രാജഗിരിയുടെ ബേബി(ചേട്ടൻ)മാർ
ബേബി ചേട്ടനെ കൊച്ചിക്കാർ CMIക്കാർ ആരാണ് അറിയാത്തത് ? എല്ലാരും തന്നെ അറിയും. വിശാലമായ 26 ഏക്കറിൽ ഒരു നിഴലായി നീങ്ങുന്ന - ഏറെ ജീവികൾക്ക് താങ്ങും, മറ്റേതാനും ജീവികൾക്ക് തേങ്ങലും ഏകി - വലിയ ബഹളമില്ലാതെ നിറഞ്ഞാടുന്ന നിഴൽ.രണ്ടു നൂറ്റാണ്ടുകളിലെ അനേക ദശാബ്ദങ്ങൾ നീണ്ട നിശ്ശബ്ദ സേവനത്തിന്റെ കണ്ണികളിൽ അവസാനത്തതായിരിക്കും ബേബി ചേട്ടൻ - അപ്രകാരമുള്ള മറ്റു രാജഗിരി മനുഷ്യർ (Rajagiri Men) എൻറെ പരിമിതമായ ഗണനയിൽ, വടക്കു ഭാഗത്തായി driver ജോസ് ചേട്ടനും, മർമ്മാണി മൂത്ത് സർവാണിയായ മരക്കാറും, തെക്കു വശത്ത് സ്വല്പം കൂടെ ഒച്ചയോടു കൂടി സേവിയർ സാറും, പൗലോസ് ചേട്ടനും. ജോസ് ചേട്ടനും, മരക്കാറും കാലയവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു.
അപൂർവ്വമായിത്തീർന്ന കളമശ്ശേരി സന്ദര്ശനങ്ങളിൽ ഒന്ന് കയറി ഇറങ്ങുന്ന വീടായിരുന്നു ജോസ് ചേട്ടൻറ്റേത് - അവിടെ നിന്ന് തന്നെ അന്വേഷിക്കാമായിരുന്ന ബേബി ചേട്ടൻറെ വീടും. ബേബി ചേട്ടൻ കാമ്പസിൽ തുടർന്നിരുന്നതു കൊണ്ട് അവിടെ അന്വേഷിക്കേണ്ട കാര്യം ഇല്ലായിരുന്നു. ഈ 75 വയസ്സിലെ 65 വർഷവും ബേബി ചേട്ടൻ കളമശ്ശേരി രാജഗിരി ആശ്രമത്തിൻറെ സേവനത്തിൽ ആയിരുന്നു. ഒരു അത്യപൂർവ്വമായ സേവനചരിത്രം. ആശ്രമത്തിൻറെ ആശ്രിതൻ ബേബിച്ചേട്ടനോ, അതോ ബേബിച്ചേട്ടൻറെ ആശ്രിതർ ആശ്രമവും അതിനോട് ബന്ധപ്പെട്ട എല്ലാവരുമോ എന്ന് സംശയം. നിഴലത്തുള്ള മറ്റൊരു മുഖമായിരുന്നു മരക്കാർ. ആശ്രമം തന്നെ തുടങ്ങുന്നതിന് മുൻപ് ആ വളപ്പിൽ വന്നു ചേർന്നവരാണവർ ഇരുവരും.
ബേബിച്ചേട്ടൻറെ വിരുത് ഇത്ര പ്രായമായിട്ടും ബേബിയായി ഇരിക്കുന്നു എന്നത് തന്നെ. ഒരു ബേബിയായി ഇവിടെയെത്തി - 57 വർഷങ്ങൾക്ക് ശേഷവും പേരിൽ മാത്രമല്ല, പെരുമാറ്റത്തിലും - ഒരു ശിശുസഹജമായ നിഷ്കപടമായ - പടം ആവശ്യമില്ലാത്ത ഇടപെടലുകൾ.
ഈ 57ൻറെ കണക്ക് എങ്ങിനെയാണ് എന്നറിയില്ല. ബേബിച്ചേട്ടൻറെ ഭാഷ്യം അനുസരിച്ച് 10 വയസ്സിൽ അപ്പൻറെ കൂടെ എത്തിയതാണ്. അപ്പൻ ഉതുപ്പ് ചേട്ടൻ ചുണങ്ങുവേലിയിലെ തേവര ആശ്രമം വക റബ്ബർ തോട്ടത്തിൻറെ നടത്തിപ്പുകാരൻ ആയിരുന്നു. അരീക്കുഴ പാലക്കീഴിൽ വീട്ടിൽ നിന്ന് അപ്പൻറെ കൂടെ ഇറങ്ങുമ്പോൾ അക്ഷരജ്ഞാനം പോലുമില്ല. സ്‌കൂളിൽ പോയിട്ടില്ല. അക്ഷര കാര്യം അവ്വിധം തന്നെയെങ്കിലും, മറ്റ് നിരവധി കാര്യങ്ങൾ കണ്ടും കേട്ടും നേടിയിരിക്കുന്നു. 4 മാസക്കാലം തേവരയിൽ സഹായിയായിക്കഴിഞ്ഞപ്പോൾ, സാലസ് അച്ചൻ പറഞ്ഞു: കളമശ്ശേരിയിൽ സ്ഥലം വാങ്ങിയിട്ടുണ്ട്. നീ അങ്ങോട്ട് വാ. അച്ചൻറെ പ്രസിദ്ധമായ അമേരിക്കൻ (?) ഫിയറ്റ് കാറിൽ തന്നെ കളമശ്ശേരിയിൽ എത്തി. ഇന്നത്തെ രാജഗിരിക്കാർക്ക് ചിന്തിക്കാൻ ആവാത്ത സ്ഥലം. കാട് തന്നെ. S.P. ലൂയിസിൻറെ (ലൂയിസ് സായ്‌വ്) കയ്യിൽനിന്നും ഏകദേശം 60 ക. ഒരു സെന്റിന് കൊടുത്താണ് ഈ ഭൂമി കൈവശമാക്കിയത് അത്രേ! ഈ ഇരുപതോളം ഏക്കറിൽ 22 കുടികിടപ്പുകാർ ഉണ്ടായിരുന്നു. പറമ്പു തരാം - കുടി ഒഴിപ്പിക്കൽ അച്ചന്മാരുടെ കാര്യം എന്നായിരുന്നത്രെ സായ്‌വിൻറെ വയ്പ്പ്. പല മാർഗ്ഗങ്ങൾ അവലംബിച്ച്, വിവിധ ജാതി മതസ്ഥരായ എല്ലാവരെയും പറമ്പിൽ നിന്നും ഒഴിപ്പിച്ചു. ഏകദേശം അഞ്ച് ഏക്കർ കൈവശം വച്ചിരുന്ന ഒരു ക്രൈസ്‌തവ കുടുംബത്തെ ഒഴിപ്പിക്കൽ ആയിരുന്നു ഏറ്റം ശ്രമകരം. പലവിധ സഹായങ്ങൾ ചെയ്തും മറ്റുമാണ് അവരെയൊക്കെ ഒഴിപ്പിച്ചത്.
പിന്നെ തെളിക്കലായിരുന്നു അടുത്ത ഘട്ടം - കയറിച്ചെല്ലാൻ ഒരു വഴിപോലും ഇല്ല. കാട്ടിനുള്ളിലെ ഒരു ഒറ്റയടി പാത മാത്രം. കുറുക്കൻ, പാമ്പുകൾ - യഥേഷ്ടം. ഒറ്റപ്പെട്ട ചില പ്രതിഷ്ഠകളും ഉണ്ട്. വന്മരങ്ങളും, പ്ലാവും ഒക്കെയുണ്ട്. അവയൊക്കെ തെളിക്കണം.
വന്ന് അധിക നാൾ കഴിയുന്നതിനു മുൻപേ തന്നെ തുടങ്ങിയതാണ് പന്നി വളർത്തൽ - തേവര നിന്നും അഞ്ചെട്ട് കുഞ്ഞുങ്ങളെ കൊണ്ടുവന്ന് തുടങ്ങിയ ഭക്ഷ്യോത്പാദന യജ്ഞം ഇടക്കൊരു ഘട്ടം ഒഴിച്ച് ഇന്ന് വരെ തുടരുന്നു. ആശ്രമം വളപ്പിലെ മൃഗങ്ങൾ, മരങ്ങൾ - അവയായിരുന്നു ബേബി ചേട്ടൻറെ മുഖ്യ പ്രവർത്തന മേഖല. നടാനും, നന്നാക്കാനും, പോറ്റാനും, പൊതിക്കാനും, അറക്കാനും, മുറിക്കാനും, കയറാനും, ഇറങ്ങാനും, വെട്ടാനും, കെട്ടാനും എല്ലാം ബേബി ചേട്ടൻ - കയ്യും, കാലും ആയുധമാക്കിയും, ആധുനികവും പാരമ്പരാഗതവുമായ ആയുധങ്ങൾ - യന്ത്രങ്ങൾ ഉപയോഗിച്ചും തന്ത്രങ്ങൾ പയറ്റിയും - 6 ദശകങ്ങളുടെ സേവനം.
എൻറെ അപൂർവ്വ സന്ദർശനങ്ങളിലെ ചവിട്ടു സൈക്കിൾ ചുറ്റലിൽ ആണ് ഞാൻ ബേബിച്ചേട്ടൻറെ വീടിന് മുൻപിൽ നിർത്തിയത്. വഴിയോട് ചേർന്ന് നിൽക്കുന്ന വീട്. ഏകദേശം 10 വർഷം മുൻപ് (2014?) ഒന്ന് മെച്ചപ്പെടുത്തി. ആശ്രമം സഹായിച്ചു എന്ന് വേണം നിനക്കാൻ. പക്ഷെ, പണ്ട് കൊവേന്ത കൊടുത്ത ഈ സ്ഥലം ഇന്ന് PWD റോഡ് പുറമ്പോക്ക് ആയി തിട്ടപ്പെടുത്തിയിരിക്കുന്നത് ഒരു ആകുലത തന്നെ. കലക്ടറേറ്റ് വരെയൊക്കെ പിടിച്ച് നോക്കിയെങ്കിലും വഴങ്ങുന്നില്ല - ഒരു ഒഴിപ്പിക്കൽ ഭീഷണി നിലനിൽക്കുന്നു.
ബേബിച്ചേട്ടൻ എത്തിയിട്ടില്ല. അഞ്ച് മണിയായി. ഒരു 15 മിനിറ്റിൽ എത്തും എന്ന് ചേച്ചി. കയറി ഇരിക്കാൻ എന്നെ നിർബന്ധിക്കുന്നു. ഒട്ടൊന്നാലോചിച്ചിട്ട്, ഞാൻ കയറി ഇരുന്നു. ചേച്ചി അകത്തുപോയി gas അണച്ചു. പയർ വേകിക്കയാണ്. നോട്ടം വേണം. പിന്നെയാകാം. ചെറിയ പരാതി - അച്ചൻ ഒരിക്കലും അകത്ത് കയറിയിട്ടില്ല - 2003ൽ ഇത് പോലോരിക്കൽ വന്നു. ഞാൻ ജനലക്കൽ നിന്ന് കയറി വന്നിരിക്കാൻ പറഞ്ഞു. അച്ചൻ ഇരുന്നില്ല. അന്ന് ആലുവയിൽ വച്ച് വണ്ടി മുട്ടി വലതുകാൽ മൊത്തവും, വലതു കയ്യും ഒടിഞ്ഞ് ഇരിപ്പാണ്. ബേബി ചേട്ടനും അപകടം പറ്റി - മുഖം ഇടിച്ച് - എന്നാൽ കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായില്ല. എനിക്ക് ജാള്യത - നമ്മുടെ കൂടെ നമുക്ക് വേണ്ടി, പണിയെടുക്കുന്ന ഒരാൾക്ക് ഇത്ര വലിയ ആപത്ത് പറ്റിയിട്ട് പരിസരത്ത് താമസിച്ചിട്ടും നമ്മൾ അറിയുന്നു പോലുമില്ല. ഇത്രയും ഭീകരമായ അപകടത്തിൻറെ കാര്യമായ വാങ്ങൽ സംസാരത്തിലോ ചലനത്തിലോ കാണുന്നില്ല. ദൈവത്തിന് സ്തുതി!
സഹോദരങ്ങൾ: ബേബിച്ചേട്ടന്റെ നേരെ ഇളയ സഹോദരിയുണ്ട്. വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നു. ഒരു മകൾ സന്യാസിനിയാണ്. നേരെ ഇളയ സഹോദരൻ മാത്യു കളമശ്ശേരിയിൽ ഏതാനും വര്ഷം ബോർഡിങ്ങിൽ സേവനം ചെയ്തിട്ട്, തേവര സേക്രഡ് ഹാർട്ട് കോളേജിൽ ജോലി ലഭിച്ച്, അവിടെ നിന്നും വിരമിച്ച് സ്വസ്ഥജീവിതം നയിക്കുന്നു. ഞങ്ങൾ സഹപ്രവർത്തകരായിരുന്നു ഏകദേശം ഒരു ദശാബ്ദക്കാലം. മാത്യുവിന്റെ മകൻ മികച്ച നർത്തകൻ കൂടെയായ ബോണി തന്റെ പൂർവ്വകലാലയത്തിൽ കൊമേഴ്‌സ് അദ്ധ്യാപകനാണ്. ഏറ്റവും ഇളയ മറ്റൊരു അനുജൻ അരിക്കുഴയിൽ തന്നെ. അയാളുടെ ഒരു മകൻ വൈദിക വിദ്യാർത്ഥിയാണ്. മറ്റൊരു മകൾ സന്ന്യാ സിനിയും.
കഴിഞ്ഞ എൻറെ കളമശ്ശേരി ജീവിതത്തിൽ ബേബിച്ചേട്ടൻ മിക്കവാറും ഒരു കുശലം, ഒരു ചിരിയിൽ ഒതുങ്ങിയ സമ്പർക്കമാണെങ്കിലും - അതിലും വലിയൊരു ആത്മ ബന്ധം ഉള്ളതായി തോന്നുന്നു. പരാതികൾ കേട്ടിട്ടില്ല - ബേബിച്ചേട്ടനിൽനിന്നും, ബേബി ചേട്ടനെക്കുറിച്ചും. കളമശ്ശേരിയുടെ ഈ കുന്നിനെ രാജഗിരിയാക്കി മാറ്റുന്നതിൽ നിശ്ശബ്ദ സേവനം കാഴ്ചവച്ച ബേബി ചേട്ടനെയും, അത്ര തന്നെ വർഷങ്ങളുടെ റെക്കോർഡ് ഒഴിച്ച് മറ്റെല്ലാ രീതിയിലും സേവനം ചെയ്ത് കടന്നു പോയ മരക്കാറിനെയും സ്നേഹത്തോടെ ഓർക്കുന്നു. 75 വയസ്സിൽ ബേബി ചേട്ടൻ പഴയതിലും മിടുക്കനായി കാണപ്പെടുന്നു. പ്രായാധിക്യമൊന്നും മനസ്സിലോ, മുഖത്തോ, എടുപ്പിലോ ഇല്ല. ഔദ്യോഗികമായി സേവന നിവൃത്തിയായി - പക്ഷെ സേവന കഥ തുടരുകയാണ് - ad multos annos! പശ്യേമ ശരദശതം!!
ബേബി ചേട്ടൻറെ രണ്ടാമത്തെ മകൾ നിർമ്മല രാജഗിരി അയൽവാസിയാണ്. രണ്ട് മക്കളും രാജഗിരിയിൽ പഠിച്ച് എൻജിനീയറും ഡോക്റ്ററും ആയി സേവനം ചെയ്യുന്നു. ഭർത്താവ് തോമസ്, എന്നും ആശ്രമദേവാലയത്തോട് ഒട്ടി നിന്ന വ്യക്തി - അർബുദത്തെ വിശ്വാസ സ്ഥൈര്യത്തോടെ നേരിട്ട് അതിന് കീഴടങ്ങി. നിർമ്മല public sector കമ്പനിയിലെ എൻജിനീയർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച് മക്കളോടൊത്ത് താമസിക്കുന്നു.
Great
ReplyDelete