട്ടു പോയ ഞാൻ പിന്നെ ബന്ധു വൃത്തങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഏകദേശം ഒരു 15 കൊല്ലങ്ങൾ കഴിഞ്ഞ് ഒരു വൈദികാനായിട്ടാണ്. അതിനിടയിൽ, വളരെ അപൂർവ്വമായ ചില കണ്ടു മുട്ടലുകൾ.
വിളിപ്പേര് സൂചിപ്പിക്കുംപോലെ ഞങ്ങൾ 21 അനന്തരവർക്ക് ഏറ്റവും മുതിർന്ന കാരണവർ ആയിരുന്നു, വല്ലിച്ചായൻ. എൻറെ അമ്മയും, വെച്ചൂരെ എൻറെ കുഞ്ഞമ്മയും മക്കളുടെ പഠനം, ആരോഗ്യ പരിപാലനം, സമ്പാദ്യങ്ങൾ നിക്ഷേപിക്കാൻ എന്നീ കാര്യങ്ങളിൽ എല്ലാം മാർഗ്ഗ നിർദ്ദേശം സ്വീകരിച്ചിരുന്നത് വല്ലിച്ചായനിൽ നിന്നായിരുന്നു.
രണ്ടാം തരത്തിൽ പഠിക്കുമ്പോൾ, വഴിക്കവലയിൽ വച്ച് സൈക്കിൾ നെഞ്ചിനുമുകളിൽ കയറി പോയ കാര്യം വല്ലിച്ചായനോട് പറയുന്നതും, വല്ലിച്ചായൻ നിർബന്ധ പൂർവ്വം ഒരു X-റേ എടുപ്പിക്കണമെന്നും, വാരിയെല്ലിന് തകരാറൊന്നും പറ്റിയിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് പറയുന്നതും എന്റെ ഓർമ്മയിലുണ്ട്. ആദ്യമായി X-റേ എന്ന കാര്യം കേട്ട ഞാൻ പരിഭ്രമിച്ച് അതൊന്നും വേണ്ടെന്ന് പറഞ്ഞതും, അതിൽ ഭയപ്പാടിൻറെ കാര്യമൊന്നും ഇല്ല എന്ന് വല്ലിച്ചായൻ ആശ്വസിപ്പിച്ചതും ഓർക്കുന്നു.
സ്കൂൾ കാലത്തിൽ, രണ്ടോ മൂന്നോ തവണ, ഞങ്ങൾ സഹോദരങ്ങൾ 'അമ്മ വീട്ടിൽ വന്നു താമസച്ചിരുന്ന കാലത്ത് വല്ലിച്ചായൻ ഞങ്ങളെ സ്വീകരിച്ചിരുന്ന രീതികളാണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ DPEP എന്ന അനുഭവജന്യമായ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് ചിന്തയൊക്കെ പരക്കുന്നതിന് മുൻപേ, വല്ലിച്ചായൻ ഇച്ചായൻറെ മക്കൾക്കും, അവധിക്കാലത്ത് വന്നിരുന്ന ഞങ്ങൾക്കും, അപ്രകാരമുള്ള ഒരു ഉത്തമ അധ്യാപകനായിരുന്നു.
ഏറ്റവും രസകരമായിരുന്നത് ആഘോഷമായ പൂച്ചാക്കൽ ചന്തയിലേക്കുള്ള കാൽനട സവാരിയായിരുന്നു. തേവരയിൽനിന്നും വരുന്ന ഞങ്ങൾക്ക് ഏകദേശം 2 കി.മി. വരുന്ന നാട്ടുവഴിയിലൂടെയും, മറ്റ് പറമ്പുകളിലൂടെയും ഉള്ള ആ നടത്തം, താരതമ്യേന വലിയ ഒരു നടത്തം ആയിരുന്നു. അത് ലഘൂകരിക്കാൻ, വല്ലിച്ചായൻ ഒരു 50:50 സൂത്രവാക്യം നടപ്പാക്കി. 50 വരെ എണ്ണി ഓടുക, പിന്നെ അൻപത്, നടത്തം. (ഒരു പക്ഷെ, വല്ലിച്ചായന്റെ സ്കൗട്ട് പരിശീലനത്തിൽ നിന്നോ മറ്റോ ആർജ്ജിച്ചതാവാം). ചന്തയിലേക്ക് പോകുമ്പോൾ ഉള്ള ബിൽഡ് അപ്പ് ഒട്ടും മോശമായിരുന്നില്ല - എന്തെല്ലാം മേടിക്കണം, എന്തിന് ഉപയോഗിക്കണം, തുടങ്ങിയുള്ള കാര്യങ്ങൾ! ഏറ്റവും, ഓർത്തിരിക്കുന്നത്, പിടയ്ക്കുന്ന വരാൽ (അന്നൊക്കെ, ഞങ്ങളുടെയിടയിൽ 'ബ്രാൽ') മേടിക്കുന്നതും, അതിനെ എങ്ങനെ പാചകം ചെയ്യും എന്നതും ഒക്കെയാണ്.
ഞങ്ങൾ അപ്രകാരം കൂടുമ്പോൾ, എന്തെങ്കിലും കാരണം ഉണ്ടാക്കി, വികാരിയച്ചനെയും വീട്ടിൽ വിളിച്ചിരുന്നത് ഓർക്കുന്നു. അങ്ങനെ ഒരു സമ്പ്ര ദായമൊന്നും, ഞങ്ങളുടെ അങ്ങോട്ട് അധികം കണ്ടിട്ടില്ല. ഇന്ന് ഒരു 'അച്ചനായിരിക്കുമ്പോൾ' തോന്നിപ്പോകുന്നു, 'എത്ര നല്ല ആചാരങ്ങൾ'! ഈ ആചാരങ്ങൾ തളിയാടി ശാഖകൾ പലതും, പ്രത്യേകിച്ചും നമ്മുടെയൊക്കെ കാരണവരായ വാവച്ചായനെ കേന്ദ്രീകരിച്ച് ഒട്ടൊക്കെ നിലനിർത്തി കൊണ്ട് പോരുന്നു - പക്ഷെ, അതിൽ ഏറ്റവും സക്രിയമായ അനുഭവം, ഇച്ചായൻറെ അനന്തരവന്മാരായ അബി, ഷിബി, (വ്യക്തിപരമായി, രാജേട്ടൻ), എന്നിവരിൽ നിന്നുമാണ്.
ഒരു യോഗം എങ്ങനെ സംഘടിപ്പിക്കണം, അതിൽ എങ്ങനെ കാര്യപരിപാടികൾ ക്രമീകരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങൾ, അത്തരം കുടുംബവേദിയിൽ, വല്ലിച്ചായനിൽ നിന്നും കിട്ടിയ നിർദ്ദേശത്തിൽ നിന്നുമാണ്, സ്കൂൾ കാലത്തേ, എനിക്ക് ഒരു ആശയം ഉൾക്കൊള്ളാനായത്.
മറ്റൊരു അനുഭവം, ഒരു അയൽപക്ക ഉത്സവം പോലെ നടന്ന, പുര മേയൽ ആണ്. സാമാന്യം വലിയ തളിയാടി പുരയുടെ മേൽക്കൂര മൊത്തം നീക്കുന്നു; പല്ലി, പഴുതാര തുടങ്ങിയ ജീവികളും വിസ്ഥാപിക്കപെടുന്നുണ്ട്. തയ്യാർ ചെയ്തിരിക്കുന്ന പുതിയ മെടഞ്ഞ ഓലകൾ ക്രമമായി കെട്ടുന്നു. മൊത്തം പുര - മച്ച് അടക്കം - വൃത്തിയാവുന്നു. ഇടക്ക് ചായ, ഉച്ചക്ക് ഊണൊ - കഞ്ഞിയോ ഒക്കെ ഉണ്ട്. 4 മണിയോടെ എല്ലാം ഭദ്രം. എത്ര വലിയ ആസൂത്രണം - മഴ പെയ്യാത്ത ദിവസം; സാധന സാമഗ്രികൾ, കേടു പൊക്കുന്നതിന്നാവശ്യമായ വസ്തുക്കൾ, ആൾ ബലം, ഭക്ഷണം... വലിയ event management ആണ് - തികച്ചും സാമാന്യമായ ഒരു ദിനചര്യ പോലെ നടന്നു പോയത്. അതിന്റെയൊന്നും ഒരു പടം പോലും ഉണ്ടാവില്ല.
പിന്നീട് വരുമ്പോൾ മുകളിൽ ഓട് കയറി. പിന്നെയും ഒരു 2 പതിറ്റാണ്ട് - അജിയുടെ മേൽനോട്ടത്തിൽ ആധുനിക ചൂട് കെട്ടിടം. ഇന്ന് സുസ്ഥിര ജീവിത ശൈലിയുടെ വക്താവായി നടക്കുമ്പോൾ, അത്തരം ഭവനങ്ങൾ ഈ തത്വങ്ങൾ എത്ര സരളമായി വഹിച്ചിരുന്നുവെന്നും, കുറച്ചുകൂടി ആസൂത്രിതമായാൽ, ആധുനിക ശീതീകരണത്തിൻറെ ബാദ്ധ്യതകൾ ഇല്ലാതെ ചൂട് നിയന്ത്രിക്കുന്നതാക്കാം എന്നും നഷ്ടബോധത്തോടെ ഓർക്കുന്നു.
വ്യത്യസ്തമായ കാഴ്ചപാടുകൾ
നല്ല ഭക്ഷണം കൊടുക്കണം - അത് ഒരു ആദർശമായി വല്ലിച്ചായൻറെ വായിൽനിന്നും കേട്ടിരിക്കുന്നു. ചിലപ്പോൾ, അപ്പനിൽ നിന്നും കിട്ടിയതാകാം.
അപ്രകാരമുള്ള രണ്ട് ഓർമ്മകൾ: i) വാവച്ചയന്റെ പുത്തൻ കുർബ്ബാന, കൂടെ ബിജിയുടെയും എൻറെയും കുർബ്ബാന സ്വീകരണം. രണ്ടാമത്തേത് ചീരയും നനയുന്നു എന്ന പോലെയേ ഉളളൂ - തത്വത്തിലും, പ്രയോഗത്തിലും. പക്ഷെ, അന്ന് 'tea party' ഒക്കെ പുതുമയായിരുന്ന ഒരു കാലത്ത് നല്ല ഒന്നാം തരം ഒരു പന്തലും, പാർട്ടിയും ഒരുങ്ങിയത് ഓർക്കുന്നു. ഇനങ്ങളിൽ മുൻപിൽ ഉണ്ടായിരുന്നത് നല്ല മുഴുപ്പുള്ള ലഡ്ഡു - മലയാളികളുടെ ലഡു - തന്നെ! അത് 1972.
പിന്നീട്, 1978. അപ്പനെ ഓർക്കാൻ തെറ്റ് പറയാനില്ലാത്ത ഒരു ഊണ് കൊടുക്കണം എന്ന തീരുമാനം. അത് ഏഴിൻറെ അന്നുള്ള ഒരു സദ്യയായിരുന്നു. കേമമാക്കണം എന്ന് വല്ലിച്ചായന്റെ നേതൃത്വത്തിൽ എല്ലാവരും തീരുമാനിച്ചത് ഓർക്കുന്നു. കേമമായിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ വിഭവങ്ങൾ ഒന്നും ഓർക്കുന്നില്ല.
സമ്മാനം - കുഞ്ചായൻറെ പുതിയ വീട് - എങ്ങനെയോ സമ്മാനങ്ങൾ കൊടുക്കുന്ന കാര്യം ചർച്ചയിൽ വന്നു. അന്ന് ഒരു രൂപയും വലിയ കാര്യം തന്നെയാണ്. വല്ലിച്ചായൻ എന്നോട് പറഞ്ഞതോർക്കുന്നു: ഒരു രൂപയെങ്കൽ അത്, കഴുകി, കഞ്ഞി മുക്കി, തേച്ച് വെടിപ്പായി കൊടുക്കണം. അത് തന്നെ, വലിയൊരു സമ്മാനം. (അന്ന്, ദരിദ്രർ അല്ലെങ്കിലും, അങ്ങനെ കൊടുക്കാൻ, ഒരു രൂപയും, മൂന്നാം തരക്കാരൻറെ കൈവശം ഇല്ലായിരുന്നു എന്നത് ഒരു പച്ച പരമാർത്ഥം). പക്ഷെ, അലക്കി വെളുപ്പിച്ച് കഞ്ഞിമുക്കി തേച്ചെടുത്ത ഒരു നോട്ട് ഇന്നും ഒരു രസകരമായ സമ്മാനമായി മുന്നിൽ നില്കുന്നു.
പങ്കാളിത്തം - ഞാൻ എട്ടാം തരത്തിൽ പഠിക്കുമ്പോൾ, KCSL സംഘടനയുടെ മാനേജ്മെൻറ് കൗൺസിൽ അംഗമായി. അത് വല്ലിച്ചായൻ അറിഞ്ഞു. അതിന്റെ യോഗം കോട്ടയത്ത് നടന്നതിൻറെ വാർത്ത ദീപികയിൽ വന്നു. വിദ്യാർത്ഥി പ്രതിനിധികളുടെ പേരുകളും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പിന്നെ കണ്ടപ്പോൾ വല്ലിച്ചായൻ പറഞ്ഞു: അത്തരം വേദികളിൽ സ്വന്തം അഭിപ്രായം പറയണം. അപ്രകാരം പത്രത്തിൽ പരാമർശിക്കപ്പെടണം. ഞാൻ അത് മറന്നില്ല. പത്രത്തിൽ പരാമർശിക്കപ്പെടണം എന്നത് ഒരു വ്യഗ്രത ആയിട്ടില്ലെങ്കിലും, എന്റേതായി എന്തെങ്കിലും പങ്കുവക്കാനുണ്ടാകണം എന്നത് അത്തരം വേദികളിൽ എൻറെ ശീലമായി.
കൃഷി - ഭൂമി പരിപാലനം - എന്റെ സ്കൂൾ കാലത്ത് എനിക്ക് അനുഭവ പെട്ടിരുന്നതിനേക്കാൾ കാര്യമായി, പിൽക്കാലത്ത് മണ്ണും വിളവും കൊണ്ടുനടക്കാൻ ഇച്ചായൻ ഉത്സുകനായത് പോലെ എനിക്ക് തോന്നി. തളിയാടി പറമ്പ് കൂടുതൽ ഹരിതാഭവും, വിളവുകൾ നിറഞ്ഞതുമായി കാണപ്പെട്ടു. അദ്ധ്യാപനം, വേദപാഠം, കായികാദ്ധ്വാനം, സ്വന്തം ആരോഗ്യപരിപാലനം - ഇവയെല്ലാം സമ്മേളിപ്പിച്ച ജീവിതം. വിടപറയുന്നതിന് രണ്ട് വർഷം മുമ്പ് വരെ പോലും, ശാരീരിക വഴക്കം നിലനിർത്തിയിരുന്നത് ഓർക്കുന്നു - അന്നും പാദഹസ്താസനം (ആ പേരിലൊന്നും അല്ലെങ്കിലും) ചെയ്യുവാൻ സാധിച്ചിരുന്നു.
മക്കൾ പലരും വിദേശത്തായപ്പോൾ, ഞാൻ വല്ലിച്ചായനോട് ചോദിച്ചു അവിടെയൊന്നും പോകുന്നില്ലേ എന്ന് - ചുരുങ്ങിയത്, വിശുദ്ധ നാട്ടിലെങ്കിലും, പോകുന്നില്ലേ എന്ന്. അപ്രകാരമുള്ള ആഗ്രഹങ്ങൾ തീർത്തും ഇല്ലാത്ത പോലുള്ള മറുപടിയായിരുന്നു. ഒരു സാമാന്യ മധ്യമ ശ്രേണി വരുമാനക്കാരൻറെ യാഥാർത്ഥ്യബോധം നിറഞ്ഞ മറുപടി. പക്ഷെ, അതിന് ഏതാനും വർഷങ്ങൾക്കുള്ളിൽ, വല്ലിച്ചായനും അമ്മായിയും ഒരുമിച്ച് ആരോഗ്യത്തോടെ, ഈ പരന്ന ഭൂമിയുടെ കിഴക്കുമുതൽ പടിഞ്ഞാറ് വരെ അളന്നു - വിശുദ്ധ നാട് ദർശിച്ചു എന്നതെല്ലാം, അവരുടെ പുണ്യവും മക്കളുടെ സുകൃതവും ആയി കണ്ട് ഞാൻ പെരുത്ത് സന്തോഷിക്കുന്നു. അപ്രകാരമുള്ള ആദ്യത്തെ യാത്രയിൽ, മാർഗ്ഗമദ്ധ്യേ, കളമശ്ശേരിയിൽ നിറുത്തി, അമ്മായിയുടെ സ്നേഹം കലർന്ന അതിസ്വാദിഷ്ഠമായ ചെമ്മീൻ അച്ചാർ ഈയുള്ളവന് സമ്മാനിച്ച് പോകാൻ കാണിച്ച താല്പര്യവും ആ ബ്രാൻഡിൻറെ സ്വാദും ഇന്നും ഓർമ്മയിൽ തങ്ങുന്നു.
പൂച്ചാക്കൽ മുതൽ പള്ളിപ്പുറം വരെ, മാക്കെ കടവ് മുതൽ അന്ധകാരനഴി - പള്ളിക്കത്തോട് വരെ (വീണ്ടും വടക്കോട്ടും - തെക്കോട്ടും നീളാവുന്ന) പ്രദേശങ്ങളിലെ ഒരുമാതിരി പെട്ട ആരെയും പരിചയപ്പെടുമ്പോൾ, ആർക്കും ബന്ധപ്പെടുത്താവുന്ന ഒരു ചേർത്തല-ആലപ്പുഴ പ്രദേശത്തെ ലിങ്ക് ആയിരുന്നു 'ശൗരിയാർ' സാർ. അങ്ങനെ പറയുമ്പോൾ, അറിയാത്തവരായി പല തലമുറകളിലും പെട്ട ഒരു 1940-2000 എഡിഷനിൽ വരുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല.
എനിക്കുള്ള സംശയവും, വിഷമവും - ഇപ്രകാരം പൊതുകാര്യ പ്രസക്തനും, പൊതുനന്മക്കു വേണ്ടി നില നിന്നവനുമായ വല്ലിച്ചായൻ പ്രാദേശിക ഭരണ പ്രക്രിയയിൽ ഉൾപ്പെടാൻ ഇടവരാതിരുന്നതോ ശ്രമിക്കാതിരുന്നതോ എന്തേ എന്നതാണ്? ഒരു പക്ഷേ, വല്ലിച്ചായൻ പലപ്പോഴും ഉദ്ധരിച്ചിരുന്ന സ്വന്തം അപ്പൻറെ പ്രമാണങ്ങൾ തന്നെയാവാം കാരണം - ഒൻപതാം തരം (fifth form) പരീക്ഷാ ഫലം അറിയാൻ ചെന്ന പുത്രൻ അദ്ധ്യാപകാനായി തിരിച്ച് എത്തിയപ്പോൾ, തളിയാടിൽ അവിരാ പറഞ്ഞത് 'നീ നിനച്ചാൽ പോലും അഴിമതി ചെയ്യാൻ സാധിക്കാത്ത ഒരു തൊഴിലാണ് നിനക്ക് കിട്ടിയിരിക്കുന്നത് ' എന്നാണ്. അഴിമതിക്ക് ഇട വരുത്തുന്ന വേദികൾ തനിക്ക് യോജിക്കില്ല എന്നതാവാം അപ്രകാരം ഒഴിഞ്ഞു നിൽക്കാൻ കാരണം എന്ന് ഞാൻ അനുമാനിക്കുന്നു.
![]() |
| 94th birthday celebration |
ഇന്ന്, 9 പതിറ്റാണ്ടുകൾക്കുമേൽ ഈ ഭൂമിമേൽ നീണ്ട് നിവർന്ന് നന്മ ചെയ്തും പറഞ്ഞും നടന്ന, താൻ തന്നേ വെട്ടിയ 'തനി വഴിക്ക്' തൻറെ അപ്പനും, വിശുദ്ധ ഗ്രന്ഥവും, താൻ വായനയിലൂടെ ആർജിച്ച അറിവും മാത്രം ആശ്രയമായിരുന്ന അവിരാ ശൗരിയാറിനെ എൻറെ മുതിർന്ന കാരണവരായി അഭിമാനപൂർവം ഓർക്കുമ്പോൾ, ഉപമിക്കാൻ തോന്നുന്നത് ദൈവം അനുഗ്രഹങ്ങളുടെ പിതാവായി അഭിഷേചിച്ച പൂർവ്വപിതാവായ അബ്രഹാമിനെയാണ്. സ്വന്തം പിതാവായ വെല്ലുവിളികളുടെ പുത്രനായ അബ്രഹാം (അവിരാ), ഊരും, വീടും, വീട്ടുപേരും ഒക്കെ വിട്ടെറിഞ്ഞ് നീതി ബോധമുള്ള ഒരു നിഷേധിയായി ജീവിച്ചപ്പോൾ, മൂത്ത പുത്രൻ, കുടുംബത്തിൽ തുടങ്ങി, തന്റെ ഇടങ്ങളിൽ, നന്മ വിതച്ച്, ദൈവാനുഗ്രഹത്താൽ ആ നന്മകൾ കൊയ്ത് കടന്ന് പോയിരിക്കുന്നു. അനുഗ്രഹങ്ങളുടെ പിതാവ്!
സഫലമീ യാത്ര! പ്രിയ വല്ലിച്ചായന് നമോവാകം!

ഒത്തിരി നന്ന്. എഴുത്തും ഓർമകളും.
ReplyDeleteExcellent eulogy to a great human, our beloved vellichayan. Alphonsa Xavier.
ReplyDeleteExcellent. Haven't missed anything. You have done justice to Vellichayan's brilliant innings in this world.
ReplyDeleteExcellent write up. You haven't missed anything. You have done justice to Vellichayan's brilliant innings in this world.
ReplyDelete