Thursday, 24 August 2023

ഐക്യം സമാധാനം വിട്ടുവീഴ്ച ബലിയേക്കാൾ പ്രധാനം

prasant.palakkappillil@cmi.in 

to 

athazhath@gmail.com 

24 Aug 2023

അഭിവന്ദ്യ ആൻഡ്രൂസ് മെത്രാൻ അറിയുവാൻ, 

സമാധാനവും അഭിവാദ്യങ്ങളും!


പിതാവ് എന്ന് അഭിസംബോധന ചെയ്യുവാൻ മനസ്സ് സമ്മതിക്കാത്തതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. 


അങ്ങുൾപ്പെടുന്ന സീറോ മലബാർ സഭാഅംഗങ്ങളുടെ സംഘം എടുത്തിരിക്കുന്ന തീരുമാനം കേവലം 'archeological or  museological' ആണെന്ന് ശക്‌തമായി വിശ്വസിക്കുമ്പോഴും, ആ തീരുമാനത്തിന് വഴങ്ങണം എന്ന് ഞാൻ പറയുന്നു.  കാരണം അതിൽ വാശി പിടിക്കാൻ മാത്രം  വിശ്വാസത്തിൻറെയും  നൈതികതയുടെയും കാര്യങ്ങൾ ഒന്നും തന്നെ ഞാൻ കാണുന്നില്ല. 


പക്ഷെ അങ്ങയുടെ ഭാഗത്തു അപ്രകാരമുള്ള ഒരു ശാഠ്യത്തിൽ ഒരു അക്രൈസ്‌തവ ritualism ഞാൻ കാണുന്നു. 


നാം സഭൈക്യത്തിനായി പ്രാർത്ഥിക്കുകയും, വിവിധ ക്രൈസ്തവ സഭകൾ (ഇതര മതങ്ങളും) എപ്രകാരം ഒരുമിച്ച് വരാം എന്ന് ചിന്തിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന (? ചെയ്യേണ്ടുന്ന) ഒരു കാലത്തിൽ അങ്ങയുടെ ക്രൈസ്തവ നേതൃത്വം, 'ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം' അറിയിച്ച ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിൻറെയും  അടയാളത്തെ കേവലം ഒരു ആചാരണാനുഷ്ഠാനത്തിൻറെ  കുരുക്കിൽ കുടുക്കിയില്ലേ? 

വഴക്കിൻറെയും ദുരഭിമാനത്തിൻറെയും ഒരു മാർഗ്ഗ(means)മാക്കി  മാറ്റിയില്ലേ? 

എന്ത് തരം  വിരോധാഭാസമാണിത് എന്ന് അങ്ങയെപ്പോലെ ഒരു പണ്ഡിതനെ ഞാൻ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ? 


ഇത്രയും ജനങ്ങൾ ദിവസം തോറുമുള്ള ബലിയർപ്പണത്തിലും, കൂട്ടായ്മായിലും പങ്കു ചേരാതിരിക്കുന്നതിലും പ്രധാനം  അനുഷ്ഠാനം തെറ്റാതിരിക്കുന്നതാണ് എന്നത് ഏത് ക്രൈസ്തവ ആധ്യാത്മികതയാവും, അതിന്  ഏത്  ദൈവശാസ്ത്ര ന്യായീകരണം നൽകിയാൽ മതിയാകും എന്നത് എന്നെ ചിന്തിപ്പിക്കുന്നു. 


അങ്ങയുടെ ഈ തീരുമാനങ്ങളും നേതൃത്വവും ക്രിസ്തു മാർഗ്ഗം എത്ര കണ്ട് വളർത്തി, അങ്ങയുടെ മുൻകൈയിൽ തുരത്തിയോടിക്കപ്പെട്ട, കരിയിൽ മെത്രാന് ചെയ്യാനാവാത്ത എന്ത് കാര്യം ഈ ഒരു വർഷത്തിൽ അങ്ങ് നേടി എന്ന് സ്വയം പരിശോധിച്ച്, അതേ  മാനദണ്ഡമനുസരിച്ച് അങ്ങും ഈ ഇടം വിട്ട് പോകണം എന്നാണ് എൻറെ  അഭ്യർത്ഥന. 


പാപികളോട് കരുണ കാണിച്ച, തള്ളി പറഞ്ഞ പത്രോസിനെ തന്റെ ശിഷ്യരുടെ തലവനാക്കിയ,  ഈശോയുടെ സഭയാണ് ഒരു അനുഷ്‌ഠാനത്തിന്റെ പേരിൽ വൈദികരെയും ഇതര വിശ്വാസികളെയും സഭക്ക് പുറത്താക്കുമെന്ന് ഭീഷണിപെടുത്തുന്നത്. 

എത്ര വികലമായ ഒരു ക്രിസ്തീയതയാണിത് ? 


വ്യഭിചാരവും, ഭ്രൂണഹത്യയും, കൊലപാതകവും ചെയ്യുന്നവരെപ്പോലും പൊറുക്കുന്ന സഭ കേവലം ഒരു അനുഷ്ഠാനത്തിൻറെ വ്യഗ്രതയിൽ സ്വയം ഭിന്നിക്കാൻ അനുവദിക്കുമെന്നോ? 


അങ്ങയുടെ നേതൃത്വം കേരളത്തിലെ ചില രാഷ്ട്രീയക്കാരുടെയും ഈയിടെ കുപ്രസിദ്ധിയാര്ജിച്ച ചില വൻ ചലച്ചിത്ര താരങ്ങളുടെയും ശ്രേണിയിൽ പെടുന്നതായാണ് തോന്നുന്നത്. ഇതിൽ ക്രിസ്തു സ്നേഹത്തിന്റെ ഒരു നന്മ കാണുന്നില്ല - അവിടുന്നു വാഗ്ദാനം ചെയ്ത സത്യത്തിൻറെ  സ്വന്തന്ത്ര്യം കാണുന്നില്ല.  മറിച്ച് ചാണക്യാചാര്യൻറെ  ദാമ, ദണ്ഡ, ഭേദ നീതി കാണുന്നു. 


പ്രകടമായി കാണപ്പെടുന്നത് പാരമ്പര്യവാദം, അധികാരദുഷ്പ്രഭുത്വം, അനുഷ്ഠാനവാദം, പ്രീശത്വം, വിഭാഗീയ തന്ത്രം, നാർസിസ്സിസം എന്നിവ. 

വിശുദ്ധ ബലിയർപ്പണത്തിന് ഒരാൾ വന്നാൽ വലിയ കാര്യം എന്ന് ചിന്തിക്കുന്ന അനേകം പള്ളികൾ ഇന്ത്യയിലും വിദേശത്തും (വിദേശത്ത് അങ്ങു വേണ്ടുവോളം  കണ്ടിരിക്കും എന്നറിയാം) കണ്ടിരിക്കുമ്പോൾ, നൂറു കണക്കിന് വിശ്വാസികൾക്ക് ബലിയർപ്പണം നിഷേധിക്കുന്നത് റോമൻ കാനൻ കത്തോലികമാകുമെങ്കിലും, എപ്രകാരം ക്രൈസ്തവമാകും എന്ന് ബലമായി ശങ്കിക്കുന്നു. 


ഇത്രയും വിഷമങ്ങൾ എഴുതുമ്പോളും ഒരു അക്രൈസ്തവ കാലുഷ്യം ഉള്ളിൽ നിൽക്കുമ്പോഴും, എല്ലാ ദിവസവും അങ്ങയെ ബലിവേദിയിൽ അനുസ്മരിക്കുകയും, അങ്ങയുടെയും അങ്ങയുടെ സിൽബ ന്ധികളുടെയും  നേതൃത്വത്തിൽ ആണെങ്കിൽ പോലും സഭയിൽ ഐക്യം ഉണ്ടാകാനും, ദുർമാതൃക ഇല്ലാതിരിക്കുവാനും പ്രാർത്ഥിക്കുകയും  ചെയ്യൂന്നു. 


വിധേയൻ 


പ്രശാന്ത് പാലക്കാപ്പിള്ളിൽ സിഎംഐ

6 comments:

  1. Well said ! An Empowered Priest & Social Worker

    ReplyDelete
  2. Very well said. As Christ's Priests, you are expected to speak the truth, if need be, even to your superiors ( in the hierarchy, not necessarily in living the faith).
    Together, some of these so called Shepherds are destroying our/Christ's Church. They are allowing the substance to be lost for style.

    ReplyDelete
  3. Excellent wrie up, very calmly saying the truth!

    ReplyDelete
  4. A distorted manipulation of this blog being circulated in March 2026

    എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയ ചേട്ടന്മാർ അറിയുവാൻ..,

    സമാധാനവും അഭിവാദ്യങ്ങളും..‼️

    വൈദികർ എന്ന് അഭിസംബോധന ചെയ്യുവാൻ മനസ്സ് സമ്മതിക്കാത്തതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്...

    നിങ്ങൾ ഉൾപ്പെടുന്ന വിമത സംഘം എടുത്തിരിക്കുന്ന തീരുമാനം കേവലം 'archeological or museological' ആണെന്ന് ശക്‌തമായി വിശ്വസിക്കുമ്പോഴും, ആ തീരുമാനത്തിന് സഭ വഴങ്ങണം എന്ന് ഞാൻ പറയുന്നു. കാരണം അതിൽ വാശി പിടിക്കാൻ മാത്രം വിശ്വാസത്തിൻറെയും നൈതികതയുടെയും കാര്യങ്ങൾ ഒന്നും തന്നെ ഞാൻ കാണുന്നില്ല.

    പക്ഷെ നിങ്ങളുടെ ഭാഗത്തു അപ്രകാരമുള്ള ഒരു ശാഠ്യത്തിൽ ഒരു അക്രൈസ്‌തവ ritualism ഞാൻ കാണുന്നു.

    നാം സഭൈക്യത്തിനായി പ്രാർത്ഥിക്കുകയും, വിവിധ ക്രൈസ്തവ സഭകൾ (ഇതര മതങ്ങളും) എപ്രകാരം ഒരുമിച്ച് വരാം എന്ന് ചിന്തിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന (? ചെയ്യേണ്ടുന്ന) ഒരു കാലത്തിൽ നിങ്ങളുടെ ക്രൈസ്തവ നേതൃത്വം, 'ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം' അറിയിച്ച ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിൻറെയും അടയാളത്തെ കേവലം ജനാഭിമുഖ കുർബാന എന്ന ഒരു ആചാരണാനുഷ്ഠാനത്തിൻറെ കുരുക്കിൽ കുടുക്കിയില്ലേ?

    വഴക്കിൻറെയും ദുരഭിമാനത്തിൻറെയും ഒരു മാർഗ്ഗ(means)മാക്കി മാറ്റിയില്ലേ?

    എന്ത് തരം വിരോധാഭാസമാണിത് എന്ന് നിങ്ങളെപ്പോലെയുള്ള പണ്ഡിത ശ്രേഷ്ഠരെ ഞാൻ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ?

    ഇത്രയും ജനങ്ങൾ ദിവസം തോറുമുള്ള ബലിയർപ്പണത്തിലും, കൂട്ടായ്മായിലും പങ്കു ചേരാതിരിക്കുന്നതിലും പ്രധാനം ജനാഭിമുഖ ബലിയുടെ അനുഷ്ഠാനം തെറ്റാതിരിക്കുന്നതാണ് എന്നത് ഏത് ക്രൈസ്തവ ആധ്യാത്മികതയാവും, അതിന് ഏത് ദൈവശാസ്ത്ര ന്യായീകരണം നൽകിയാൽ മതിയാകും എന്നത് എന്നെ ചിന്തിപ്പിക്കുന്നു.

    നിങ്ങളുടെ ഈ തീരുമാനങ്ങളും, കടുംപിടുത്തവും, നേതൃത്വവും ക്രിസ്തു മാർഗ്ഗം എത്ര കണ്ട് വളർത്തി, നിങ്ങളുടെ മുൻകൈയിൽ തുരത്തിയോടിക്കപ്പെട്ട, എടയന്ത്രത്ത് മെത്രാന് ചെയ്യാനാവാത്ത എന്ത് കാര്യം ഈ മൂന്ന് വർഷത്തിൽ നിങ്ങൾ നേടി എന്ന് സ്വയം പരിശോധിച്ച്, അതേ മാനദണ്ഡമനുസരിച്ച് നിങ്ങളെല്ലാവരും ഈ ഇടം വിട്ട് പോകണം എന്നാണ് എൻറെ അഭ്യർത്ഥന.

    പാപികളോട് കരുണ കാണിച്ച, തള്ളി പറഞ്ഞ പത്രോസിനെ തന്റെ ശിഷ്യരുടെ തലവനാക്കിയ, ഈശോയുടെ പുരോഹിതരാണ് ഒരു അനുഷ്‌ഠാനത്തിന്റെ പേരിൽ മാർപാപ്പയേയും കത്തോലിക്കാ സഭയയേയും തള്ളിപ്പറയുന്നത് .

    എത്ര വികലമായ ഒരു ക്രിസ്തീയതയാണിത് ?

    വ്യഭിചാരവും, ഭ്രൂണഹത്യയും, കൊലപാതകവും ചെയ്യുന്നവരെപ്പോലും പൊറുക്കുന്ന ക്രിസ്തീയത ജനാഭിമുഖം എന്ന കേവലം ഒരു അനുഷ്ഠാനത്തിൻറെ വ്യഗ്രതയിൽ സ്വയം ഭിന്നിക്കാൻ അനുവദിക്കുമെന്നോ?

    നിങ്ങളുടെ നേതൃത്വം കേരളത്തിലെ ചില രാഷ്ട്രീയക്കാരുടെയും ഈയിടെ കുപ്രസിദ്ധിയാര്ജിച്ച ചില വൻ ചലച്ചിത്ര താരങ്ങളുടെയും ശ്രേണിയിൽ പെടുന്നതായാണ് തോന്നുന്നത്. ഇതിൽ ക്രിസ്തു സ്നേഹത്തിന്റെ ഒരു നന്മ കാണുന്നില്ല - അവിടുന്നു വാഗ്ദാനം ചെയ്ത സത്യത്തിൻറെ സ്വന്തന്ത്ര്യം കാണുന്നില്ല. മറിച്ച് ചാണക്യാചാര്യന്മാരുടെ ദാമ, ദണ്ഡ, ഭേദ നീതി കാണുന്നു.

    പ്രകടമായി കാണപ്പെടുന്നത് അന്തമായ പ്രാദേശികവാദം, അധികാരദുഷ്പ്രഭുത്വം, അനുഷ്ഠാനവാദം, പ്രീശത്വം, വിഭാഗീയ തന്ത്രം, നാർസിസ്സിസം എന്നിവ.

    വിശുദ്ധ ബലിയർപ്പണത്തിന് ഒരാൾ വന്നാൽ വലിയ കാര്യം എന്ന് ചിന്തിക്കുന്ന അനേകം പള്ളികൾ ഇന്ത്യയിലും വിദേശത്തും (വിദേശത്ത് നിങ്ങൾ വേണ്ടുവോളം കണ്ടിരിക്കും എന്നറിയാം) കണ്ടിരിക്കുമ്പോൾ, നൂറു കണക്കിന് വിശ്വാസികൾക്ക് സഭയുടെ ഔദ്യോഗിക ബലിയർപ്പണം നിഷേധിക്കുന്നത് റോമൻ കാനൻ കത്തോലികമാകുമെങ്കിലും, എപ്രകാരം ക്രൈസ്തവമാകും എന്ന് ബലമായി ശങ്കിക്കുന്നു.
    ഇത്രയും വിഷമങ്ങൾ എഴുതുമ്പോളും ഒരു അക്രൈസ്തവ കാലുഷ്യം ഉള്ളിൽ നിൽക്കുമ്പോഴും, എല്ലാ ദിവസവും നിങ്ങളെ ബലിവേദിയിൽ അനുസ്മരിക്കുകയും, നിങ്ങളുടെയും നിങ്ങളുടെ സിൽബ ന്ധികളുടെയും നേതൃത്വത്തിൽ ആണെങ്കിൽ പോലും സഭയിൽ ഐക്യം ഉണ്ടാകാനും, ദുർമാതൃക ഇല്ലാതിരിക്കുവാനും പ്രാർത്ഥിക്കുകയും ചെയ്യൂന്നു.

    പ്രിയ സുഹൃത്ത് ..
    പ്രശാന്ത് പാലക്കാപ്പിള്ളിൽ സിഎംഐ
    (തേവര സെക്രട്ട് ഹാർട്ട്‌ കോളേജ് മുൻ പ്രിൻസിപ്പൽ)

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  5. My comment on this unwarranted manipulative act:
    ഒരാളുടെ അഭിപ്രായം തുറന്ന് പറയുന്നതും - അത് എത്ര കണ്ട് അനഭികാമ്യമാണെങ്കിലും, ഒരാളുടെ അഭിപ്രായം എന്ന പേരിൽ, അയാളുടെ അറിവോ അനുവാദമോ ഇല്ലാതെ അയാളുടെ ചിത്രവും വച്ച്, അയാൾ ചിന്തിക്കുകയോ യോജിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുക എന്നതും വളരെ വ്യത്യസ്തമായ സമീപനങ്ങൾ ആണ് എന്ന് തോന്നുന്നു. ആദ്യത്തേത് അപ്രിയമായിരിക്കാം. രണ്ടാമത്തേത് കുറ്റകരവും. വസ്തുത വിരുദ്ധമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാം. ആൻഡ്രുസ് പിതാവിനോടുള്ള എന്റെ പ്രതികരണത്തിൽ കാലുഷ്യമോ വൈരാഗ്യമോ കലർന്നിട്ടുള്ളതായി തോന്നിയെങ്കിൽ, അതിന് മാപ്പ്! അതില്ല - മടുപ്പ് മാത്രം! ഇത്രയും കഴിവും അറിവും ഉള്ള ഒരു അജപാലകനിൽ നിന്നും എത്രയോ മെച്ചപ്പെട്ട പ്രശ്ന പരിഹാരം ഉണ്ടാകാം, ഇതല്ലല്ലോ നടക്കേണ്ടത് എന്ന ഖിന്നത മാത്രം.

    രണ്ടാമത്തെ സമീപനം, എപ്രകാരം 'വിശുദ്ധർക്കുള്ള വിശുദ്ധ കുർബാനയുടെ' സംരക്ഷണമാകും? ദൈവകൃപയുടെ സ്രോതസ്സായ കുർബാന നമ്മെയാണോ സംരക്ഷിക്കേണ്ടത്, അതോ, കേവലം മാനുഷികമായ ആചാരാനുഷ്‌ഠാനങ്ങളിൽ നാം ഒതുക്കുന്ന കുർബാനയാണോ സംരക്ഷിക്കപ്പെടേണ്ടത്?
    പക്ഷെ അതിന് പ്രതികരിക്കാൻ അല്ലെങ്കിൽ അങ്ങനെയുള്ള ഒരു സംരക്ഷണത്തിന് വക്രതാപൂർണവും കുറ്റകരവുമായ (criminal) വഴികൾ തെരഞ്ഞെടുക്കുക തികച്ചും അനഭിലഷണീയം, അക്രൈസ്തവം! അങ്ങനെ ചെയ്യുക വഴി അവരുടെ കുത്സിത പ്രവണതകൾ അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് അതിലുള്ള നന്മ.

    ഈ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ്, ഇപ്രകാരമുള്ള കാലുഷ്യങ്ങളും കലാപങ്ങളും ഇല്ലാത്ത ഒരു സഭയിൽ ശാന്തമായി ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന എന്നെ എന്തിന് ഇപ്പോൾ ഇതിൽ വലിച്ചിഴക്കണം എന്നത് ആശ്ചര്യകരമായിരിക്കുന്നു.

    ReplyDelete