മിതത്വം
മിതത്വം - വിടുതലിലേക്കുള്ള വഴിയിൽ വന്നു ചേരേണ്ട മനോഭാവവും അവസ്ഥയും ആണ് അത്. വിടുതൽ എന്ന് പറയുമ്പോൾ, ചിലപ്പോൾ മലയാളിക്ക് അത്ര രസം തോന്നണമെന്നില്ല. അതുകൊണ്ട് 'സന്തോഷം' എന്ന ലക്ഷ്യമായിരിക്കും കുറച്ചുകൂടി ഇണങ്ങുന്നത്. സ്ഥായിയായ സുഖം ഉള്ള അവസ്ഥയായിരിക്കാം 'വിടുതൽ അല്ലെങ്കിൽ മുക്തി അല്ലെങ്കിൽ മോചനം' (liberation) എന്നൊക്കെ പറയുന്ന സ്ഥിതി. ആത്യന്തികമായി മനുഷ്യപ്രയത്നമെല്ലാം സന്തോഷം ലഭിക്കാൻ വേണ്ടിയുള്ളവയാണ് എന്നാണ് ജ്ഞാനികൾ പറയുന്നത്. ക്ലേശകരമായ കാര്യങ്ങൾ, ത്യാഗപൂർണമായ, വേദന നിറഞ്ഞ പരിശ്രമങ്ങൾ - എല്ലാം ലക്‌ഷ്യം വയ്ക്കുന്നത് ഈ അവസ്ഥ തന്നെയല്ലേ?
ഈദൃശമായ യോഗാവസ്ഥയെക്കുറിച്ചുള്ള ഗീതാകഥനം വളരെ ഗഹനവും ആകർഷകവും അതേ സമയം വളരെ വെല്ലുവിളി നിറഞ്ഞതും ആകാം:
സിദ്ധ്യസിദ്ധയോ: സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ || (2:48)
സുഖ-ദുഃഖേ സമീകൃത്വാ ലാഭാലാഭൗ ജയാജയൗ|
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി|| (2:38)
ലളിതമായി പറഞ്ഞാൽ, സുഖ-ദുഃഖ, വിജയ-പരാജയ, നേട്ടകോട്ട-ങ്ങൾക്ക് അതീതരാകാൻ സാധിക്കുക. പൂർണമായ സന്തോഷം (യോഹ. 15:11), 'ആരും എടുത്തു കളയാത്ത സന്തോഷം' (യോഹ. 16:22) എന്നൊക്കെ യേശു പറയുന്നതും ഇതൊക്കെ തന്നെ. കാരുണ്യ (അനുകമ്പ)ത്തിലൂടെയും, (വിശ്വ)മൈത്രിയിലൂടെയും എത്തിച്ചേരുന്ന സ്ഥായിയായ സന്തോഷത്തിന് 'മുദിത' എന്നാണ് തഥാഗതൻ (Sri Buddha as one who has thus gone) പറയുക.
ഇത്രയും ഒക്കെ പറയുന്നത് ഒരു അതിഭൗതിക തലത്തിൽ നിന്നാണെങ്കിൽ, നമുക്ക് സാധാരണ ഭൂമിയിലെ ജീവിതത്തിൽ സ്ഥായിയായ സുഖം-സന്തോഷം ലഭിക്കുന്ന മാര്ഗങ്ങളിലേക്കും എത്തി നോക്കാം.
ഭൂമിയിലെ ജീവജാലങ്ങളൊക്കെ തന്നെ സുഖത്തിൻറെ സ്ഥിതി എത്തുന്നത്, പ്രധാനമായും ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണം, വെള്ളം, വായു, സുരക്ഷിതമായിരിക്കാൻ ഇണങ്ങുന്ന ഇടം (സ്ഥിതി) എന്നിവ ഉറപ്പാകുമ്പോഴാണ്. വളരെ അപൂർവ്വം ജീവികൾ മാത്രമാണ് ഭാവിയിലേക്ക് കരുതി വയ്ക്കുന്നത്. അതും മിക്കവാറും ഡീഫോൾട് (default) ആയി ചെയ്തു പോകുന്നതാണ്. ഒരു നിശ്ചിത പരിധിക്കപ്പുറമൊന്നും ഇത് പോകാറില്ല.
മനുഷ്യ ജീവികൾ ഇവയിൽ നിന്ന് വ്യത്യസ്തരാകുന്നത് ഇനിയുള്ള നാളുകൾ എങ്ങനെ കഴിയും, അതിനായി എനിക്കും, എൻറെ ആളുകൾക്കും ഭാവിയിൽ - സമീപ-വിദൂര ഭാവിയിൽ - ഇവയെല്ലാം (മനുഷ്യരെ സംബന്ധിച്ച്, സുരക്ഷിതമായിരിക്കുന്ന സ്ഥിതിയിൽ വസ്ത്രവും പാർപ്പിടവും, ഇവയൊക്കെ നേടിയെടുക്കാനുള്ള പരിശീലനവും - വിദ്യാഭ്യാസം - ഉൾപ്പെടുന്നു) ഉറപ്പാക്കാനുള്ള തത്രപ്പാടും, ആസൂത്രണവും, ആകുലതയും ആണ്. അത് ഏത് തോത് വരെ എത്തിയാലും 'പോരാ, പോരാ' എന്നതാണ് പൊതുവിൽ മനുഷ്യ നിലപാട്. ഈ പരാക്രമത്തിന് മനുഷ്യർ കൊടുത്തിരിക്കുന്ന പേരാണ് 'പുരോഗതി' (progress). ഈ പേരിൽ ഒറ്റയ്ക്കും കൂട്ടമായും രാഷ്ട്രമായും ഒക്കെ മനുഷ്യർ ഈ ഭൂമിയിലെ ജീവജാലങ്ങളുടെയും, ഇതര വിഭവങ്ങളുടെയും, ആവാസവ്യവസ്ഥകളുടെയും ചൂഷണം, അവയുടെ മേൽ നടത്തുന്ന ആക്രമണങ്ങൾ, 'പുരോഗതി' വർദ്ധിപ്പിക്കുമ്പോൾ, സുഖം, സന്തോഷം എന്നിവ മരീചികയാകുകയും, അവയ്ക്കായി രോഗചികിത്സ - ശാരീരികവും, മാനസികവും, സാമൂഹികവും, ആദ്ധ്യാത്മികവും - വേണ്ടി വരികയും ചെയ്യുന്നു. അതുകൊണ്ടാകണം, ആധുനിക പുരോഗതി കണക്കുകൂട്ടലിൽ, രോഗചികിത്സാ സൗകര്യങ്ങൾക്ക് വലിയ പ്രാമുഖ്യം കൊടുത്തു വരുന്നത്.
പക്ഷെ, ഇതിലും ഭയപ്പെടുത്തുന്ന ഒരു സത്യം, പുരോഗതിയുടെ ഈ ഗതിവേഗത്തിൽ ഈ ഭൂമുഖത്തെ ജീവനും, ഈ ഭൂമിക്കു തന്നെയും നിലനിൽക്കുവാൻ (sustain) സാധിക്കുമോ എന്നത് അലട്ടുന്ന ചോദ്യമായി മാറിയിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ ഈ യാഥാർത്ഥ്യം മനസ്സിലാക്കി എന്നതിൻറെ തെളിവാണ് 2000 ആണ്ട് മുതൽ അംഗീകരിച്ചുവരുന്ന 'വികസന' ലക്ഷ്യങ്ങൾ. 2015 ആയപ്പോൾ അവയ്‌ക്ക് 'സുസ്ഥിരത'യുടെ മാനം ഏറി. 2015ൽ അംഗീകരിക്കപ്പെട്ട വികസന ലക്ഷ്യങ്ങളിൽ, ഭൂമുഖത്തെ ഏതൊരു വ്യക്തിക്കും അറിഞ്ഞോ അറിയാതെയോ ബാധകമാകുന്നതാണ് ലക്‌ഷ്യം 12 - ഉത്തരവാദിത്തപൂര്ണമായ ഉപഭോഗവും, ഉത്പാദനവും.
മിനിമലിസ്റ്റ് വിചാരങ്ങൾ ഇവ രണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. മിനിമലിസത്തിൽ നിന്നും മാക്സിമലിസത്തിലേക്ക് മനുഷ്യരെ നയിക്കുന്നത് ഉത്തമ ലക്ഷ്യങ്ങൾ ആയിരിക്കാം - നന്മ, മര്യാദ, കുടുംബ-സ്ഥാപനസുരക്ഷ, വിഭവങ്ങൾ ഉറപ്പാക്കൽ, കാര്യക്ഷമത...രണ്ട് കൗപീനം മാത്രം കൈമുതലായി ജീവിച്ചിരുന്ന നിസ്വൻ തൻറെ ലാളിത്യം ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് വലിയൊരു വ്യവസായി ആയി മാറിയത് - കൗപീനം നശിപ്പിക്കുന്ന എലിയെ പിടിക്കാൻ ഒരു പൂച്ച, പൂച്ചയ്ക്ക് പാൽ കൊടുക്കാൻ ഒരു പശു, പശുവിന് തീറ്റിക്കായി ഒരു വയൽ, വയൽ ഉഴുവാൻ കാള, പശുവിനെയും കാളയെയും അവയെ നോക്കുന്ന തന്നെയും നോക്കുവാൻ ഒരു ഭാര്യ, ... അങ്ങനെ തുടങ്ങിയാണ് അയാൾ വലിയൊരു സംരംഭകനായി മാറിയത്... തെറ്റൊന്നും പറയാനില്ല.
ഞാൻ അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിക്കാറായ ഘട്ടത്തിൽ, ഒരു മാധ്യമ വിദ്യാർത്ഥി എന്നെ സമീപിച്ച് ചോദിച്ചു: ഫാദർ ഒരു മിനിമലിസ്റ്റ് ആണോ? വാക്കിൽ എനിക്ക് വലിയ അപരിചതത്വം തോന്നിയില്ലെങ്കിലും, അങ്ങനെ ഒരു പ്രയോഗം, ഞാൻ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. പക്ഷെ, ആ ചോദ്യത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം, 11 വർഷങ്ങൾ കഴിഞ്ഞ് തേവരയിൽ നിന്നും എനിക്ക് മറ്റൊരിടത്തേക്ക് മാറേണ്ടി വന്നപ്പോൾ ആണ്, മറ്റുള്ളവരുടെ ധാരണകളുടെയും, എൻറെ തന്നെ പൊള്ളത്തരത്തിൻറെയും തോത് എനിക്ക് മനസ്സിലായത്.
കാര്യമായി ഒന്നും, പുസ്തകങ്ങൾ പോലും സമ്പാദിക്കാൻ ശ്രമിച്ചില്ല എങ്കിലും, ബോധപൂർവം വസ്ത്രങ്ങൾ, ഇതര ഉപയോഗ സാധനങ്ങൾ ഒഴിവാക്കണമെന്ന് തീരുമാനിച്ച് ശ്രമിച്ചിരുന്നെങ്കിലും, കേവലം ഒരു മുറിയിൽ (ഔദ്യോഗിക കാര്യാലയത്തിന് പുറമേ) മാത്രമായി ഒതുങ്ങിയിരുന്ന എൻറെ സമ്പാദ്യങ്ങൾ അടുക്കി കൂട്ടുവാൻ എനിക്ക് ഏകദേശം മൂന്ന് ദിവസങ്ങൾ വേണ്ടിവന്നു. 200ൽ പരം പുസ്തകങ്ങൾ സംഭാവന ചെയ്തുവെങ്കിലും, വീണ്ടും, അത്രയോ, അതിലധികമോ - ഇനിയും വായിക്കാം, പഠിക്കാം എന്നൊക്കെ വിചാരിച്ച് കൂട്ടി വച്ചിരിക്കുന്നു. വീണ്ടും പഠിക്കാം എന്ന് കരുതി വച്ചിരുന്ന പഠിച്ച കാലത്തെയും, പഠിപ്പിച്ച കാലത്തെയും കുറിപ്പുകൾ (അവയിൽ പകുതിയും, ഒരു വശം അച്ചടിച്ച കടലാസുകൾ ആയിരുന്നു) തെല്ലൊരു വ്യഥയോടെ ഉപേക്ഷിച്ചു. കേവലം ഉപയോഗ ശൂന്യമല്ലാതായവ ഒഴികെ ഉള്ള വസ്ത്രങ്ങൾ എല്ലാം തന്നെയും, പാദരക്ഷകളും കൂടെ കൂട്ടി. പുറംതള്ളാനുണ്ടായിരുന്നവ എല്ലാം കൂടി ആറ് കുട്ടി ചാക്ക് നിറയെ മാലിന്യങ്ങൾ. (പാഴ്‌വസ്തുക്കൾ എന്ന് പറയുകയാവും ഉചിതം) അവ ക്രമമായി തരം തിരിച്ച്, ഒന്നും തന്നെ കത്തിക്കാൻ ഇട വരാത്ത രീതിയിൽ ക്രമീകരിച്ചു. എല്ലാം കൂടെ വന്നപ്പോൾ 1980 ൽ സന്ന്യാസ പരിശീലനത്തിന് ചേർന്നപ്പോൾ കിട്ടിയ 'ട്രങ്ക് ' പെട്ടിയും, എന്റെ സ്റ്റാമ്പ്-നാണയ ശേഖരമടങ്ങിയ ഒരു പെട്ടിയും, പിന്നീട് വന്നു ചേർന്ന ഒരു VIP സ്യൂട്ട് കേസും നാല് കടലാസ്സ് പെട്ടികളിലുമായി സമ്പാദ്യങ്ങൾ ഒതുക്കി. ഇത് നേട്ടമായോ, ക്രിസ്തുവിൻറെ ദാരിദ്ര്യം പരസ്യവ്രതമായി എടുത്ത എനിക്ക് കോട്ടമാണോ എന്ന് ഇനിയും സ്വയം ഉറപ്പാക്കേണ്ടിയിരിക്കുന്നു. ഒരു വശത്ത് ഞാൻ ഉപയോഗിച്ച ഇടം, ഉടനെ വരുന്ന ഒരാൾക്ക് ഉപയോഗിക്കാൻ ഉതകും വിധം എൻറെ പരിമിതിയിൽ വൃത്തിയാക്കി എന്നതും, എൻറെ ഇടം മാറ്റം, കാര്യമായ മാലിന്യ വർദ്ധനവിന് ഇട വരുത്തിയില്ല എന്നതും എന്നെ സന്തോഷിപ്പിക്കുന്നു. എന്നാൽ, സ്വയം ചുമന്നു കൊണ്ട് പോകാവുന്നതിലും അധികം സാധനങ്ങളുടെ ഉടമയാണ് ഞാൻ എന്ന സത്യം എന്നെ അലട്ടുന്നു. ഇനി ഒരു അവസരം ഉണ്ടാകുകയാണെങ്കിൽ, എനിക്ക് ഈ ലക്‌ഷ്യം നേടാനാകണം എന്നത് ആണ് എന്റെ ആഗ്രഹം.
എട്ടാം തരത്തിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വിഷ് ലിസ്റ്റിൽ ഐ-ഫോൺ, കാർ, ആപ്പിൾ കമ്പ്യൂട്ടർ, വീട്ടിൽ ആധുനിക TV, ഓരോ അവസരത്തിനും ഉതകുന്ന (പല ആയിരങ്ങൾ വില വരുന്ന )പാദരക്ഷകൾ എന്നിവ ഉണ്ട്. കമ്പോളവും മാധ്യമങ്ങളും ചുറ്റുപാടുകളും തരക്കാരും എല്ലാം നൽകുന്ന സന്ദേശം 'പോരാ, പോരാ' എന്നത് ആണ്. 'വേണം, വേണം എന്നതാണ് മന്ത്രം. ഇവിടെയാണ് എല്ലാവരും സുഖമായിരിക്കാൻ (സർവേ സന്തു സുഖിനഃ), വേണ്ട എന്നും മതി എന്നും ഉള്ള അസാധ്യ മന്ത്രങ്ങൾ 'മിനിമലിസം' ഓതുന്നത്.
രസകരമായി തോന്നിയത് മിതത്വവും (പരിസ്ഥിതിയും, ഹരിതവും, ജൈവവും ഒക്കെ പോലെ) കമ്പോളവത്കരിക്കപ്പെടുന്നതാണ്. സർവ്വശക്തനായ കമ്പോളമാണ് കണക്കും നിർണ്ണയിക്കുന്നത്. ഞാൻ 'മുദിത'യുടെ വിശദീകരണം തിരക്കിയപ്പോൾ, ആദ്യം വന്നു പെടുന്നത് മുദിത എന്ന മിനിമലിസ്റ്റ് അവകാശവാദത്തോടെയുള്ള ഒരു വ്യവസായമാണ്. മിതത്വവും ന്യായ-വിപണിയും (fair trade) മുഖമുദ്രയാക്കിയിരിക്കുന്ന മുദിത സാദാ (സ്മാർട്ട് അല്ലാത്ത) ചെറിയ ഫോണിന് 369.99 ഡോളർ (ഏകദേശം 30000 ക) മാത്രമേ വില വരുന്നുള്ളൂ! അതിന്റെ മിനിമലിസം - നിരവധിയായ സാമൂഹ്യ വ്യാപാരങ്ങളിൽ നിന്ന് വിടുതൽ പ്രാപിച്ച് കേവലം മിനിമം ആശയവിനിമയത്തിലേക്ക് ചുരുങ്ങുക എന്നതാണ്. അതിൻറെ ഒരു റിവ്യൂ പറയുന്നത് ദീർഘകാലത്തിനു ശേഷം സ്ക്രീൻ-ബാദ്ധ്യതകളിൽനിന്ന് വിടുതൽ അനുഭവിച്ചു എന്നാണ്. വില കൂടുതൽ എന്ന് തോന്നുന്നെങ്കിൽ, ഫെയർ ട്രേഡ് പരിശ്രമങ്ങൾ (പരിസ്ഥിതി - മാനുഷിക ശ്രമം സംബന്ധിച്ച നീതി ഉറപ്പാക്കുക) കാരണമാകുന്നുവെന്ന്, വിശദീകരിക്കുന്നു. 'എന്ത് വില കൊടുത്തും ലാളിത്യം' (Simplicity at any cost) എന്ന് പറയുന്ന സ്ഥിതിയിലേക്കും വരാം. പരിസ്ഥിതി - എന്നിവയ്ക്ക് ചെലവ് (cost) ഇല്ലെന്നല്ല! പക്ഷെ ഒരു അന്താരാഷ്ട്രവിപണിയുള്ള വ്യവസായം മിതത്വത്തിൻറെ ആശയത്തിൽ പടുത്തിരിക്കുന്നു എന്നത് അതിന് വിപണിയടക്കമുള്ള തലങ്ങളിൽ (niche വിപണി ആകാം) അംഗീകാരം ലഭിച്ച് വരുന്നു എന്നതിൻറെ സൂചനയാകാം.
മിനിമലിസം എന്ന ഈ പദപ്രയോഗം പുതുതായിരിക്കാം - ഏകദേശം അര ശതാബ്ദം? കലയുടെ മേഖലയിൽ തുടങ്ങി, ജീവിതത്തിൻറെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഒരു ആദർശ ശൈലിയായി 'മിതത്വം' അംഗീകരിക്കപ്പെട്ടു വരുന്നു. പുരോഗതിയുടെയും വികസനത്തിൻറെയും അടിസ്ഥാനതത്വമായി അത് ഇനിയും മാറേണ്ടിയിരിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസം ഇപ്രകാരമുള്ള ചിന്തകൾക്ക് എവിടെയെങ്കിലും ഇടം നൽകുന്നുണ്ടോ എന്ന് സംശയം ആണ്.
ഒരു ക്രൈസ്തവ വിശ്വാസിയായ എൻറെ മുൻപിൽ വരുന്ന ആദ്യത്തെ മൗലിക മിനിമലിസ്റ്റ് യേശു ക്രിസ്തു തന്നെയാണ്. തൻറെ സ്ഥിതിയും നിലപാടുകളും വെളിവാക്കുന്ന വിപ്ലവകരമായ വാക്കുകൾ ഓർക്കുന്നു - 'കുറുനരികൾക്ക് മാളങ്ങൾ, പറവകൾക്ക് കൂടുകൾ, മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ല.' (Mtt 8:20) 'വയലിലെ പുല്ലിനെ അലങ്കരിക്കുന്ന, പറവകളെ തീറ്റിപോറ്റുന്ന ദൈവം, എത്ര അധികമായി നിങ്ങളെ പരിപാലിക്കയില്ല! അതിനാൽ നാളയെക്കുറിച്ച് ഉത്കണഠ വെടിഞ്ഞ് ഇന്നിൽ ജീവിക്കുവിൻ' (Mtt 6:25-33). ഒന്നും ഇല്ലാതെ എല്ലാവര്ക്കും പ്രാപ്യനായി, എല്ലാത്തിലും ഇടപെട്ട് ജീവിച്ച അവിടന്ന് തൻറെ വഴി നടക്കാൻ ആഗ്രഹിച്ചവരോടും ആവശ്യപ്പെട്ടത് എല്ലാം ഉപേക്ഷിച്ച് കൂടെ വരാൻ ആണ്. അസാധാരണമാം വിധം ഈ ശൈലി ജീവിക്കാമെന്ന് സ്വയം ഉറപ്പാക്കിയ, ക്രൈസ്തവരിലെ ന്യൂനപക്ഷം വരുന്ന എന്നെ പോലുള്ളവർ പോലും ഇന്നും തങ്ങളുടെ സ്വന്തം സമ്പാദ്യങ്ങളിൽ നിന്നും (പണമോ, ഭൂസ്വത്തോ ആകണമെന്നില്ല) വിടുതൽ പ്രാപിച്ചു കാണുന്നില്ല.
അപ്രകാരം വിടുതൽ നേടിയ കുറേ പേരെ ഈ ഭൂമിയുടെ വിവിധ ഇടങ്ങളിൽ മനുഷ്യ സ്മരണകൾ എത്തി നിൽക്കുന്ന സമയം മുതൽ കാണാം - കൺഫ്യൂഷ്യസ് ആയും, സോക്രറ്റസ് ആയും, മോസസ് ആയും, ഏലിയാ ആയും ഒക്കെ അവർ കാണപ്പെടുന്നു. 'അപ്രകാരം കടന്നു പോയ' (തഥാഗതൻ) ശ്രീ ബുദ്ധനെ പോലുള്ളവർക്ക് ശരീരം മറയ്ക്കുന്ന വസ്ത്രം പോലും ആവശ്യമില്ലാത്ത വിടുതലിൻറെ അവസ്ഥ പ്രാപിക്കാനായി. പിൽക്കാലത്ത്, ഭൂമിയുടെയും ജീവജാലങ്ങളുടെയും സഹോദരനായി ജീവിച്ച സമാധാന പ്രവാചകൻ അസ്സീസിയിലെ ഫ്രാൻസിസും, സ്നേഹത്തിന്റെയും അറിവിൻറെയും പാട്ടുകൾ പാടിയ കബീറും, കേവലം 28.12 ഡോളറിന് നിർമ്മിച്ച വാൾഡൻ തടാകക്കരയിലെ ചെറു വീട്ടിൽ താമസിച്ച് കൊണ്ട് എഴുതിയും, വായിച്ചും, കുളത്തിൽ കുളിച്ചും, പാചകം സ്വയം ചെയ്തും, നടുതല നട്ടും, വിരുന്നുകാരെ സൽക്കരിച്ചും, മൃഗങ്ങളോട് സല്ലപിച്ചും, മരങ്ങളുടെ ഗാംഭീര്യം ആസ്വദിച്ചും ലോകത്തെ വെല്ലു വിളിച്ച തറോയും, ഗ്രാമസമ്പദ് വ്യവസ്ഥിതിയുടെ സുസ്ഥിരത ആദർശമാക്കിയ നമ്മുടെ രാഷ്ട്രപിതാവ് മോഹൻദാസും, വിശ്വസഹോദര്യവിപ്ലവം ഉദ്‌ഘോഷിച്ച വിവേകാനന്ദനും, അദ്ദേഹത്തെ നയിച്ച പരമഹംസനും, ഒരു സമുദായത്തിന് മൊത്തം വിടുതലിൻറെ വഴി കാട്ടിയ നാരായണ ഗുരുവും, ചെറുതേറെ ചേതോഹരം (Small is Beautiful) എന്ന് സ്ഥാപിച്ച ഷൂമാക്കറും അനുഗാമികൾ കുറവുള്ള ദീപ സ്തംഭങ്ങൾ ആയി നില നിൽക്കുന്നു.
ഈ സ്വാതന്ത്ര്യം ഒരു ബോധോദയമായി മാറുമ്പോഴേ, അത്തരം ജീവിത ശൈലിയിലേക്ക് വ്യക്തികൾക്ക് പ്രവേശിക്കാൻ സാധിക്കൂ.
മിതത്വത്തിൻറെ മാനങ്ങൾ
അനുദിന ജീവിതത്തിലെ വിവിധ തലങ്ങളിൽ ഇവ പുലർത്താനുള്ള സാധ്യതകളെങ്കിലും ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിലൂടെ നല്കപ്പെടണം.
ഇതിൽ, ഇന്നത്തെ കാലത്തിന്റെ ആവശ്യം മാലിന്യം, പ്രത്യേകിച്ച്, ഖര മാലിന്യം സംബന്ധിച്ച ശീലങ്ങളാണ്.
ഇന്ത്യ ഒട്ടാകെ ഒരു ഇരു ചക്ര വാഹനത്തിൽ സഞ്ചരിച്ചപ്പോൾ കണ്ടെത്തിയ ഒരു കാര്യം ആധുനിക ഭാരതം അഭിമുഖീകരിക്കുന്ന പരിഹാരം നിശ്‌ചയമായും സാദ്ധ്യമായുള്ള ഏറ്റവും വലിയ പ്രശ്നം ഖരമാലിന്യ സംസ്കരണമാണ്. എന്നതാണ്. ഇതിന് ഒരു വശത്ത് പ്രാദേശിക സർക്കാരുകളും മറു വശത്ത് വിദ്യാഭ്യാസ സമ്പ്രദായവും സ്ഥാപനങ്ങളും ഉൾപെടണം.
(i) സ്കൂൾ വിദ്യാഭ്യാസം ലക്‌ഷ്യം വയ്ക്കുന്ന ഫലപ്രാപ്‌തികളിൽ ഇത് നിശ്‌ചയമായും ഉൾപെടുത്തണം. വിദ്യാലയ പരിസരം മാലിന്യ രഹിതമായി സൂക്ഷിക്കുക എന്നത് അഭ്യസിപ്പിക്കേണ്ട ഒരു വിദ്യായിരിക്കണം
(ii) ഇത് അധ്യാപക പരിശീലനത്തിന്റെയും, ചുമതലയുടെയും ഭാഗമാക്കണം. പ്രാദേശിക സർക്കാർ ഇടപെടലിന്റെ ഒരു സഫലമാതൃക ഇൻഡോർ നഗരം ആണ്. ഒരു പ്രാദേശിക സർക്കാരിന് എന്ത് ചെയ്യാൻ സാധിക്കും എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ ഇൻഡോർ നഗരം. പാഴ്‌വസ്തുക്കൾ ക്രമീകരിക്കുന്ന രീതി ഇതിൽ പ്രധാനപ്പെട്ടതാണ്.
(iii) മാലിന്യ രഹിതമായ (zero waste) ജീവിതം ഏതൊരു മതാവലംബിക്കും, മതമില്ലാതെയും നീതിപൂർവകമായും സന്തോഷപ്രദമായും ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും സ്വീകാര്യമാകാവുന്ന ഒരു വെല്ലുവിളിയാണ്.
(iv) മാലിന്യം ഉളവാക്കുന്ന ഉപഭോഗം, വസ്തുക്കൾ എന്നിവ ബോധപൂർവം കുറക്കുന്ന നടപടികൾ ആകാം.
(v) ഈ മേഖലയിൽ ലോകം നേരിടുന്ന വലിയ വിപത്തായി പ്ലാസ്റ്റിക് മാലിന്യം മാറിയിരിക്കുന്നു - ജലാശയങ്ങൾ, മലിനജല ചാലുകൾ, മണ്ണ് ഇവയിലെല്ലാം പ്ലാസ്റ്റിക് നിറയുന്നു, അവയിലെ ജീവജാലങ്ങളെ അപകടത്തിലാക്കുന്നു, പ്രകൃതി പ്രക്രിയകൾ തടയുന്നു, അവയുടെ കാലാന്തരത്തിൽ സംഭവിക്കുന്ന ജീർണിക്കൽ സൂക്ഷ്മ(micro)ഘടകങ്ങളായി പരിണമിച്ച് ഭക്ഷ്യ ശൃംഖലയിലും എത്തിച്ചേരുമെന്നും ജനിതക മാറ്റങ്ങൾക്കും അർബുദങ്ങൾക്കും കാരണമാകാമെന്നും കണ്ടെത്തിയിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതലായി വരുന്ന തൂക്കു സഞ്ചികൾ, വിവിധോപയോഗസാധനങ്ങളുടെ ആവരണങ്ങൾ, കുപ്പിവെള്ളം എന്നിവ ചുരുക്കുന്ന ശീലങ്ങൾ സ്വന്തമാക്കുക ഒരു പ്രായോഗിക പടി ആകാം.
ഇരുപത് വര്ഷത്തിലേറെയായ വിദേശ യാത്രകളിലും താമസത്തിലും പ്ലാസ്റ്റിക് കുപ്പി വെള്ളം ഉപയോഗിക്കാൻ ആദ്യമായി ഞാൻ വശംവദനായിത്തിത്തീർന്നത് കോവിഡിന് ശേഷം ദോഹയിൽ താമസം തുടങ്ങിയപ്പോൾ ആണ്. താമസിക്കുന്ന ഇടത്തെ കുടിവെള്ളസ്രോതസ്സ് കുപ്പിവെള്ളം മാത്രം. പൊതു ഇടങ്ങളിൽ (സ്‌കൂൾ അടക്കം) പൊതു ഡിസ്പെന്സറുകൾ കോവിഡ് ഉപരോധത്തിന്റെ ഭാഗമായി നിരോധിക്കപ്പെട്ടിരിക്കുന്നു. ഒരു ദിവസം 5 മുതൽ 6 കുപ്പികൾ വേണം. 1 ലിറ്റർ കുപ്പികളും താരമാക്കുന്നില്ല. ഒരു ആഴ്ച 42, ഒരു മാസം ഏകദേശം 180 കുപ്പികൾ. ഞാൻ ഒരു ഡിസ്‌പെൻസർ ആവശ്യപ്പെട്ടു. ഒരു ഭരണി ഏകദേശം 20 ലിറ്റർ - ഒരു മാസം പുനരുപയോഗിക്കാവുന്ന 4 എണ്ണം. മൊത്ത വില പ്രകാരം, കുപ്പിയിലാണെങ്കിൽ, 10 റിയാൽ വരാവുന്നിടത്ത് 7 റിയാൽ മതിയാകുന്നു - ഏറ്റവും ചുരുങ്ങിയത്, ഒരു മാസം 12 റിയാൽ എങ്കിലും കുറവ് (വലിയ കാര്യമല്ല). പക്ഷെ, പരിസ്ഥിതി ചെലവ് വളരെ കുറയുന്നു - കുപ്പി മാലിന്യം, അവയുടെ പ്ലാസ്റ്റിക് ലേബലുകൾ, അവ ദിവസവും കൊണ്ട് തരുകയും ശേഖരിക്കുകയും ചെയ്യേണ്ട ശ്രമം ഇവയൊക്കെ ചുരുങ്ങുന്നു. (ഇത് penny wise pound foolish ഗണത്തിൽ പെടുമോ എന്ന് എനിക്കറിയില്ല).
ഈ പ്രധാന മേഖലയിലെ മിതത്വം ഇപ്രകാരം ചുരുക്കാം:
1. Zero waste communities, zero waste homes, zero waste individuals - എന്നിവ ഒരു ആദർശമാക്കുന്നു. I am a zero waste person എന്നത് അഭിമാനിക്കാവുന്ന, സന്തോഷിക്കാവുന്ന ഒരു കാര്യം, ഈ ഭൂമിക്ക് ചെയ്യുന്ന നന്മയായി കണക്കാക്കുക.
2. Alternatives that do not creat waste - എൻറെ ഉപയോഗത്തിൽ നിന്നും മാലിന്യം - ഖര, ജല, വായു - ഉണ്ടാകാതിരിക്കാനുള്ള ബോധപൂർവമായ ശ്രമം, ഞാൻ മുന്നിട്ടൊരുക്കുന്ന പരിപാടികളും മാലിന്യരഹിതമാക്കാൻ ഉള്ള തീരുമാനം. അതിനുതകുന്ന ബദലുകൾ അന്വേഷിക്കുന്നു. (ഉദാ: ഒറ്റതവണ ഉപയോഗത്തിനുള്ള കപ്പുകൾക്ക് പകരം കുപ്പി/സ്റ്റീൽ എന്നിവ കൊണ്ടുള്ള കപ്പുകൾ - കഴുകാൻ വെള്ളത്തിന് ക്ഷാമവും, മെനക്കെടാനുള്ള മടിയും ഇല്ലെന്നുണ്ടെങ്കിൽ). ഇക്കാര്യത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള പ്രത്യേക ശ്രദ്ധ. ബദലുകളുടെ ഉത്തമ പ്രയോഗങ്ങൾ കെട്ടിടം, വസ്ത്രം, പാക്കേജിംഗ്, അലങ്കാരം, യാത്ര, വാഹനം, കൃഷി, ഉദ്യാനം .... എന്നിങ്ങനെ ഏതു മേഖലയിലും കണ്ടെത്താൻ.
3. മാലിന്യം ഒഴിവാക്കാനാവില്ലെങ്കിൽ കുറക്കുവാൻ ബോധപൂർവമായ ശ്രമം. വ്യക്തി-സമൂഹ/സ്ഥാപന ജീവിതത്തിൽ അത്തരം സാഹചര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുന്നത് ഉത്തമം.
4. മാലിന്യം ഒഴിവാക്കാനാവാത്തിടത്ത്, അവ ജൈവ-അജൈവ-ഇലക്ട്രോണിക്-അപകടകാരി എന്നിങ്ങനെ തരം തിരിക്കാനുള്ള സംവിധാനം.
5. പുനരുപയോഗം, കേടുപോക്കി ഉപയോഗം, പുനഃചംക്രമണം (Reuse, Repair, Recycle - Upcycle) - എന്നിവ ശീലിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസ്കാരം .
6. ഞാൻ ഉപയോഗിക്കുന്നിടം എൻറെ ഉത്തരവാദിത്തം (മൗലിക ധർമ്മങ്ങൾ - 51 A,g). എനിക്ക് ലഭിച്ചതിലും മെച്ചമാക്കി പോകുവാൻ ഉള്ള ശീലം. Littering - പാഴ്വസ്തുക്കൾ ക്രമീകരിക്കാതെ എവിടെയും ഉപേക്ഷിക്കുന്ന ശീലം - ഇല്ലാത്ത ഇടങ്ങൾ .
എൻറെ മിതത്വ പരീക്ഷണങ്ങൾ - അനുഭവങ്ങൾ
21000 കിമി ഭാരതമൊട്ടുക്ക് നാല് മാസമെടുത്ത് യാത്ര ചെയ്തിട്ടും പ്ലാസ്റ്റിക് കുപ്പി വെള്ളവും തൂക്കു സഞ്ചികളും ഒന്ന് പോലുമില്ലാതെ പോകുവാൻ വലിയ ക്ലേശമില്ലാതെ തന്നെ സാധിച്ചു.
SH കോളേജിന് ഒരു പരിസ്ഥിതി നയം ഉണ്ടാക്കിയപ്പോൾ പരിശീലനവും സീറോ വെയിസ്റ്റും ലക്ഷ്യമാക്കി കാമ്പസ് പരിപാടികളിൽ ഒറ്റ-തവണ-ഉപയോഗത്തിൻറെ പ്ലാസ്റ്റിക് പേപ്പർ സാമഗ്രികൾ നിരോധിച്ചു. അത് നടപ്പിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. പക്ഷെ, പ്രബുദ്ധരായ അദ്ധ്യാപകർ അധികവും അതിനോട് വലിയ പ്രതിപത്തി കാട്ടുകയോ, അത് നടപ്പിലാക്കാൻ അവരുടെ ഭാഗത്ത് നിന്ന് പരിശ്രമിക്കയോ ചെയ്തില്ല. അവരുടെ ഭവനങ്ങളിലും സ്വന്തം പരിപാടികളിലും അത്തരം ശ്രദ്ധ അവർ പുലർത്തിയതായി തോന്നിയില്ല.
ഞാൻ ഉപയോഗിച്ചിരുന്ന മുറി അടിച്ച് വൃത്തിയാക്കാനും, മുറിയിലെ വളരെ പരിമിതമായ മാലിന്യങ്ങൾ മണ്ണ് (പൊടി) - ജൈവവസ്തുക്കൾ, പേപ്പർ, പ്ലാസ്റ്റിക്, ഇ-മാലിന്യം എന്നിവ ലളിതമായും, കൃത്യമായും തരം തിരിക്കാനും എനിക്ക് ബുദ്ധിമുട്ടു തോന്നിയില്ല.
കഴിഞ്ഞ 11 വർഷം കൊച്ചിയിലെ തേവര - പെരുമാനൂർ - മരട് - വൈറ്റില - കടവന്ത്ര - എറണാകുളം എന്നിങ്ങനെ 5-6 കി.മി.വരുന്ന ഇടങ്ങൾ പോകാൻ എനിക്ക് ഒരു സൈക്കിൾ സൗകര്യ പ്രദമായി തോന്നിയിരുന്നു. ഒരു രസത്തിന് ഒരു കണക്ക് വച്ചപ്പോൾ, ഒരു വര്ഷം 400 മുതൽ മുകളിലേക്ക് ദൂരം ഇപ്രകാരം താണ്ടിയിരുന്നു എന്ന് ഞാൻ കണ്ടു. പലപ്പോഴും ഒരു കാർ ഉപയോഗിച്ചാൽ എത്തുന്നതിലും വേഗത്തിലും, പാർക്കിംഗ്, ഇന്ധനം എന്നിവയുടെ പ്രദൂഷണം - പ്രാരാബ്ധങ്ങൾ ഇല്ലാതെയും കാര്യങ്ങൾ നടത്താനായി.
കോളേജിൽ രണ്ടോ മൂന്നോ സംഘങ്ങളായി അദ്ധ്യാപകർ വാഹനം പങ്കു ചേർന്ന് ഉപയോഗിച്ച് മാതൃക നൽകി. പക്ഷെ ആഴ്ചയിലൊരിക്കൽ പൊതു വാഹന ദിനമായി കണക്കാക്കാനുള്ള ആശയം ആരും ഉൾക്കൊണ്ടില്ല. ദൂര യാത്ര, വിമാന യാത്ര (to and from the airport) എന്നിവക്ക് പൊതു വാഹനങ്ങൾ ഉപയോഗിക്കുക, എനിക്ക് ഒരു ഹരമായി തോന്നി.
സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് ഉടുപ്പിൽ കീറൽ ഉണ്ടായാൽ, വീട്ടിൽ വളരെ ഭംഗിയായി, ഒട്ടും അറിയാത്ത വിധം തന്നെ തുന്നി തന്നിട്ടുള്ളത് ഓർക്കുന്നു. പക്ഷെ, അത് ഇട്ട് നടക്കുക ഒരു അഭിമാന പ്രശ്‌നം ആയിരുന്നു. മുതിർന്നപ്പോൾ, ഒരു വസ്തു ഉപയോഗശൂന്യമാകും വരെ ഉപയോഗിക്കുന്നത് ഒരു സംതൃപ്തി നൽകുന്ന കാര്യമായി - അത് എനിക്ക് ഒരു ഫാഷൻ സ്റ്റേറ്റ്മെൻറ് ആയി മാറിയില്ല എന്നിരിക്കിലും.
അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനുമായി കഴിഞ്ഞ 24 വർഷവും ഒരു പേപ്പർ പോലും പാഠ്യ പ്രസംഗ കുറിപ്പുകൾക്കായി ഉപയോഗിക്കേണ്ടി വന്നിട്ടില്ല.- ഒരു വശം ഉപയോഗിക്കപ്പെട്ട കടലാസ്സ് ധാരാളമായി ലഭിച്ചിരുന്നു. കോളേജ് കാര്യാലയവും ഈ നയത്തോട് സഹകരിച്ചിരുന്നു. ഒരു പ്ലാസ്റ്റിക് റീഫിൽ പേന പോലും മേടിച്ച് ഉപയോഗിച്ചില്ല - കഴിവതും മഷി പേന ഉപയോഗിച്ചു, കാമ്പസിൽ കളഞ്ഞു കിട്ടുന്നതും പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ ലഭിക്കുന്നതുമായ പേന-പെൻസിൽ ഉപയോഗിച്ച് തീർക്കാൻ തന്നെ പാടായിരുന്നു. എല്ലാ സമ്മേളനങ്ങൾക്കും ശില്പശാലകളിലും എല്ലാവര്ക്കും നിര്ബന്ധ പൂർവം കൊടുത്തു വരുന്ന ഫോൾഡർ, സഞ്ചി, കുറിപ്പ് പുസ്തകം, പേന എന്നിവ ആവശ്യമില്ലാത്ത ആഡംബരം ആയേ എനിക്ക് തോന്നിയിരുന്നുള്ളൂ. ആവശ്യമുള്ളവർക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങൾ ആയി മാത്രം അവ ഒരുക്കണം.
കോളേജിലെ ജീസസ് യൂത്ത് എന്ന സഖ്യം കാമ്പസിൽ കളഞ്ഞു കിട്ടുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുതിയ റ്റ്യൂബ് നിറച്ച് 'honesty shop' എന്ന പേരിൽ ഒരു സ്റ്റാൾ നടത്തിയിരുന്നത്, ശ്രദ്ധേയമായ ഒരു വിദ്യാർത്ഥി ഇടപെടൽ ആയിരുന്നു.
നമ്മുടെ ഉപയോഗ വസ്തുക്കളിൽ പ്രധാനമായ വസ്ത്രങ്ങൾ പരിസ്ഥിതി സൗഹൃദമാകണമെന്ന് ഞാൻ ആഗ്രഹിച്ചു. വലിയ ബുദ്ധിമുട്ടില്ലാതെ വ്യക്തി ജീവിതത്തിൽ അത് നടപ്പിൽ വരുത്തി. അപൂർവമായി സ്നേഹപൂർവ്വം നൽകിയ, നിരസിച്ചാൽ വിഷമം ഉണ്ടാക്കുന്ന സമ്മാനങ്ങൾ മാത്രം ഇതിന് അപവാദമായുള്ളൂ. എന്നാൽ ഇതേ ആശയം ഖാദി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി സർക്കാർ മുന്നോട്ട് വച്ചത് നടപ്പിലാക്കാൻ സർക്കാർ ശമ്പളം നേടുന്ന അദ്ധ്യാപകർ ആരും തന്നെ താല്പര്യം കാട്ടിയില്ല. കോളേജ് നേരിട്ട് വേതനം നല്കുന്നവരിൽ കുറച്ച് പേരെങ്കിലും, ഉത്സാഹപൂർവ്വം അത് നടപ്പിൽ വരുത്താൻ ശ്രമിച്ചു. കോളേജ് യൂണിഫോം നടപ്പിൽ വരുത്തുമ്പോൾ ഒരു ജോടി ഖാദിയാകണം എന്നുള്ള എൻറെ ആശയം നടപ്പിലാക്കാൻ ആർക്കും ഉത്സാഹം ഉണ്ടായില്ല.
എനിക്ക് തോന്നിയിരുന്ന ഒരു വലിയ സ്വാതന്ത്ര്യം, എൻറെ വസ്ത്രങ്ങൾ പരമാവധി സോപ്പും വെള്ളവും ചുരുക്കി സ്വയം അലക്കുക എന്നതായിരുന്നു. എത്ര തിരക്കിലും ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായി എനിക്ക് തോന്നിയില്ല. ഇന്നും യന്ത്ര സഹായങ്ങൾ ഇല്ലാതെ അത് തുടരാൻ ആവുന്നു എന്നത് എനിക്ക് സന്തോഷം നൽകുന്ന ഒരു കാര്യം തന്നെ. വസ്ത്രങ്ങൾ ഉണങ്ങിയ ശേഷം മടക്കി വച്ചാൽ മതി എന്നതായിരുന്നു പൊതുവിൽ എന്റെ നയം. തേപ്പ് അപൂർവം വസ്ത്രങ്ങൾക്ക് മാത്രം നൽകിയ ഒരു പരിഗണന ആയിരുന്നു. വിദ്യുച്ഛക്തി, അലക്ക് യന്ത്രം എന്നിവ ആശ്രയിക്കാതെയും, വെള്ളം, രാസവസ്തുക്കൾ എന്നിവയുടെ ഉപയോഗം കുറച്ചും ജീവിക്കാനുള്ള ഒരു മാർഗ്ഗമാണ് ഇത് എന്ന് എനിക്ക് തോന്നി. ഇതിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല.
കേരളത്തിലെ സാഹചര്യത്തിൽ ഒരു വ്യക്തി ഒരു കാർ സ്വന്ത ആവശ്യത്തിനായി ഉപയോഗിക്കുന്നത് അമിതമായ ഉപഭോഗമായി എനിക്ക് തോന്നി. ഞാൻ തനിയെ പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടിക്കും എനിക്കായി ഒരു നാൽചക്രവാഹനം ഓടാൻ ഇടവരുത്തിയില്ല എന്നത് എനിക്കാ ചാരിതാർഥ്യം നൽകി. ആ രീതി കൊണ്ട് കാര്യക്ഷമതയ്‌ക്കോ അംഗീകാരത്തിനോ കുറവൊന്നും ഉണ്ടായില്ല എന്ന് തോന്നുന്നു. ഇത് ഒരു പൊതു തത്വം ആണെന്ന് ഞാൻ പറയുന്നില്ല. എനിക്ക് അത് മതിയാകുമായിരുന്നു എന്ന് മാത്രം.
ചില മാതൃകകൾ - വിഭവ സ്രോതസ്സുകൾ
സ്വന്തം ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും നിർമാണത്തിൽ മിതത്വവും സുസ്ഥിരതയും സന്നിവേശിപ്പിക്കുക തികച്ചു, കരണീയമായ കാര്യം ആണ്. വെളിച്ചം, ഊർജ്ജം, വെള്ളം, മാലിന്യം, നിർമ്മാണ വസ്തുക്കൾ, ഹരിത ഇടം എന്നിവ ഉൾക്കൊണ്ടാൽ, പല കാര്യങ്ങളും ചുരുക്കാനും, അപവ്യയം ഇല്ലാതാക്കാനും സാധിക്കും. കൊച്ചിയിൽ 'സരോവരം' ഹോട്ടലും, ജോർജ് പിട്ടാപ്പിള്ളി (CMI) അച്ചൻ നേതൃത്വം നൽകുന്ന മിത്രധാം ഗവേഷണകേന്ദ്രവും ഈ സാധ്യതകൾ വിളിച്ചോതുന്ന രണ്ട് ഇടങ്ങൾ ആണ്. രണ്ടിലും ആർക്കിടെക്ട് ജയഗോപാലിന്റെ (Inspiration) പ്രകടമായ സ്വാധീനം ഉണ്ട്. മിത്രധാം ഒരു മിനിമലിസ്റ്റ് ജീവിത പരിശീലനത്തിന്റെ ഇടവും കൂടെയാണ്.
വലിയ സ്വാധീനവും ഭൂസ്വത്തും ഉള്ള ഒരു കുടുംബത്തിലെ അംഗമായ എൻറെ സുഹൃത്ത് തോമസ് എറണാകുളം ജില്ലയിലെ ഒരു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തറോയാണ്. 'പോരാ പോരാ' എന്ന പുരോഗതിയുടെ ആർത്തിനാദം മുഴങ്ങുന്ന ഒരിടത്ത് ജയഗോപാലിൻറെയും 'ഇൻസ്പിരേഷനിൽ' പതിനഞ്ച് ഏക്കറിൽ ഒരു വനം തീർത്ത്, സ്വന്തം പറമ്പിലെ തടിയും കല്ലും ഉപയോഗിച്ച് പണിത ഒറ്റമുറിയിൽ താമസിച്ച് ഒരു ഏകവിളയുടെ ലാഭത്തിൽ ജീവിക്കേണ്ട എന്ന മൗലികമായ തീരുമാനം എടുത്ത തോമസ് സാങ്കേതികത്വങ്ങൾ ഇല്ലാതെ മിനിമലിസ്റ്റ് ആണ്. ദീർഘകാലം സ്മാർട്ട് ഫോൺ ഇല്ലായിരുന്നെങ്കിലും, സുഹൃത്തുക്കളുടെ നിര്ബന്ധത്തിന് വഴങ്ങി ഏതാനും വര്ഷങ്ങളായി ഒന്ന് ഉപയോഗിക്കുന്നു. പക്ഷെ രാത്രി ഉറങ്ങാനുള്ളതാണ് എന്ന പ്രകൃതി നിയമം പാലിച്ച് വൈദ്യുതീകരിക്കാത്ത ഭവനത്തിൽ ഇരുപത് വർഷത്തിലേറെയായി തുടരുന്നു. അപൂർവ പക്ഷികൾ വിരുന്നുകാരായെത്തുന്ന ഇടമാണ് നെല്ലിമറ്റത്തെ തോമസിന്റെ കറുവാക്കാട് (Cinnamon Grove).
തൃക്കാക്കര സഹകരണ ആശുപത്രിയുടെ പ്രണേതാവായ ശ്രീ അബ്ബാസുമൊത്ത് മനസ്സിനിണങ്ങിയ കുറച്ച് കാര്യങ്ങൾ ചെയ്യാൻ ലഭിച്ച വേദിയാണ് ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ്. ആശുപത്രി ചികിത്സ അല്ല ആരോഗ്യം എന്നും, ആരോഗ്യത്തിന് അടിസ്ഥാനം ആരോഗ്യപ്രദമായ ഭക്ഷണമാണെന്നും അതിന് ആവശ്യം ആരോഗ്യ പ്രദവും സുസ്ഥിരവും ആയ കൃഷി ആണെന്നും ഉള്ള തിരിച്ചറിവാണ് ശ്രീ അബ്ബാസിൻറെ മുൻകൈയ്യിൽ ഈ പ്രസ്ഥാനത്തിന് തുടക്കം നൽകിയതും. വലിയ പരിമിതികളിൽ നിന്നുകൊണ്ടും യാതൊരു സർക്കാർ സഹായവും ഇല്ലാതെയും ജൈവകൃഷി വ്യാപനം, ജൈവകര്ഷകരെ പരസ്പരം ബന്ധപ്പെടുത്തുക, ജൈവ വിപണിയുടെ സാദ്ധ്യതകൾ വ്യക്തമാക്കുക , സുസ്ഥിരഉത്പാദനത്തിനും ഉത്തരവാദിത്തപൂർണ്ണമായ ഉപഭോഗത്തിനും അടിസ്ഥാനമായി ജൈവകൃഷി നയം നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ പതിനഞ്ച് വർഷത്തിൽ കൂടുതലായി ഞങ്ങൾ സഹകരിക്കുന്നു. ഭക്ഷ്യോത്പാദനത്തിൽ സുസ്ഥിരതയും മിതത്വവും ഉറപ്പാക്കുന്ന പ്രക്രിയയായി ജൈവകൃഷി കണക്കാക്കാം. വിള വൈവിധ്യം, സുസ്ഥിര ഉത്പാദനത്തിലേക്ക് നയിക്കുന്ന, പ്രത്യേകിച്ച് ഫലങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന ഭക്ഷ്യരീതികൾ, മണ്ണിന്റെ ആരോഗ്യം നിലനിർത്തുന്ന കൃഷി എന്നിവയാണ് ഞങ്ങൾ സംഘടനാ വേദിയിലൂടെ പരീക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഈ പരീക്ഷണങ്ങളിൽ ശ്രീ നാസറിൻറെ സാങ്കേതികവും പ്രായോഗികവും ആയ മികവ് വലിയ നേട്ടമായി. വ്യക്തികളും അംഗസ്ഥാപനങ്ങളും സംഘടനയുടെ പ്രചോദനത്തിൽ അതിനെ പ്രതിനിധീകരിച്ച് ചെയ്യുന്ന പരീക്ഷണങ്ങൾ ഇതിൻറെ ഒരു തനിമയായി നിൽക്കുന്നു. അങ്ങനെ കാന്തല്ലൂർ, അരൂക്കുറ്റി, അരയങ്കാവ്, പറവൂർ എന്നിവിടങ്ങളിൽ പരീക്ഷണ ജൈവ കൃഷി പരിശ്രമങ്ങൾ നടക്കുന്നു. 16 തവണ എറണാകുളത്ത് വിഷുവിനോട് അനുബന്ധിച്ച് നടത്തിയ നാല് ദിവസം നീണ്ടു നിൽക്കുന്ന ജൈവകാർഷികോത്സവത്തിൽ, ഈ മിതത്വ തത്വങ്ങൾ വലിയ പരിധി വരെ നടപ്പാക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു.
ഒരു തഥാഗത കഥ പറഞ്ഞ് ചുരുക്കാം - ശിഷ്യൻ ബുദ്ധനെ സമീപിച്ചു. ഒരു പുതിയ മേൽവസ്ത്രം വേണം. അത് നേടിക്കഴിഞ്ഞ് ബുദ്ധൻ ശിഷ്യനോട് ചോദിച്ചു: പഴയ മേൽവസ്ത്രം എന്തെടുത്തു? ശിഷ്യൻ: അതെൻറെ കിടക്കവിരിയായി ഉപയോഗിക്കും. ബു: അപ്പോൾ കിടക്കവിരി? ശി: അത് ജനാലവിരിയായി ബു: ജനാലവിരിയോ? ശി: അടുക്കളയിൽ പാത്രങ്ങൾ എടുക്കാൻ. ബു: അവയോ? ശി: നിലം തുടയ്ക്കാനായി ഉപയോഗിക്കുന്നു. ബു: ഉത്തമം. നേരത്തെ നിലം തുടച്ചിരുന്നവയോ? ബു: ഇഴവിട്ടുപോയിരുന്ന അവയെടുത്ത് വിളക്കുകൾക്ക് തിരിയാക്കുന്നുണ്ട്. ബുദ്ധൻ സന്തുഷ്ടനായി, ശിഷ്യനെ അഭിനന്ദിച്ച് പറഞ്ഞു വിട്ടു.
ഭ്രാന്ത സ്വപനം
ഇന്നത്തെ ലോകത്തിന് വേണ്ട കഴിവ് സാധനങ്ങളുടെ വലയിൽ നിന്നും വിടുതൽ നേടുക എന്നതാണ്. പുനരുപയോഗവും, പുനഃചംക്രമണവും ഉത്തമം എങ്കിലും, ഏറ്റവും ആവശ്യം, വേണ്ട എന്നും മതി എന്നും പറയാനുള്ള ഉത്തരവാദിത്തപൂർണമായ നൈപുണ്യം ആണ്. അത് ഇന്നും ഒരു സാദ്ധ്യതയാണ്. പരിമിതമായ സാധനങ്ങളിലും, സുഖമായി ജീവിക്കാനും സന്തോഷം കണ്ടെത്താനുമുള്ള ഒരു വിദ്യാഭ്യാസമാണ് എന്റെ സ്വപ്നം - നിലനില്പിന്റെ ആവശ്യം.
പക്ഷെ ഇതൊക്കെ, മധുസൂദനൻ നായർ നാറാണത്തെ നിസ്വനെ കൊണ്ട് പറയിക്കും പോലെ:
നേര് നേരുന്ന കാന്തൻറെ സ്വപ്നം!
P.S. As I was making these notes, happened to attend the science (Environment Science) class of I graders in a CBSE school. The teacher was holding a lesson on 'water', continuing from the lesson on 'air'. In the process of describing water and its importance in our lives, she was making an effort to ensure that the children realise the importance of conservation and not wasting water. This appears salutary. What next step in that direction should happen in grade II is to be made clear. The teaching indicated that there is indeed great hope and scope in school education for promoting sustainable life-styles and discarding an exploitative way of life.
Minimalism on the Cyber Space - Interestingly, a new area emerges I shared this for comments (readability and relevance) to a few, with the note, will be happy for comments. Most of them understood it as a request for getting 'comments on the comment space of the blog'. Now, it is true, when you get a comment, you feel good, especially, when it is positive. But that can easily become another craving...which is another dimension of 'not-enough' or 'want-more' syndrome. I was expecting people to send me a feed back for improvement. But on account of that request, some did feel like making some comments on this space.
Sustainable Homes: https://www.manoramaonline.com/homestyle/first-shot/2022/06/15/sustainable-home-no-electricity-bill-eco-friendly-living-model.html
Very good blog
ReplyDeleteMinimalism is really appreciable and recommendable. But situations compell us to accumulate things unnecessarily.
ReplyDeleteതീർത്തും പ്രചരണം ആവശ്യപ്പെടുന്ന ചിന്ത, ഏറ്റവും പ്രാധാന്യം നൽകേണ്ടുന്ന രീതിക്രമം... ദർശനത്തിന്റെ.... അടിത്തറ കെട്ടുന്നതിനു സ്വന്തം ജീവിതത്തിലേക്ക് നോക്കി, അവന്റെ തന്നെ അപരനെ വിശകലനത്തിനു ഇരയാക്കി സൃഷ്ടിച്ച പുതിയ ഇടം ഗംഭീരം ആയി..താങ്കൾ വ്യവഹരിക്കുന്ന പരിസരങ്ങളിൽ ഇത്തരം ചിന്ത സംവദിക്കപെടുമ്പോൾ ഉണ്ടാക്കപ്പെടുന്ന പുതിയ ഇടങ്ങളിൽ മിതത്വത്തിന്റെ ദർശനം തിരിച്ചറിയപ്പെടട്ടെ
ReplyDeleteVery good work. Entirely agree with you as an individual. But as a member of the society it will be a tall order to conform to the ideas. But they are worth pondering and to put into practice to the extent possible.
ReplyDeleteAmazing writing. Thank you for sharing your thoughts on minimalism and some of your experiences and expectations. This has to become a loud discussion, especially among school and college students.
ReplyDeleteDear father. Direct communication. For the last 4000 years many great souls helped the humanity to stay on course. It's a difficult task. But I'm sure you will continue to inspire all around you by walking your talk.
ReplyDeleteInspired by your thought, father!! മിനിലിസത്തിൽ നിന്നും എസ്സെൻഷിയലിസത്തിലേക്ക് ഒരു യാത്ര സാധ്യമോ?
ReplyDeletewhy not? it's all choices, no?
Delete