Friday, 4 September 2026

മുംബൈനഗര സൈക്കിൾ സവാരികൾ 1995-97

മുംബൈനഗര സൈ

ക്കിൾ സവാരികൾ 1995-97  

SH College Sports Club -
Refurnished for use - make 1990s
ഞാൻ മുംബൈ യാത്രകൾ ചെയ്യുന്ന ഘട്ടത്തിൽ മുംബൈ 'ബോംബേ' തന്നെ ആയിരുന്നു. പെട്ടെന്നൊരു ദിവസം പ്രവേശന പരീക്ഷയ്ക്കുള്ള അറിയിപ്പ് (പോസ്റ്റ് കാർഡ്) കിട്ടി. തീവണ്ടി യാത്രക്കുള്ള സംവരണം ഉറപ്പാക്കാൻ സമയമില്ല. (അന്നൊക്കെ, പൂനെ വഴിയാണ് മുംബൈക്ക് പോകുന്നത് - 36 മുതൽ 40 മണിക്കൂർ വരെ എടുക്കും). ആന വണ്ടിയിൽ മംഗലാപുരം എത്തി. അവിടെ നിന്നും ബോംബേക്ക് മഹാരാഷ്ട്ര സർക്കാറിന്റെ എസ്ടി (ST) വണ്ടിയിൽ. ഏകദേശം 24 മണിക്കൂർ യാത്രയുണ്ട്. ബോംബേയിൽ പ്രവേശിച്ച് ചെമ്പൂരിനടുത്ത് എത്തുമ്പോൾ ഇരുട്ടി തുടങ്ങി. പക്ഷെ, വഴിയിൽ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് എന്ന ഫലകം എന്റെ കണ്ണിൽ പെട്ടു. 


തുടർന്ന്, ആരൊക്കെയോ നിർദേശിച്ച സ്ഥലത്ത് ഇറങ്ങി. പിന്നെ ബോംബേയുടെ ജീവനാഡി എന്ന് വിശേഷിപ്പിക്കാവുന്ന 'സബർബൻ ട്രെയിനി'ൽ (പ്രാദേശിക റെയിൽ) ആദ്യ അനുഭവം. ഒരു വിധത്തിൽ 'മലാഡിൽ ഇറങ്ങി. അവിടെയുള്ള CMI ഇടത്താവളത്തിൽ എത്തുപറ്റി. മുൻകൂട്ടി അറിയിച്ചിട്ടൊന്നുമല്ല എത്തുന്നത്. പക്ഷെ, മുഖ്യദൂതൻ (Archangel) എന്നുകൂടി അറിയപ്പെട്ടിരുന്ന മത്തായി ആക്കപ്പടി അച്ചൻ  ഒരു വൈമനസ്യവും കാട്ടാതെ സ്വീകരിച്ചു. കിടക്കാൻ ഇടം തന്നു. ഭക്ഷണം തന്നു. എൻറെ സ്‌കൂൾ കാലം മുതൽ പരിചിതനാണ് തേവര തിരുഹൃദയ കലാലയത്തിൻറെ പ്രഥമ അദ്ധ്യാപകനായി 1980ൽ വിരമിച്ച മത്തായി അച്ചൻ. 

അദ്ദേഹത്തിന്റെ തനത് പാചകവിധിയിൽ ഉണ്ടാക്കുന്ന സൂപ്പ് തന്നു. ഉച്ച ചോറു വാർക്കുമ്പോൾ ഉള്ള കഞ്ഞിവെള്ളമാണ് അതിൻറെ അടിസ്ഥാനം. അതോട് മറ്റ്  ചേരുവകകൾ ചേർത്ത് മോശം പറയാനാകാത്ത ഒരു സൂപ്പ് അദ്ദേഹം ഉണ്ടാക്കിയിരുന്നു. 

അടുത്ത ദിവസം പ്രവേശന പരീക്ഷ, സംഘാത ചർച്ച - അഭിമുഖത്തിനായി, തെരഞ്ഞെടുക്കപ്പെട്ടതിൻറെ അറിയിപ്പ്.  സന്ധ്യയായി - ഒന്നാം ദിവസം. 

രണ്ടാം ദിവസം - രണ്ട് അഭിമുഖങ്ങൾ. ആവശ്യപ്പെട്ട മേഖലയിൽ പ്രവേശനം. ഇനി നാട്ടിൽ പോയി തിരിച്ചു വരാൻ സമയമില്ല. രണ്ട് ദിവസങ്ങൾക്കുള്ളിൽ സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കയാണ്.  ഭാഗ്യത്തിന് ഹോസ്റ്റൽ സൗകര്യം ലഭിച്ചു. ഒരു മുറിയിൽ മൂന്ന് ഇരുനില കിടക്കകൾ.  ഭാരതത്തിൻറെ  വൈവിധ്യം അറിയിക്കുന്ന 6 വിദ്യാർത്ഥികൾ. 2 മറാഠികൾ, ഒരു UP ബ്രാഹ്മണൻ, ഒരു AP ദളിത് വംശജൻ, ഒരു ജാർഖണ്ഡ്‌ ഗോത്രവർഗക്കാരൻ, ഒരു മലയാളി ക്രൈസ്തവൻ.  6 പഠന മേശകൾ. പൊതു ശൗച-സ്നാന മുറികൾ. 

ഇനിയും രണ്ടു നാൾ ഉണ്ട്. ചെംബൂർ പരിസരം കറങ്ങി - ഒരു avon (എ-വൺ) സൈക്കിൾ, യോഗ പരിശീലിക്കാൻ ചൗക്കാളം  എന്ന് ഞങ്ങളൊക്കെ പറഞ്ഞിരുന്ന ഒരു  'ജമുക്കാളം' എന്നിവ സംഘടിപ്പിച്ചു.  അന്ന് ആ സൈക്കിളിന് വില 1500 ക.  തയ്യാറെടുപ്പ് പൂർത്തിയായി. 

പിന്നെയുള്ള രണ്ടു വർഷങ്ങൾ അന്നത്തെ ബോംബേയുടെ ഒരുവിധം എല്ലായിടവും ആ ഇരുചക്ര ശകടത്തിൽ കറങ്ങി.  അപ്പോഴേക്കും ബോംബേ മുംബൈ ആയി മാറിയിരുന്നു.   പക്ഷെ, ഇന്നത്തെ മേൽപാതകളോ, മെട്രോ ട്രെയിനോ ഒന്നുമില്ല.  നല്ല തിരക്കുണ്ടെങ്കിലും, ഗതാഗതം ഒരു പരിധി വരെ അച്ചടക്ക  പൂർണ്ണം.  പൊതുവിൽ നിരപ്പായതു കൊണ്ട് എവിടെയും ക്ലേശമില്ലാതെ പോകാം. വടക്ക് മലാഡ്, തെക്ക് പടിഞ്ഞാറ് നരിമാൻ പോയിൻറ്, കിഴക്ക് കല്യാൺ, തെക്ക് കിഴക്ക് പൻവേൽ ഒക്കെ എൻറെ സൈക്കിളിൻറെ ആരത്തിൽ പെടുന്നു. 

ഏറ്റവും കൂടുതൽ യാത്ര കിങ്‌സ് സർക്കിളിനടത്തുള്ള ചിൽഡ്രൻ'സ് എയിഡ് സോ 'ജുവനൈൽ ഹോം' സയണിലേക്കാണ്. അവിടെയുള്ള കേന്ദ്രത്തിൽ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടവരോ, അതോ പര്യാപ്തമായ കുടുംബസംരക്ഷണം ഇല്ലാത്തവരോ ആയ 16 വയസ്സിന് താഴെയുള്ള കുട്ടികളാണ് അതിലെ അന്തേവാസികൾ.  എൻറെ  പരിശീലന പങ്കാളിയായിരുന്ന രഷ്മി ഇന്ന് വിദേശത്തെവിടെയോ ജോലി ചെയ്യുന്നു. മറ്റൊരു ഫീൽഡ് വർക്ക് പങ്കാളി റിഞ്ചിൻ  ശർമ്മ, ഛത്തിസ്‌ഗഢിലെ ചൂഷിത വിഭാഗങ്ങൾക്കിടയിൽ കഥാപുസ്തകങ്ങളിലൂടെയും, ചലച്ചിത്രത്തിലൂടെയും വിദ്യാഭ്യാസ അവബോധന പ്രവർത്തനങ്ങൾ നടത്തുന്നു. അവരുടെ ഈ കൃതികൾ പല തലത്തിൽ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയിരിക്കുന്നു. അതൊക്കെ കാണുമ്പോൾ 'സാമൂഹ്യ പ്രവർത്തനം' ഒരു ഉപജീവനമാർഗത്തിനുള്ള സേവനവൃത്തിയിലും ഉപരിയാണെന്ന ബോദ്ധ്യവും ഉന്മേഷവും ലഭിക്കുന്നു - സ്വയം അപ്രകാരം ഒന്നും ഉയർന്നില്ലെങ്കിലും! 

എൻറെ സൈക്കിളിൻറെ മറ്റ് ഗന്തവ്യങ്ങൾ  - BARC (Bhaba Atomic Research Centre) - ലെ ചെറിയ ഷെഡ്‌ഡിലും, ചെമ്പൂർ - ഗോവണ്ടി അസ്സീസി നഗർ ഇടവകയിലും, ഇടക്കൊക്കെ ബാന്ദ്രയിലെ പരിശുദ്ധ മാതാവിൻറെ തീർത്ഥകേന്ദ്രത്തിലും  (മലയാളം ലാറ്റിൻ), ചെമ്പൂർ  OLPH പള്ളിയിലും, മാൻഖുർദിലെ തമിഴ് സമൂഹത്തിനും (തമിഴ്) ദിവ്യബലി അർപ്പിക്കാനായുള്ള  യാത്രകൾ. 

എൻറെ ഗ്രാമവികസന പരിശീലന കേന്ദ്രമായിരുന്ന ജാംഭുൽ പാഡയിലേക്ക് ചേമ്പുർ മലയാള ഇടവകയിലെ ഏതാനും ചെറുപ്പക്കാരൊപ്പം രണ്ടു ദിവസത്തെ സൈക്കിൾ യാത്ര നടത്തിയതാണ്, അതിലെ ഏറ്റം മെച്ചപ്പെട്ട പ്രകടനം. (ആശ്ചര്യകരം എന്നു പറയേണ്ടി വരും - അന്ന് 80-100 കി.മി.ദൂരം ഉണ്ടായിരുന്ന ജാമ്‌ഭുൽ പാഡ ഇന്ന് പുതിയ 'ശിവ്‌ഡി നവ്‌ഹാ ഷേവ അടൽ സേതു' വഴി കേവലം 31 കി.മി ആയി കുറഞ്ഞിരിക്കുന്നു. ആ സേതു വഴി ഒരു യാത്ര പോകണം എന്നത് ഇപ്പോൾ എൻറെ 'ബക്കറ്റ് സൂചിക'യിൽ പെട്ടിരിക്കുന്നു.) 

അത്ഭുതം എന്ന് പറയാം - ഈ രണ്ടു വർഷങ്ങളിലും ഒരു പ്രാവശ്യം പോലും എൻറെ AVON എന്നെ ചതിച്ചതായി ഓർക്കുന്നില്ല. സ്വന്തമായി ഒരു പമ്പ് പോലും ഇല്ലാതെ (അന്ന് അത് പോലും ഒരു ആർഭാടമായേ തോന്നിയിരുന്നുള്ളൂ) - in the old-fashioned way - അടുത്തുള്ള സൈക്കിൾ ഷോപ്പിൽ പോയി, 25-50 പൈസ മുടക്കി, ചക്രങ്ങളിൽ കാറ്റ് നിറച്ച്, ഞാൻ അത് കൊണ്ടുനടന്നു.  

രണ്ട് വർഷ പഠനം പൂർത്തിയാക്കി ആ ശകടത്തിൽ തിരികെ കൊച്ചിയിൽ എത്തണം എന്നായിരുന്നു ആഗ്രഹം. നാട്ടിൽ പോയി, കൈവശം ഉണ്ടായിരുന്ന ജംഗമ വസ്തുക്കൾ അവിടെ എത്തിച്ച ശേഷം മറ്റൊരു പ്രവേശന പരീക്ഷയ്ക്കായി ബോംബെയിൽ എത്തി. തിരികെ യാത്ര ആഘോഷമായി ആരംഭിച്ചു. കല്യാൺ രൂപതയിലെ അച്ചന്മാരുടെ ഒത്തുചേരലിൽ പങ്കെടുത്ത്, പുതിയ മെത്രാൻ  അഭിവന്ദ്യ തോമസ് ഇളവിനാലിനാൽ കൊടി താഴ്ത്തി വിട്ട എന്റെ ശകടം പിന്നെ നിൽക്കുന്നത്,  ലോണാവ്‌ല ഖണ്ടാല ചുരം  വഴി സഹ്യൻറെ ഭോർ ഘാട്ട്  താണ്ടി (മിക്കവാറും സൈക്കിൾ ചവിട്ടി തന്നെ, ഏകദേശം 1 കി മി മാത്രം ഉന്തിയും) പൂനെയിൽ എത്തുന്നു. ഏകദേശം 150 കി മി. ഒരു പത്ത് ദിവസം കൊണ്ട് കൊച്ചി എത്താം എന്നായിരുന്നു എൻറെ കണക്കുകൂട്ടൽ. 

മറ്റു പലരുടെയും എന്ന പോലെ എന്റെയും ഗുണകാംക്ഷിയായ മാരിയുസ് അച്ചൻ സ്നേഹപൂർവ്വം, എന്നാൽ ഒട്ടൊരു അത്ഭുതത്തോടും ഒട്ടേറെ ആശങ്കയോടും കൂടെ എന്നെ സ്വീകരിച്ചു.  പക്ഷെ അദ്ദേഹത്തിൻ്റെ ആശങ്ക എൻറെ അന്നത്തെ ബോസ്സ്, ഇന്നത്തെ കരിയിൽ മെത്രാപ്പോലീത്തയുടെ അടുത്ത് ഫോൺ സന്ദേശമായി എത്തി.   അദ്ദേഹം ദൂരഭാഷണത്തിലൂടെ നൽകിയ സന്ദേശം പ്രോത്സാഹനജനകമായിരുന്നില്ല. പിന്നെ, മാരിയുസ് അച്ചന്റെ നിർബന്ധവും - എല്ലാം കൂടെ ഇരുചക്രം പൂനെയിൽ ഉപേക്ഷിച്ച് (മാരിയുസ് അച്ചൻ അത് ഏറ്റെടുത്ത് 1500 ക നൽകി, ടിക്കറ്റും എടുത്തു തന്നു.) തീവണ്ടിയിൽ നാട്ടിലേക്ക് മടങ്ങി.  പിന്നെ 24 വർഷങ്ങൾ - തിരക്കിട്ട അധ്യാപന-ഭരണ ചുമതലകൾ! അപ്രകാരം ഒരു അവസരം കൈവന്നില്ല. അതിപ്പോഴും ഒരു നഷ്ടമായി നിൽക്കുന്നു. ഇക്കാര്യം, ഈ വർഷം, സന്ദര്ഭ വശാൽ, മാരിയുസ് അച്ഛനും കരിയിൽ മെത്രാപ്പോലീത്തയും ഓർക്കാൻ ഇട വന്നു. രണ്ടു പേർക്കും അതിൽ ഖേദമില്ല - ഖേദം എനിക്ക് മാത്രം. 

ഇതിങ്ങനെ എഴുതിപ്പോയി എന്നേ ഉള്ളൂ. മുംബൈ യാത്രയുടെ തനിമ 'മുംബൈ ലോക്കൽ' (സബർബൻ) ട്രെയിൻ യാത്ര തന്നെയാണ്. അതിൻെറ അനന്യ സ്വഭാവം ഇന്നും മാറിയിട്ടില്ല, എന്ന് വേണം വിചാരിക്കാൻ. അതിനെക്കുറിച്ച്, പിന്നീടെപ്പോഴെങ്കിലും. 


പിൻകുറിപ്പ് - സൈക്കിൾ വിറ്റ് കിട്ടിയ പണം കൊണ്ട് നാട്ടിൽ വന്ന് ഒരു പുതിയ സൈക്കിൾ വാങ്ങി - ഗിയർ ഒക്കെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പക്ഷെ എനിക്ക് അത് അത്ര ബോധിച്ചില്ല. ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം എൻറെ ഒരു സുഹൃത്ത് അത് 1000 ക. നൽകി എൻറെ അടുത്ത് നിന്ന് താല്പര്യപൂർവ്വം വാങ്ങി. അതേ തുകയ്ക്ക് മറ്റൊരു സുഹൃത്തിൽ നിന്നും  ഞാൻ വാങ്ങിയ അവൻ ഉപയോഗിച്ചിരുന്ന BSA സൈക്കിൾ, 25 വർഷമായി എന്റെ ഔദ്യോഗിക വാഹനമായി ഓടുന്നു - രജത ജൂബിലി പൂർത്തിയാക്കി. പക്ഷെ, 2026-ൽ, അതൊന്ന് മൊത്തത്തിൽ ചവിട്ടുയോഗ്യമാക്കാൻ Reuse - Repair മന്ത്രം ജപിക്കുന്ന എനിക്ക് 4500 ക മുടക്കേണ്ടി വന്നു.  But, still no regrets!! 

No comments:

Post a Comment