ഉലകംതറ മാഷ്!
തേവരയ്ക്ക് മറക്കാനാവാത്ത ഒരു സാന്നിധ്യമായി. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇവിടെ അദ്ധ്യാപകൻ ആയി. കൊച്ചി പട്ടണത്തിലെ ഈ പ്രദേശത്തെ ഭൂമിശാസ്ത്രത്തിൽ മാത്രമല്ല, ആയിരക്കണക്കിന് വിദ്യാർത്ഥി ഹൃദയങ്ങളിലും, അനുവാചകരിലും അദ്ദേഹത്തിൻറെ യശസ്സ് അനശ്വരമായിരിക്കുന്നു.
മാതാവിൻറെ വണക്കമാസ പുസ്തകത്തിലെ പാട്ടുകളിൽ ഒന്നോ രണ്ടോ എണ്ണത്തിൻറെ കർത്താവായിട്ടാണ് ഞാൻ ഉലകംതറ മാഷെ ആദ്യമായി അറിയുന്നത്. ഞാൻ സെൻറ് തോമസ് ഗേൾസ് ഹൈസ്‌കൂളിൽ ഒരു ചെറിയ 'ബോയ്' ആയി പഠിച്ചിരുന്ന കാലത്ത്, ഞങ്ങൾക്കൊക്കെ സമാദരണീയനായ ഗ്രെഷ്യൻ അച്ചൻ നയിക്കുന്ന ബിജ്‌നോർ മിഷന് സാമ്പത്തിക സഹായാർത്ഥം സ്‌കൂൾ വിദ്യാർത്ഥികളുടെ ഒരു കലാ സായാഹ്‌നം തേവര കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുകയുണ്ടായി. അതിലെ മുഖ്യ ഇനം, മാഷിൻറെ ക്രിസ്തുഗാഥയുടെ ചുവട് പിടിച്ച് നടത്തിയ 'ബാലെ' ആയിരുന്നു. സ്നാപകയോഹന്നാൻറെ ശ്രോതാക്കളിൽ ഒരാളായി ഈ ഞാനും അവിടുണ്ടായിരുന്നു എന്ന് ഓർക്കുന്നു. പക്ഷെ, ഈ ഉദ്ദേശ്യവും ക്രിസ്തുഗാഥയുടെ ആധാരവും, അവിടെ മുതിർന്ന വിദ്യാർഥിനിയായി ഇതിൽ പങ്കാളിയായിരുന്ന എന്റെ സഹോദരി പറഞ്ഞാണ് മനസ്സിലാക്കിയത്. കോളേജിലെ പല അദ്ധ്യാപകരെയും സ്‌കൂളിൽ അതിഥിയായി വിളിച്ചുവെങ്കിലും, ഞങ്ങൾ പഠിച്ച കാലത്ത്, മാത്യു സാറിനെ കേൾക്കാൻ ഇട വന്നില്ല.
പിന്നീട്, അദ്ദേഹം പഠിപ്പിച്ച കലാലയത്തിന് നേതൃത്വം നൽകാൻ, അദ്ദേഹത്തിന് ആരോഗ്യം ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ ഇവിടെ സ്വീകരിക്കുവാൻ, തിരുഹൃദയകലാലയം പൂർവ്വ അദ്ധ്യാപകരെ പൊതുവേദിയിൽ അനുസ്മരിച്ച് ആദരിക്കുവാൻ തുടങ്ങിയ കാലത്ത് അതിൽ ആദ്യത്തെ ആളായി ബഹുമാനിക്കുവാൻ, "ഈ ചെറുപ്പക്കാരായ മാനേജരും പ്രിൻസിപ്പലും ഒക്കെ നർമ്മബോധത്തോടെ സംസാരിക്കുന്നു" എന്ന ഒരു ഗുരുകൃപ കേൾക്കുവാൻ, ഒന്നിലേറെ തവണ അദ്ദേഹത്തിന്റെ ഭവനത്തിൽ അദ്ദേഹത്തെ സന്ദർശിക്കുവാനും, നർമ്മോക്തി നിറഞ്ഞ അദ്ദേഹത്തിൻറെ സംസാരം ആവോളം കേൾക്കുവാനും, കേരള സഭാ താരമായി അംഗീകരിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ നേരിൽകണ്ട് SHൻറെ അനുമോദനം അറിയിക്കുവാനും, അദ്ദേഹം താല്പര്യപൂർവം ഒട്ടൊരു ആമുഖത്തോടെ തന്ന ക്രിസ്തുഗാഥ എന്ന മഹാകാവ്യം സ്വീകരിക്കുവാനും എനിക്ക് ഭാഗ്യമുണ്ടായി. വായിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം വിടവാങ്ങിയ ശേഷവും, അദ്ദേഹത്തിൻറെ രചനകൾ ജനങ്ങൾക്ക് എത്തിക്കുന്നു എന്നതിലും വലിയ സന്തോഷം.
അദ്ദേഹത്തിൻറെ വിടവാങ്ങലിൽ പങ്കെടുക്കുവാൻ ആകാതെ പോയതും, ഇതര വിഷയങ്ങൾ പഠിച്ചിരുന്ന വിദ്യാർത്ഥികളും, പുറത്തുനിന്നുള്ള വിദ്യാര്തഥികൾ പോലും വന്ന കേട്ടിരുന്ന അദ്ദേഹത്തിന്റെ മലയാള പാഠങ്ങൾ ഒരു തേവരക്കാരനായിരുന്നിട്ടും കേൾക്കാനാകാതെ പോയതും എൻറെ ദൗർഭാഗ്യമായി ഞാൻ കണക്കാക്കുന്നു.
ഈ സംരംഭം ഒരു ജ്ഞാനിയും സരസനും ആയ ഗുരുവിനുള്ള ഉചിതമായ അനുസ്മരണമാണ്. നല്ല തുടക്കം. ഈ മുൻകൈക്ക് നന്ദി. അഭിനന്ദനങ്ങൾ! നി ലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു.
നിത്യ സന്തോഷത്തിൽ അദ്ദേഹം രസിക്കട്ടെ! പൂജ്യ സ്മരണയ്ക്ക് മുന്നിൽ പ്രണാമം! നമസ്കാരം!
No comments:
Post a Comment